മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിന് പ്രയാസമായി ‘നോൺ ഇൻഫെക്ഷൻ സർട്ടിഫിക്കറ്റ്’
text_fieldsമനാമ: വിദേശത്തുനിന്ന് കേരളത്തിലേക്ക് കൊണ്ടുപോകുന്ന മൃതദേഹങ്ങൾക്കൊപ്പം ‘നോൺ ഇൻഫെക്ഷൻ സർട്ടിഫിക്കറ്റ്’ വേണമെന്ന നിബന്ധന എയർപോർട്ടുകൾ പിൻവലിക്കാത്തത് പ്രയാസം സൃഷ്ടിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ബഹ്റൈനിൽനിന്ന് മൃതദേഹങ്ങൾ അയക്കുന്നതിന് ഈ നിബന്ധന കാരണം ഏറെ ബുദ്ധിമുട്ട് നേരിടേണ്ടി വന്നതായി സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടി.
കോവിഡ് കാലത്താണ് വിമാനത്താവളങ്ങൾ ‘നോൺ ഇൻഫെക്ഷൻ സർട്ടിഫിക്കറ്റ്’ നിർബന്ധമാക്കിയത്. ഇതര കോവിഡ് നിബന്ധനകൾ ഘട്ടംഘട്ടമായി പിൻവലിച്ചെങ്കിലും ഇതു മാത്രം മാറ്റമില്ലാതെ തുടരുകയാണെന്ന് സാമൂഹിക പ്രവർത്തകനായ കെ.ടി. സലീം പറഞ്ഞു. കഴിഞ്ഞ ദിവസം തൃശൂർ കുന്നംകുളം സ്വദേശിയുടെ മൃതദേഹം നാട്ടിലേക്കയക്കാൻ ഈ നിബന്ധന കാരണം അവസാന നിമിഷം ഏറെ ബുദ്ധി മുട്ടേണ്ടി വന്നു. നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഏർപ്പാടുകളെല്ലാം പൂർത്തിയാക്കിയ ശേഷമാണ് ബഹ്‌റൈൻ എയർപോർട്ട് സർവിസ് കാർഗോ സെക്ഷനിൽനിന്ന് നോൺ ഇൻഫെക്ഷൻ സർട്ടിഫിക്കറ്റ് ചോദിച്ചത്.
ഉടൻതന്നെ എംബസി ഏർപ്പാടാക്കിയ മോർച്ചറി ഏജന്റ് സാമൂഹിക പ്രവർത്തകരെ ബന്ധപ്പെട്ടു. ‘ഓക്കേ ടു ബോർഡ്’ ലഭിച്ച ശേഷമാണ് മൃതദേഹം എയർപോർട്ടിലേക്ക് കൊണ്ടുപോയത്. ഇതോടൊപ്പം, ഹോസ്പിറ്റലിൽനിന്ന് ലഭിച്ച കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റുമുണ്ടായിരുന്നു. എങ്കിലും, കോഴിക്കോട് എയർപോർട്ടിൽ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന ഉറപ്പ് വേണമെന്ന് ബഹ്‌റൈൻ എയർപോർട്ട് സർവിസ് കാർഗോ വിഭാഗം ആവശ്യപ്പെട്ടു. ഇപ്പോൾ നാട്ടിലുള്ള ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള നോർക്ക സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി വഴി കോഴിക്കോട് എയർപോർട്ട് അധികാരികളെ വിവരം ധരിപ്പിച്ചു.
നാട്ടിലെ എയർപോർട്ടിൽ എന്ത് ഫൈൻ വന്നാലും തങ്ങൾ നൽകാമെന്ന് കാർഗോ കമ്പനിയും ഉറപ്പ് നൽകി. ഇതേത്തുടർന്നാണ് മൃതദേഹം നാട്ടിലേക്ക് അയക്കാൻ കഴിഞ്ഞത്. ‘നോൺ ഇൻഫെക്ഷൻ സർട്ടിഫിക്കറ്റ്’ വേണമെന്ന നിബന്ധന ഒഴിവാക്കിയാൽ സമാനമായ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സാധിക്കും. ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ, ഇന്ത്യൻ ക്ലബ് പ്രതിനിധി അനീഷ് വർഗീസ് എന്നിവർ ഈ വിഷയം അധികാരികളെ ധരിപ്പിക്കാൻ കൂട്ടായ ശ്രമം നടത്താമെന്ന് അറിയിച്ചുവെന്നും കെ.ടി സലീം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

