നാല് കരാറുകളിൽ ഒപ്പുവെച്ച് ഒമാനും സ്പെയിനും
text_fieldsസ്പെയിൻ സന്ദർശനത്തിനെത്തിയ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിനെ സ്പെയിൻ രാജാവ് ഫിലിപ്പ് ആറാമൻ,
രാജ്ഞി ലെറ്റീഷ്യ എന്നിവർ ചേർന്ന് സ്വീകരിക്കുന്നു
മസ്കത്ത്: ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ സ്പെയിൻ സന്ദർശനത്തിന്റെ ഭാഗമായി, ഇരുരാജ്യങ്ങളും നാല് പ്രധാന ധാരണപത്രങ്ങൾ ഒപ്പുവെച്ചു. ഹരിതോർജ വികസനം, ജലമാനേജ്മെന്റ്, ആരോഗ്യരംഗത്തെ സഹകരണം, നിക്ഷേപ പ്രോത്സാഹനം എന്നീ മേഖലകളിലാണ് കരാറുകൾ. ഹരിത മെത്തനോൾ, പ്രകൃതിവാതകം, ജലവിഭവ പരിപാലനം, ആരോഗ്യപരിരക്ഷ സംവിധാനങ്ങൾ തുടങ്ങിയ മേഖലകളിലെ ഇരു രാജ്യങ്ങളുടെയും സഹകരണത്തെ കൂടുതൽ ശക്തിപ്പെടുത്തുകയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് അധികൃതർ വ്യക്തമാക്കി. സാർസുവേല പാലസിലെ ഈ ചടങ്ങ് രണ്ട് രാജ്യങ്ങളുടെയും സൗഹൃദത്തിന്റെ ശക്തമായ തെളിവായും പരസ്പര വിശ്വാസത്തിന്റെയും സഹകരണത്തിന്റെയും പുതിയ പങ്കാളിത്തത്തിന്റെ പ്രതീകമായും വിലയിരുത്തുന്നു.
ചൊവ്വാഴ്ച രാവിലെ മഡ്രിഡിലുള്ള സ്പെയിൻ സെനറ്റ് സുൽത്താൻ ഹൈതം ബിൻ താരിഖ് സന്ദർശിച്ചിരുന്നു. രണ്ടു സഭാ നേതാക്കളും ഒമാനിലെ ഉന്നതതല പ്രതിനിധി സംഘാംഗങ്ങൾക്ക് ആശംസ നേർന്നു. ചടങ്ങിനിടെ സുൽത്താൻ സന്ദർശക പുസ്തകത്തിൽ ഒപ്പുവെച്ചു. സെനറ്റ് സന്ദർശനത്തിന്റെ ബഹുമാന സൂചകമായി, സുൽത്താന്റെ പേര് കൊത്തിവെച്ച രണ്ട് ഓർമപ്പതക്കങ്ങൾ സെനറ്റിന്റെയും കോൺഗ്രസിന്റെയും പ്രസിഡന്റുമാർ സുൽത്താന് സമ്മാനിച്ചു. തുടർന്ന് സെനറ്റിന്റെ മുഖ്യ ഹാളിലേക്ക് അകമ്പടിയോടെ കൊണ്ടുപോയി. സെനറ്റ് പ്രസിഡന്റ് നടത്തിയ സ്വാഗത പ്രസംഗത്തിൽ ഒമാനും സ്പെയിനും തമ്മിലുള്ള ദീർഘകാല സൗഹൃദബന്ധത്തെ പ്രശംസിച്ചു. തുടർന്ന് സുൽത്താൻ ഹൈതം ബിൻ താരിഖ് സഭയെ അഭിസംബോധന ചെയ്തു.
സ്പെയിൻ ജനതയോടുള്ള ബഹുമാനവും അവരുടെ സാംസ്കാരിക പൈതൃകത്തോടുള്ള ആദരവുമാണ് ഒമാനും സ്പെയിനും തമ്മിലുള്ള സൗഹൃദത്തിന്റെ അടിത്തറയെന്ന് അദ്ദേഹം പറഞ്ഞു. സ്പെയിനിൽ എത്തിയ നിമിഷം മുതൽ ജനങ്ങൾ കാഴ്ചവെച്ച ഹൃദയപൂർവമായ സ്വീകരണം ഈ രാജ്യത്തിന്റെ തുറന്ന മനസ്സിന്റെ പ്രതീകമാണ്. ശാസ്ത്രം, കല, പുരാവസ്തുശാസ്ത്രം തുടങ്ങിയ മേഖലകളിൽ സ്പെയിൻ കൈവരിച്ച മുന്നേറ്റങ്ങൾ ലോക സംസ്കാരങ്ങളുടെ ഇടപെടലിന്റെ ഉജ്ജ്വല ഉദാഹരണങ്ങളാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.
“ഈ സന്ദർശനം ഒമാനും സ്പെയിനും തമ്മിലുള്ള സൗഹൃദബന്ധം കൂടുതൽ ശക്തമാക്കുന്നതോടൊപ്പം, രാഷ്ട്രീയ, സാമ്പത്തിക, വാണിജ്യ, സാംസ്കാരിക മേഖലകളിൽ സഹകരണം വികസിപ്പിക്കാനുള്ള നമ്മുടെ പ്രതിബദ്ധതയെ വ്യക്തമാക്കുന്നതായും സുൽത്താൻ ഹൈതം വ്യക്തമാക്കി. രാജ്യങ്ങളുടെ നിയമനിർമാണസഭകൾ ദേശീയ വികസനത്തിന്റെ മുഖ്യകേന്ദ്രങ്ങളാണെന്നും ജനങ്ങൾക്കും ഭരണസ്ഥാപനങ്ങൾക്കും ഇടയിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ ഇവ വഹിക്കുന്ന പങ്ക് നിർണായകമാണെന്നും ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

