ഭീകരവാദത്തെ ഒരു സമൂഹവും വച്ചുപൊറുപ്പിക്കരുത്
text_fieldsവിനോദ് കെ. ജേക്കബ്, ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ
അതീവ വെല്ലുവിളികൾ നിറഞ്ഞ ഒരു സാഹചര്യത്തിലൂടെയാണ് നിലവിൽ ഈ മേഖല കടന്നുപോകുന്നത്. ഈ ഘട്ടത്തിൽ ഇന്ത്യ ബഹ്‌റൈൻ രാജ്യത്തോട് പൂർണ്ണമായ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ഭീകരവാദത്തെ ഒരേപോലെ വെറുക്കുന്ന സമൂഹങ്ങളാണ് നമ്മുടേത്. ഭീകരവാദമെന്ന വിപത്തിനെ ദൃഢനിശ്ചയത്തോടെ നേരിടണമെന്നത് ലോകത്തെ വിവേകശാലികളായ മുഴുവൻ ജനങ്ങളുടെയും പൊതുവികാരമാണ്. ഈ പോരാട്ടത്തിൽ ഏർപ്പെടുമ്പോൾ തന്നെ, കഴിഞ്ഞകാല ദുരന്തങ്ങളിൽ നിന്ന് ശരിയായ പാഠങ്ങൾ ഉൾക്കൊള്ളാൻ നാം മറന്നുപോകരുത്.
കഴിഞ്ഞ വർഷം ഏപ്രിൽ 22ന് പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ക്രൂരമായ ഭീകരാക്രമണത്തിൽ 26 നിരപരാധികളാണ് കൊല്ലപ്പെട്ടത്. ഐക്യരാഷ്ട്രസഭ നിരോധിച്ച ലഷ്കർ-ഇ-ത്വയ്യിബയുടെ നിഴൽ രൂപമായ ടി.ആർ.എഫ് ആണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്. ഇതിന് മറുപടിയായി കഴിഞ്ഞ വർഷം മെയ് മാസത്തിൽ ആരംഭിച്ച 'ഓപ്പറേഷൻ സിന്ദൂർ', ലഷ്കർ-ഇ-ത്വയ്യിബയുടെയും ജെയ്ഷെ മുഹമ്മദിന്റെയും ഭീകരവാദ ശൃംഖലകളെ തകർക്കുന്നതിൽ നിർണ്ണായക വിജയം കൈവരിച്ചു.
നയം, വ്യക്തമായ ലക്ഷ്യം, നിശ്ചയദാർഢ്യത്തോടെയുള്ള പ്രഹരശേഷി എന്നിവയുടെ സംയോജനമാണ് ഇന്ത്യയുടെ നിലപാട്. ഭീകരവാദം ഉടലെടുക്കുന്ന കേന്ദ്രങ്ങളിലെല്ലാം കൃത്യമായ നടപടി സ്വീകരിച്ചുകൊണ്ട് ഈ വിപത്തിനോടുള്ള 'സീറോ ടോളറൻസ്' സമീപനം ഇന്ത്യ ഊട്ടിയുറപ്പിച്ചു. ഇന്ത്യൻ സൈന്യത്തിന്റെ നടപടികൾ അതീവ കൃത്യവും മിതവും എന്നാൽ ഫലപ്രദവുമായിരുന്നു. പാകിസ്താന്റെ അഭ്യർത്ഥന പ്രകാരം 2025 മെയ് 10ന് വെടിവെപ്പും സൈനിക നീക്കങ്ങളും താൽക്കാലികമായി നിർത്തിവെച്ചുവെങ്കിലും 'ഓപ്പറേഷൻ സിന്ദൂർ' ഇപ്പോഴും തുടരുകയാണ്.
ഇന്ത്യ എന്നും സമാധാനത്തിന്റെയും വികസനത്തിന്റെയും ഉറച്ച വക്താവാണ്. അന്താരാഷ്ട്ര ബന്ധങ്ങളിലും ബഹുരാഷ്ട്ര ഇടപെടലുകളിലും ഈ സമീപനത്തിനാണ് ഇന്ത്യ മുൻഗണന നൽകുന്നത്. ഭീകരവാദത്തെയും അതിനെ വളർത്തുന്ന ആവാസവ്യവസ്ഥയെയും പൂർണ്ണമായി ഇല്ലായ്മ ചെയ്യുക എന്നത് ഈ സമാധാന ദൗത്യത്തിലെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്. ഭീകരവാദത്തിന്റെ ദുരിതമനുഭവിക്കുന്ന ഓരോ വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും നൽകാവുന്ന ഏറ്റവും വലിയ ആദരം ഇത്തരം വിപത്തുകളെ വേരോടെ പിഴുതെറിയുക എന്നത് തന്നെയാണ്.
(2023 ഓഗസ്റ്റ് മുതൽ ബഹ്‌റൈനിലെ ഇന്ത്യൻ സ്ഥാനപതിയായി സേവനമനുഷ്ഠിക്കുകയാണ് വിനോദ് കെ. ജേക്കബ്. ലേഖനത്തിൽ പ്രകടിപ്പിച്ചിരിക്കുന്നത് വ്യക്തിപരമായ കാഴ്ചപ്പാടുകളാണ്.)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

