നിയമം ലംഘിച്ച റിക്രൂട്ടിങ് ഏജൻസികളുടെ ഓഫിസുകൾ അടച്ചുപൂട്ടി -മന്ത്രി
text_fieldsമനാമ: നിയമം ലംഘിച്ച റിക്രൂട്ടിങ് ഏജൻസികളുടെ 11 ഓഫിസുകൾ കഴിഞ്ഞ വർഷം അടച്ചുപൂട്ടിയതായി തൊഴിൽ, സാമൂഹിക ക്ഷേമ കാര്യ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ വ്യക്തമാക്കി. എൽ.എം.ആർ.എ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. നിയമം ലംഘിച്ച ഏജൻസി ഓഫിസുകൾ അടച്ചുപൂട്ടുക മാത്രമല്ല, ഇരകളാക്കപ്പെട്ട കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുകയും ചെയ്തതായി അദ്ദേഹം അറിയിച്ചു.
ഗാർഹിക തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ സ്വമേധയ എടുക്കാനുള്ള തീരുമാനം തൊഴിലുടമകളുടെയും തൊഴിലാളികളുടെയും അവകാശങ്ങൾ ഒരുപോലെ സംരക്ഷിക്കുന്നതാണ്. പുതിയ സംവിധാനം നടപ്പാക്കിയ ശേഷം ഗുണപരമായ മാറ്റങ്ങൾ റിപ്പോർട്ട് ചെയ്തതായും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം എൽ.എം.ആർ.എ നടത്തിയ പ്രവർത്തന മികവിനെക്കുറിച്ച് ചീഫ് എക്സിക്യൂട്ടിവ് ജമാൽ അബ്ദുൽ അസീസ് അൽ അലവി വിശദീകരിച്ചു.
തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട മറ്റ് നിയമ നിർദേശങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ നടപ്പാക്കും. എൽ.എം.ആർ.എ വിവിധ സ്ഥലങ്ങളിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന തൊഴിൽ പരിശോധനകളുടെ പുരോഗതി യോഗം വിലയിരുത്തി. കഴിഞ്ഞ വർഷം നൂറിലധികം പരിശോധനകൾ വിവിധ സർക്കാർ അതോറിറ്റികളുമായി സഹകരിച്ച് നടപ്പാക്കിയതായി വിലയിരുത്തി. സ്ഥാപനങ്ങളിൽ സാധാരണ നടത്തുന്ന പരിശോധനകൾ 15,600 എണ്ണത്തിലേക്ക് ഉയർന്നിട്ടുണ്ട്. എൽ.എം.ആർ.എയുടെ ഭാവി പദ്ധതികളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും ചർച്ചകൾ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

