വ്യാപാര ബന്ധം ശക്തിപ്പെടുത്താൻ ഒമാനും സൗദിയും
text_fieldsമസ്കത്ത്: വ്യാപാര ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും സഹകരണത്തിന്റെ പുതിയ മേഖലകൾ പര്യവേക്ഷണം ചെയ്യാനും ഒമാനും സൗദി അറേബ്യയും തീരുമാനിച്ചു. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് ബിൻ മുഹമ്മദ് അൽ യൂസുഫും സൗദി വാണിജ്യ മന്ത്രിയും ആക്ടിങ് മീഡിയ മന്ത്രിയുമായ ഡോ. മജീദ് അബ്ദുല്ല അൽ ഖസാബിയും മസ്കത്തിൽ നടത്തിയ ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ബന്ധം ചരിത്രപരവും ദൃഢവുമാണ് എന്നതിൽ സംശയമില്ല. എന്നാൽ, സാമ്പത്തിക ബന്ധങ്ങൾ നേതാക്കളുടെയോ ജനങ്ങളുടെയോ അഭിലാഷങ്ങൾക്കനുസൃതമായി ഉയരുന്നില്ല. രണ്ടു സഹോദര രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരവും നിക്ഷേപവും വർധിപ്പിക്കുന്നതിനുള്ള ലക്ഷ്യങ്ങൾ നിശ്ചയിക്കുന്നതിൽ ഞങ്ങൾ പ്രവർത്തിക്കും. സൗദിക്ക് വിഷൻ 2030ഉം ഒമാൻ സുൽത്താനേറ്റിന് വിഷൻ 2040ഉം ഉണ്ട്.
നിക്ഷേപത്തിനും സഹകരണത്തിനും നിരവധി അവസരങ്ങളുണ്ടെന്നാണ് കരുതുന്നതെന്ന് അൽ ഖസാബി പറഞ്ഞു. യോഗത്തിൽ ഇ-കോമേഴ്സ് രംഗത്തെ സൗദി അറേബ്യയുടെ അനുഭവങ്ങൾ അവലോകനം ചെയ്തു. ഇ-കോമേഴ്സ് പ്രവർത്തനം നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങൾ, എണ്ണ ഇതര കയറ്റുമതിക്കും നിക്ഷേപങ്ങൾക്കും ലക്ഷ്യമിട്ടുള്ള വിപണികളിലേക്ക് പ്രവേശനം സാധ്യമാക്കുക, ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം നേരിടുന്ന തടസ്സങ്ങൾ പരിഹരിക്കുക തുടങ്ങിയ നിരവധി കാര്യങ്ങൾ ചർച്ച ചെയ്തു.
വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, ധനകാര്യ മന്ത്രി സുൽത്താൻ ബിൻ സലിം അൽ ഹബ്സി, വാർത്തവിതരണ മന്ത്രി ഡോ. അബ്ദുല്ല ബിൻ നാസർ അൽ ഹറാസി എന്നിവരുമായും അൽ ഖസാബി കൂടിക്കാഴ്ച നടത്തി. ത്രീഡി പ്രിന്റിങ്, ഡ്രോണുകൾ, വെർച്വൽ റിയാലിറ്റി, പരിശീലന ഹാളുകൾ, മൾട്ടി പർപസ് യൂനിറ്റുകൾ എന്നിവക്ക് വിപുലമായ ഹാളുകളുള്ള യൂത്ത് സെന്റർ അൽ ഖസാബിയും പ്രതിനിധികളും സന്ദർശിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

