ആശങ്ക വേണ്ട; രാജ്യത്ത് ഭക്ഷ്യലഭ്യതയും വിതരണവും സുഗമം
text_fieldsമനാമ: മേഖലയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെങ്കിലും ബഹ്‌റൈനിലെ ഭക്ഷ്യവിതരണ ശൃംഖലയെയും ചരക്ക് നീക്കത്തെയും ഇത് ബാധിച്ചിട്ടില്ലെന്ന് അധികൃതരും വ്യാപാരികളും വ്യക്തമാക്കി. വിപണിയിൽ അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാണെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിപണി വൃത്തങ്ങൾ അറിയിച്ചു. മനാമ സെൻട്രൽ മാർക്കറ്റിലെ വ്യാപാരികൾ നൽകുന്ന വിവരമനുസരിച്ച് തക്കാളി, ഉള്ളി, കാബേജ് തുടങ്ങിയ പച്ചക്കറികൾ സൗദി വഴി പതിവുപോലെ എത്തുന്നുണ്ട്. ഗതാഗതത്തിലോ വിതരണത്തിലോ യാതൊരുവിധ കാലതാമസവും ഇതുവരെ ഉണ്ടായിട്ടില്ല.
രാജ്യത്തെ സൂപ്പർമാർക്കറ്റുകളിലും റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും അവശ്യസാധനങ്ങളുടെ സ്റ്റോക്ക് ആവശ്യത്തിനുണ്ട്. വിതരണ ശൃംഖലകൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നതിനാൽ ഉൽപ്പന്നങ്ങൾ കൃത്യസമയത്ത് വിപണിയിൽ എത്തുന്നുണ്ട്. കുടിവെള്ള ഉൽപ്പാദനത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കൾ സൗദിയിൽ നിന്ന് വരുന്നുണ്ടെന്നും അടുത്ത ഏതാനും ആഴ്ചകളിലേക്കുള്ള സ്റ്റോക്ക് നിലവിലുണ്ടെന്നും പ്രാദേശിക കുടിവെള്ള വിതരണക്കാർ സ്ഥിരീകരിച്ചു.
വിപണിയിലെ സ്ഥിതിഗതികൾ നിരീക്ഷിക്കാൻ വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫഖ്റോയുടെ നേതൃത്വത്തിൽ മന്ത്രാലയ ഉദ്യോഗസ്ഥർ നിരന്തരമായ പരിശോധനകൾ നടത്തുന്നുണ്ട്. ഉൽപ്പാദന കേന്ദ്രങ്ങളിലും വെയർഹൗസുകളിലും നേരിട്ടെത്തിയാണ് വിതരണ ശൃംഖലയുടെ സ്ഥിരത ഇവർ ഉറപ്പുവരുത്തുന്നത്. നിലവിൽ രാജ്യത്തെ പ്രധാന വിപണികളിലെല്ലാം സാധനങ്ങൾ സുലഭമാണെന്നും ഉപഭോക്താക്കൾക്ക് സാധാരണ രീതിയിൽ തന്നെ പർച്ചേസ് ചെയ്യാമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

