നോർക്ക കെയർ ഇൻഷുറൻസ്; അപേക്ഷ പോർട്ടലിൽ ‘സ്വയം തിരുത്തൽ’ സൗകര്യം വേണമെന്ന് ആവശ്യം
text_fieldsമനാമ: നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയിൽ അപേക്ഷ സമർപ്പിച്ചവർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി അപേക്ഷ പോർട്ടലിൽ ‘സ്വയം തിരുത്തൽ സൗകര്യം’ ഉൾപ്പെടുത്തണമെന്ന് ആവശ്യം. പേരിന്റെ സ്പെല്ലിങ്, ജനനത്തീയതി, ലിംഗം തുടങ്ങിയ വ്യക്തിഗത വിവരങ്ങളിൽ അപേക്ഷ സമർപ്പണ സമയത്ത് സംഭവിക്കുന്ന പിശകുകൾ കാരണം നിരവധി അപേക്ഷകർക്ക് ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നാണ് കണ്ടെത്തൽ.
ഈ വിഷയങ്ങൾ ഇതിനോടകം വാട്സ്ആപ് ഗ്രൂപ്പുകൾ വഴി നോർക്ക കെയർ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിലും പെടുത്തിയിട്ടുണ്ട്. തെറ്റുതിരുത്തൽ പ്രക്രിയയിൽ ഉണ്ടാകുന്ന ആവർത്തനവും കാലതാമസവും ഒഴിവാക്കുന്നതിനാണ് അപേക്ഷകർക്ക് അവരുടെ വിവരങ്ങൾ സ്വയം തിരുത്താൻ കഴിയുന്ന സൗകര്യം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതിലൂടെ, പ്രക്രിയയുടെ കാര്യക്ഷമത വർധിപ്പിക്കാൻ സാധിക്കും. പ്രശ്നം ഉന്നത തലത്തിലേക്ക് അറിയിക്കാമെന്നാണ് അധികൃതർ അറിയിച്ചത്. മാറ്റങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് ജനറൽ സെക്രട്ടറി അമൽദേവ് അധികൃതർക്ക് നിവേദനം നൽകിയിട്ടുണ്ട്. ഉപഭോക്താക്കളുടെ ആനുകൂല്യാർഥം ഈ സൗകര്യം എത്രയും വേഗം നടപ്പാക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

