ശ്രദ്ധേയമായി പ്രവാസി വെൽഫെയർ സൗഹൃദസംഗമം
text_fieldsപ്രവാസി വെൽഫെയർ മനാമ സോൺ സംഘടിപ്പിച്ച സൗഹൃദസംഗമത്തിൽ സി.എം. മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തുന്നു
മനാമ: ഭക്ഷണവും വസ്ത്രവുംപോലും കൊലക്ക് കാരണമായിത്തീരുന്ന വർത്തമാനകാലത്ത് സൗഹൃദവും സംവാദവുംകൊണ്ടാണ് പ്രതിരോധം തീർക്കേണ്ടതെന്ന് പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി.എം. മുഹമ്മദലി പറഞ്ഞു.
പ്രവാസി വെൽഫെയർ മനാമ സോൺ മനാമ കെ.സിറ്റിയിൽ സംഘടിപ്പിച്ച സൗഹൃദ സംഗമത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ബഹുസ്വരത നേരിടുന്ന വെല്ലുവിളിക്കെതിരെയുള്ള പ്രതിരോധം സൗഹൃദമാണ്. വ്യത്യസ്ത ആശയാദർശങ്ങൾ വെച്ചുപുലർത്തുന്നവർക്ക് സ്നേഹസംവാദത്തിന്റെ ലോകത്ത് മാത്രമേ പരസ്പരം സംവദിക്കാൻ കഴിയൂ. പ്രവാസി ലോകത്തെ സൗഹൃദങ്ങൾ രാജ്യത്ത് മാതൃകയാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ വലിയ പങ്കുവഹിക്കുകയും രാജ്യത്തിന് വൻതോതിൽ വിദേശനാണ്യ ശേഖരം നേടിത്തരുകയും ചെയ്യുന്ന പ്രവാസികളുടെ യാത്രനിരക്ക് വർധന വിഷയത്തിൽ ഇടപെടില്ലെന്ന കേന്ദ്രമന്ത്രി വി.കെ. സിങ്ങിന്റെ പ്രസ്താവന പ്രവാസികളോടുള്ള അവഗണനയുടെ ഏറ്റവും പുതിയ ഉദാഹരണമാണെന്ന് സൗഹൃദ സംഗമത്തിൽ അധ്യക്ഷത വഹിച്ച പ്രവാസി വെൽഫെയർ മനാമ സോണൽ ആക്ടിങ് പ്രസിഡന്‍റ് അൻസാർ തയ്യിൽ പറഞ്ഞു.
ഗൾഫ് നാടുകളിൽ സ്കൂൾ അവധിയായതിനാൽ പ്രവാസികൾ കുടുംബസമേതം നാട്ടിലേക്ക് യാത്രചെയ്യുന്ന സമയത്തുളള നിരക്ക് വർധന പ്രവാസികൾക്ക് താങ്ങാവുന്നതിലേറെയാണ്. നിരുത്തരവാദമായ പ്രസ്താവന പിൻവലിച്ച് വിമാന നിരക്ക് കുറക്കാനാവശ്യമായ സത്വര നടപടികൾ കൈക്കൊള്ളാൻ കേന്ദ്രസർക്കാർ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സിറാജ് പള്ളിക്കര കവിതാലാപനം നടത്തിയ സൗഹൃദസംഗമത്തിൽ പ്രവാസി വെൽഫെയർ മനാമ സോണൽ പ്രസിഡന്റ് നൗമൽ റഹ്മാൻ സ്വാഗതവും സജീബ് നന്ദിയും പറഞ്ഞു. വിനോദ് കുമാർ, അൻസാർ കൈതാണ്ടിയിൽ, പി.സി. തംജീദ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

