നഴ്സറികൾക്ക് നിയന്ത്രണം കടുപ്പിക്കുന്നു; ലൈസൻസില്ലെങ്കിൽ തടവും വൻതുക പിഴയും
text_fieldsമനാമ: ബഹ്റൈനിലെ നഴ്സറികളുടെ പ്രവർത്തനവും ലൈസൻസിങ്ങും സംബന്ധിച്ച നിയമങ്ങൾ കൂടുതൽ കർശനമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട പുതിയ നിയമഭേദഗതി അടുത്ത ചൊവ്വാഴ്ച പാർലമെന്റ് ചർച്ച ചെയ്യും. കരട് നിയമം രാജ്യത്തെ നഴ്സറികളുടെ നടത്തിപ്പിലും മേൽനോട്ടത്തിലും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിർദേശ പ്രകാരം നഴ്സറികളുടെ സ്ഥാനം മാറ്റുന്നതിനോ, മാനേജ്മെന്റിൽ മാറ്റം വരുത്തുന്നതിനോ, കെട്ടിടത്തിന്റെ സ്പെസിഫിക്കേഷനുകളിൽ മാറ്റം വരുത്തുന്നതിനോ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി വാങ്ങണം.
കൂടാതെ ലൈസൻസിങ് നിയമങ്ങൾ ലംഘിക്കുന്നവർക്ക് തടവ് ശിക്ഷയും 100 ദീനാർ മുതൽ 1,000 ദീനാർ വരെ പിഴയും ലഭിക്കാം. ലൈസൻസില്ലാതെ നഴ്സറി പ്രവർത്തിപ്പിക്കുകയോ, അനുമതിയില്ലാതെ മാറ്റങ്ങൾ വരുത്തുകയോ ചെയ്യുന്നവർക്ക് തടവോ അല്ലെങ്കിൽ 200 ബി.ഡി മുതൽ 1,000 ബി.ഡി വരെ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കും.നിലവിലുള്ള 2012-ലെ നിയമ പ്രകാരം ഒരു നഴ്സറി സ്ഥാപിക്കുന്നതിന് ലൈസൻസ് നിർബന്ധമാണെന്ന് വ്യക്തമായി പറയുന്നില്ല. കൂടാതെ, നിലവിലുള്ള നഴ്സറികളുടെ സ്ഥാനം മാറ്റുന്നതിനോ മറ്റോ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി വേണമെന്നും വ്യവസ്ഥയില്ല. ഈ പഴുതുകൾ അടക്കാനും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുമാണ് പുതിയ നിയമം ലക്ഷ്യമിടുന്നത്. സർക്കാറും വിദ്യാഭ്യാസ മന്ത്രാലയവും ഈ നീക്കത്തെ പൂർണമായി സ്വാഗതം ചെയ്തിട്ടുണ്ട്. ആധുനിക സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ നിയമങ്ങൾ പരിഷ്കരിക്കുന്നത് രാജ്യത്തെ വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം വർധിപ്പിക്കുമെന്നും കുട്ടികളുടെ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടുമെന്നും
സർക്കാർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

