‘ഒരു നേരത്തെ ആഹാരം’ -മലബാർ അടുക്കള പദ്ധതി ആരംഭിച്ചു
text_fieldsമലബാർ അടുക്കള ‘ഒരു നേരത്തെ ആഹാരം’ പദ്ധതിയിൽനിന്ന്
മനാമ: ഒരു നേരത്തെ ആഹാരം പോലും ലഭിക്കാതെ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമായി മലബാർ അടുക്കളയുടെ ‘ഒരു നേരത്തെ ആഹാരം’ പദ്ധതി ആരംഭിച്ചു. “ഭൂമിയിലെ ആരും വിശപ്പോടെ ഉറങ്ങരുത്” എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് കേരളത്തിലുടനീളവും, ഡൽഹി ഉൾപ്പെടെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും, ജി.സി.സി രാജ്യങ്ങളിലും ഉള്ള വിവിധ ചാപ്റ്ററുകളുടെ നേതൃത്വത്തിൽ പദ്ധതി നടപ്പാക്കുന്നത്. ഓരോ ചാപ്റ്ററിന്റെയും നേതൃത്വത്തിൽ നൂറുകണക്കിന് ഭക്ഷണകിറ്റുകൾ തയാറാക്കി പാവപ്പെട്ടവരെ കണ്ടെത്തി നേരിട്ടെത്തിയാണ് വിതരണം നടത്തുന്നത്. പെയിൻ ആൻഡ് പാലിയേറ്റിവ് കേന്ദ്രങ്ങൾ, മാനസികാരോഗ്യ സ്ഥാപനങ്ങൾ, വൃദ്ധസദനങ്ങൾ, സർക്കാർ ആശുപത്രികൾ, തെരുവോരങ്ങൾ, ചിൽഡ്രൻസ് ഹോമുകൾ തുടങ്ങിയ ആവശ്യകത കൂടുതലുള്ള മേഖലകളിലാണ് പ്രധാനമായും ഭക്ഷണം എത്തിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി ബഹ്റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ദാർ അൽ ഷിഫ മെഡിക്കൽ സെന്റർ, എം.എം.എസ്.ഇ ഫ്രൂട്സ് ആൻഡ് വെജിറ്റബിൾസ് എന്നിവയുടെ സഹകരണത്തോടെ ലേബർ ക്യാമ്പുകളിൽ തൊഴിലാളികൾക്ക് പ്രഭാത ഭക്ഷണം വിതരണം ചെയ്തു. പട്ടിണിക്കെതിരായ മനുഷ്യസ്നേഹത്തിന്റെയും കരുണയുടെയും സാമൂഹിക ഉത്തരവാദിത്വത്തിന്റെയും ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്ന് മലബാർ അടുക്കള ചെയർമാൻ മുഹമ്മദലി ചക്കോത്ത് അറിയിച്ചു.
മുൻകാലങ്ങളിലും സമാനമായ സേവന പ്രവർത്തനങ്ങൾ മലബാർ അടുക്കള നടത്തിയിട്ടുണ്ടെന്നും അതിന്റെ തുടർച്ചയായാണ് ഈ പദ്ധതി എന്നും അദ്ദേഹം പറഞ്ഞു. വെള്ളി, ശനി ദിവസങ്ങളിൽ ആണ് ഭക്ഷണ വിതരണം നടന്നത്. മലബാർ അടുക്കള ബഹ്റൈൻ ചാപ്റ്റർ അംഗങ്ങളായ സുബിനാസ്, സുമ ദിനേശ്, ഷമ്രു മഷൂദ്, അഞ്ജലി അഭിലാഷ്, മുബീൻ, മുഹ്സിൻ, റിസ്വാൻ ജിഷി, ഷൈജാസ്, ദിനേശ്, അഭിലാഷ്, അർജുൻ, അശ്വിൻ, അലി മുഹമ്മദ്, അബ്ദുൽ ഗഫൂർ, മഷൂദ്, റഷീദ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

