മുഹറഖ് ഗവർണറേറ്റിൽ ഒരു ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കും
text_fieldsമനാമ: മുഹറഖ് ഗവർണറേറ്റിൽ നഗരവികസന പദ്ധതിയുടെ ഭാഗമായി 100,000 മരങ്ങൾ നട്ടുപിടിപ്പിക്കുന്നു. 12,000 ചതുരശ്ര മീറ്ററിൽ 72 പുതിയ പൂന്തോട്ടങ്ങളും ഹരിത ഇടങ്ങളും ഇതിന്റെ ഭാഗമായി നിർമിക്കും. മുഹറഖിന്റെ സാംസ്കാരിക, വാസ്തുവിദ്യാ തനിമ സംരക്ഷിച്ചുകൊണ്ട് നഗരത്തെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായാണ് പ്രഖ്യാപനം.
മുനിസിപ്പാലിറ്റീസ് അഫയേഴ്സ് ആൻഡ് അഗ്രികൾച്ചർ മന്ത്രി വഈൽ അൽ മുബാറക്കാണ് ഇക്കാര്യം അറിയിച്ചത്. ബഹ്റൈനിന്റെ ചരിത്രപരമായ സാംസ്കാരിക പൈതൃകം സംരക്ഷിക്കാനുള്ള ഹമദ് രാജാവിന്റെ ഉത്തരവ്, അതുപോലെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശങ്ങൾ എന്നിവയുടെ ചുവടുപിടിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
പുതിയ പദ്ധതിയിൽ സാംസ്കാരിക, സാമൂഹിക, പരിസ്ഥിതി, നഗരപരമായ എല്ലാ വശങ്ങൾക്കും ഒരുപോലെ ഊന്നൽ നൽകിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നിർമ്മിച്ച ഇസാ അൽ കബീർ കൊട്ടാരം പുനരുദ്ധരിക്കുന്നതാണ് ഈ പദ്ധതിയുടെ പ്രധാന ഭാഗം. ഭരണകുടുംബത്തിന്റെ ആസ്ഥാനവും സർക്കാർ കാര്യാലയവുമായിരുന്നു ഈ കൊട്ടാരം. ബഹ്റൈന്റെ രാഷ്ട്രീയ-സാംസ്കാരിക ജീവിതത്തിൽ നിർണായക പങ്ക് വഹിച്ച ഈ കൊട്ടാരത്തിന്റെ പുനരുദ്ധാരണം ഒരു സാംസ്കാരിക കടമയും ദേശീയ മുൻഗണനയുമായി കണക്കാക്കുന്നു.
നഗര ആസൂത്രണത്തിൽ സുസ്ഥിര വികസനം കൈവരിക്കുന്നതിൽ ബഹ്റൈൻ പ്രതിജ്ഞാബദ്ധമാണെന്നും, ഈ പദ്ധതി ബഹ്റൈൻ വിഷൻ 2030-ന്റെ തത്ത്വങ്ങളുമായി യോജിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. പുതിയ പദ്ധതിയുടെ ലക്ഷ്യം ചരിത്രപരമായ സ്ഥലങ്ങൾ പുനഃസ്ഥാപിക്കുക, പൊതുഇടങ്ങൾ മെച്ചപ്പെടുത്തുക, ബഹ്റൈനിലെ ഏറ്റവും പ്രധാനപ്പെട്ട സാംസ്കാരിക അടയാളങ്ങളിലൊന്നായി നഗരത്തിന്റെ പങ്ക് ശക്തിപ്പെടുത്തുക എന്നിവയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

