ഓർമ്മചെപ്പിലെ പൂവിളിയോർമ്മകൾ
text_fieldsഓണമെന്ന് കേൾക്കുമ്പോൾ തന്നെ ബാല്യകാലത്തെ മായാത്ത ഓർമ്മകളാണ് മനസ്സിൽ ആദ്യം ഓടിയെത്തുന്നത്.ചുറ്റും സന്തോഷത്തിന്റെയും കളിചിരികളുടെയും ധ്വനികൾ ഇന്നും ഒരു ചെറുകാറ്റായ് തഴുകി അകലുമ്പോൾ തിരിച്ചുകിട്ടാത്ത ബാല്യത്തിന്റെ നല്ല ഓർമ്മകളിൽ ജീവിക്കുന്നതും അനുഭവങ്ങളുടെ വെളിച്ചത്തിൽ ഓരോ ദിനങ്ങളെ മനസ്സ് മാടിവിളിക്കുന്നതുമാണ് ഇന്നത്തെ ഓണം.തൊടിയിലെ പൂക്കളിൽ തുമ്പികൾ എത്തുമ്പോൾ പറയാതെ എത്തുന്ന ചാറ്റൽമഴ അത് പൂവുകളെ പുളകം കൊള്ളിക്കുമ്പോൾ നാണത്താൽ ചിരിക്കുന്ന ഒരു പൂവിന്റെ സൗന്ദര്യം അവിടെ കാണാൻ സാധിക്കും.മഴത്തുള്ളികൾ മണ്ണിൽ പതിക്കും മുമ്പേ മന്ദം മന്ദമകലുന്ന തുമ്പിയെ മനസ്സിൽ കാണുമ്പോൾ പണ്ട് കണ്ടുമറഞ്ഞ തുമ്പി തുള്ളലിന്റെ ഓർമ്മകൾ മനസിന്റെ വാതിൽ പടിയിൽ ഇരുന്നു ചിരിക്കുന്നതുപോലെ ഒരു തോന്നൽ.
ജീവിതം പെട്ടന്ന് മാറുന്ന ഒരു അവസ്ഥയിലേക്ക് എത്തുന്ന മാസമാണ് ചിങ്ങം. കർക്കിടകത്തിന്റെ കാർമേഘങ്ങൾ മാറി ചിങ്ങത്തിന്റെ പൊൻവെയിൽ ചിരിതൂകി മുറ്റത്തേക്ക് എത്തുമ്പോൾ തന്നെ ഓണം വന്നു എന്ന് വീട്ടിലുള്ളവർ കലണ്ടറിൽ നോക്കി അല്ലെങ്കിൽ മുറ്റത്തുനിന്ന് പറയുമ്പോൾ ആ ഒരു സന്തോഷവും മനസിനുണ്ടാകുന്ന കുളിർമ്മയും പറഞ്ഞാലൊന്നും തീരില്ല.ഒരു സാധാരണ കുടുംബത്തിലെ ജനനം ഒരുപാട് ആഗ്രഹങ്ങൾക്ക് പിന്നാലെ പായൻ അനുവദിക്കാത്ത കാലം.എങ്കിലും അറിയാതെ എത്തുന്ന ഒരു പന്തിൽ പോലും ഏറെ സന്തോഷം തോന്നിയിരുന്ന കാലത്തെക്കുറിച്ച് ഇന്ന് ഓർക്കുമ്പോൾ പലതും ആ കൊച്ചു വീടിനുള്ളിൽ തുറന്നുപറയാൻ അനുവദിക്കാത്ത ജീവിതചുറ്റുപാടിന് ഇന്ന് ഒരുപാട് ഓർമ്മകൾ ബാക്കിയാണ്.
നിറമോ മോഡലോ അല്ലെങ്കിൽ ഇന്നത്തെപ്പോലെ ട്രെന്റോ ഒന്നുമല്ല അന്ന് കിട്ടുന്ന ഓണക്കോടി ഉടുക്കുന്നതിന്റെ നിർവൃതി പറഞ്ഞറിയിക്കാനാവില്ല.പുഴയിൽ മുങ്ങിക്കുളിച്ച് കൊച്ചുകണ്ണാടിയിൽ നോക്കി പോണ്ട്സ് അല്ലെങ്കിൽ കുട്ടിക്കുറായുടെ പൗഡറുമിട്ട് മുഖം നന്നായോ എന്ന് പിന്നെയും പിന്നെയും നോക്കി പുതിയ വസ്ത്രങ്ങൾ അണിഞ്ഞ് കൂട്ടുകാർക്കൊപ്പം അടുത്തുള്ള മുറ്റത്തെയോ അല്ലെങ്കിൽ ആരുടെയെങ്കിലും പറമ്പിലെ മാവിലോ പ്ലാവിലോ കെട്ടിയ ഊഞ്ഞാലിൽ ആടിയുല്ലസിക്കുക അല്ലെങ്കിൽ ഏതെങ്കിലും കളിയിൽ ഏർപ്പെടുക ആ കുട്ടിക്കാലം എന്നും പ്രിയപ്പെട്ടതാണ്.
ഒരുപാട് വിഭവങ്ങൾ ഒന്നുമില്ലെങ്കിലും ഓണസദ്യയാണ് മറ്റൊരോർമ്മയാണ്.കഴിഞ്ഞുപോയ ഒരു ഓണത്തിന് കുത്തരിച്ചോറിനെക്കാൾ കൂടുതൽ വിഭവങ്ങൾ അതായത് ഒഴിച്ചുകറികൾ ആയിരുന്നു കൂടുതൽ എത്ര കറികളെന്ന് നോക്കിയിരുന്നുപോയ ഒരു ഓണമായിരുന്നു .എന്നാൽ പണ്ടോ തൊടിയിൽ നിന്ന് വാഴയില വെട്ടി അതിൽ ചോറും സാമ്പാറും പപ്പടവും കാളനും ഓലനും പച്ചടിയും അച്ചാറും അവസാനം ഇലത്തുമ്പിൽ വിളമ്പുന്ന മധുരമൂറുന്ന പായസവും കൂട്ടി ഒരു ഗംഭീര സദ്യ കഴിക്കുമ്പോൾ വയറുമാത്രമല്ല, മനസ്സും നിറഞ്ഞിരുന്നു.അന്ന് സ്നേഹബന്ധങ്ങൾ ചുറ്റിനുമുണ്ട് ഇന്ന് പ്രവാസം ഏകാന്തതയുടെ മൂടൽ ഏറെ വ്യത്യാസം ഉള്ളതാണ്.സദ്യയ്ക്ക് ശേഷം നടക്കുന്ന ഓണക്കളികളും വടംവലിയും നാടിനെ,എന്റെ കൊച്ചുഗ്രാമത്തെ ഒരു ഉത്സവപ്പറമ്പാക്കി മാറ്റും.അവിടെ കൂടുന്ന നാട്ടുകാർ അവരുടെ മുഴക്കമുള്ള ആർപ്പോ വിളികൾ ഇന്നും കാതിൽ കേൾക്കാം.
ആധുനികതയുടെ കടന്നുവരവോടെ ആഘോഷങ്ങൾ അപ്പാർട്ട്‌മെന്റുകളിലേക്കും സോഷ്യൽ മീഡിയയിലേക്കും ചുരുങ്ങിയെങ്കിലും, പഴയകാല ഓണത്തിന്റെ മധുരമുള്ള ഓർമ്മകൾ എന്നും ഒരു കുളിർകാറ്റാണ്..ചിങ്ങമാസത്തിലെ തിരുവോണം മലയാളിക്ക് വെറുമൊരു ആഘോഷമല്ല, മറിച്ച് പ്രത്യാശയുടെയും ഒരുമയുടെയും സമൃദ്ധിയുടെയും പ്രതീകമാണ്. ലോകത്തിൻ്റെ ഏത് കോണിലാണെങ്കിലും ഓരോ മലയാളിയുടെ മനസ്സിൽ മായാതെ നിൽക്കുന്ന മനോഹരമായ ഓർമ്മയാണ് എന്നും ഓണം.ഒപ്പമുണ്ടായിരുന്നവരിൽ പലരും ഇന്ന് ലോകത്തിന്റെ പലഭാഗത്താണെങ്കിലും അവരെയൊക്കെ വിളിക്കുക.സന്ദേശങ്ങൾ കൈമാറുക,പഴയ ഓർമ്മകൾ പറയുക അതിൽക്കൂടെ ലഭിക്കുന്ന സന്തോഷവും സ്നേഹവും പങ്കുവെയ്ക്കുമ്പോൾ വീണ്ടും ഒരു തിരിച്ചുള്ള യാത്ര.ആ നാട്ടുവഴികളിൽക്കൂടെ തോളോടുതോൾചേർന്ന് നടന്നു നീങ്ങിയ നല്ല നിമിഷങ്ങൾ എത്ര വിലപ്പെട്ടതായിരുന്നു.
ഇന്ന് സാങ്കേതികവിദ്യ വളർന്നു, ആഘോഷങ്ങളുടെ രീതികൾ മാറി. റെഡിമെയ്ഡ് പൂക്കളങ്ങളും കാറ്ററിംഗ് സദ്യകളും ആഘോഷങ്ങളെ എളുപ്പമാക്കിയെങ്കിലും, ആ പഴയകാല കൂട്ടായ്മയും ആത്മാർത്ഥതയും ഇന്നത്തെ ഓണങ്ങളിൽ അപൂർവ്വമായിക്കൊണ്ടിരിക്കുന്നു.
ഇന്ന് പ്രവാസത്തിന്റെ ഓണമെന്ന ആഘോഷത്തിൽ പങ്കുചേരുമ്പോൾ മാഞ്ഞുപോകാതെ നിറം മങ്ങാത്ത ആ പഴയ കാഴ്ച്ചകൾ മനസ്സിൽ വിരുന്നെത്തുമെങ്കിലും നിശബ്ദമാണ്.ഇന്ന് ഒപ്പമുള്ളവരോട് ഒന്നിച്ചിരിക്കാനും,അവരുടെ നാട്ടിലെ ഓണത്തിന്റെ ഓർമ്മകൾ പറയുമ്പോൾ ഞാൻ കാണുന്നത് എന്റെ കൊച്ചു നാടാണ് അവിടെ അനുഭവിച്ച,ഞാൻ മനസിലാക്കിയ എന്റെ ഓണക്കാലമാണ്.ആരൊക്കെ പറഞ്ഞാലും അവസാനിക്കാത്ത ഓർമ്മകൾ സമ്മാനിച്ച നാടും വീടും ഇന്ന് ഒരുപാട് അകലെയിരുന്ന് ഞാൻ ഓർക്കുന്നതുപോലെ തിരിച്ച് എന്നെയും ഓർക്കുന്നുണ്ടാകും.എല്ലാവർക്കും നേരുന്നു ഓണാശംസകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

