വടക്കൻ ഗവർണറേറ്റ് വികസന പാതയിൽ; പദ്ധതി ആവിഷ്കരിച്ച് മുനിസിപ്പൽ കൗൺസിൽ
text_fieldsവടക്കൻ ഗവർണറേറ്റിലെ വികസന പദ്ധതികൾ ചിത്രകാരന്റെ ഭാവനയിൽ
മനാമ: വടക്കൻ ഗവർണറേറ്റിലെ വികസന പദ്ധതികൾ ആവിഷ്കരിച്ച് മുനിസിപ്പാലിറ്റി. ഫാർമേഴ്സ് മാർക്കറ്റ്, പാർക്കുകൾ, നടപ്പാത തുടങ്ങി നിരവധി വിനോദ ഇടങ്ങൾ ഒരുക്കാനുള്ള പദ്ധതികളാണ് മുന്നോട്ടുവെച്ചത്. ബുദയ്യയിലെ ആസ്ഥാനത്ത് നടന്ന നോർത്തേൺ മുനിസിപ്പൽ കൗൺസിലിന്റെ യോഗത്തിൽ മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയ പ്രോജക്ട് ഡയറക്ടർ മുഹമ്മദ് അലിയാണ് പദ്ധതികൾ അനാച്ഛാദനം ചെയ്തത്.
അടുത്ത വർഷത്തോടെ പദ്ധതികൾ നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് ഘട്ടങ്ങളിലായി നടപ്പാക്കുന്ന ബ്ലോക്ക് 1209ലെ ഹമദ് ടൗൺ നടപ്പാതയുടെ ആദ്യ ഘട്ടം പൂർത്തിയായിട്ടുണ്ട്. രണ്ടാം ഘട്ടത്തിൽ 855 മീറ്ററായി പാത വികസിപ്പിക്കൽ, ഹരിതാഭമായ അന്തരീക്ഷമൊരുക്കൽ, തണലുള്ള ഇരിപ്പിടങ്ങൾ, കുട്ടികളുടെ കളിസ്ഥലങ്ങൾ, സോളാർ വിളക്കുകൾ എന്നിവ നടപ്പാക്കും.
ഗ്ലാസ് ബൊട്ടാണിക്കൽ ഗാർഡൻ, ഫാർമേഴ്സ് മാർക്കറ്റ്, നടപ്പാത, ജോഗിങ് ട്രാക്ക്, ആംഫി തിയറ്റർ, കിയോസ്ക്കുകൾ എന്നിവ ഹമദ് ടൗണിലെ ബ്ലോക്ക് 1204ൽ വികസിപ്പിക്കുന്ന പാർക്കിൽ ഉൾപ്പെടുത്തും. ബ്ലോക്ക് 1027ലെ കോസ്റ്റൽ നടപ്പാതയും പദ്ധതിയുടെ ഭാഗമായി നവീകരിക്കും. റംലിയുടെ തെരുവോരങ്ങളിൽ മരങ്ങൾ നട്ടുപിടിപ്പിച്ചും കമ്യൂണിറ്റി പാർക്കുകളൊരുക്കിയും ദൃശ്യഭംഗി വർധിപ്പിക്കും. പദ്ധതി പൂർത്തീകരണത്തിനായി ബജറ്റ് വിഹിതം ആവശ്യമാണെന്നും അത് പ്രതീക്ഷിക്കുന്നതായും മുഹമ്മദ് അലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

