മടങ്ങുന്ന ചെക്കുകൾക്ക് ഇനി കോടതി കയറേണ്ട; ബഹ്റൈനിൽ പുതിയ ഡിജിറ്റൽ സേവനം ഇന്നുമുതൽ
text_fieldsമനാമ: ബഹ്റൈനിൽ ബാങ്ക് അക്കൗണ്ടിൽ പണമില്ലാത്തതിനാൽ മടങ്ങുന്ന ചെക്കുകൾ വഴി തുക ഈടാക്കുന്നതിനുള്ള നടപടിക്രമങ്ങൾ സർക്കാർ ലഘൂകരിച്ചു. കോടതിയിൽ കേസ് ഫയൽ ചെയ്യാതെ തന്നെ, ചെക്ക് ഒരു എക്സിക്യൂട്ടിവ് രേഖയായി പരിഗണിച്ച് തുക ഈടാക്കാൻ അനുമതി നൽകുന്ന പുതിയ സംവിധാനം ഇന്നു മുതൽ നിലവിൽ വരുമെന്ന് നീതിന്യായ മന്ത്രാലയം അറിയിച്ചു.
ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റിയുമായി (ഐ.ജി.എ) സഹകരിച്ച് ബഹ്റൈൻ നാഷനൽ പോർട്ടൽ വഴിയാണ് ഈ സേവനം ലഭ്യമാകുക. വാണിജ്യ നിയമത്തിലെ ഭേദഗതി അനുസരിച്ച്, മടങ്ങിയ ചെക്കുകൾ ഇനി നേരിട്ട് നടപ്പാക്കാവുന്ന ഔദ്യോഗിക രേഖയായി പരിഗണിക്കും. ഇതിനായി കോടതി പ്രത്യേകം കേസ് നടത്തേണ്ടതില്ല. ചെക്ക് തുകയുടെ 2 ശതമാനം എൻഫോഴ്സ്മെന്റ് ഫീസായി നൽകണം. ഇത് പരമാവധി 1,000 ബഹ്റൈനി ദീനാർ വരെയായി പരിമിതപ്പെടുത്തിയിട്ടുണ്ട്. അപേക്ഷ സമർപ്പിക്കുമ്പോൾ തന്നെ ഈ തുക ഓൺലൈനായി ഒടുക്കണം.
ആവശ്യമായ രേഖകൾ
ചെക്ക് തുക നൽകണമെന്ന് ആവശ്യപ്പെട്ട് ഡ്രോയർക്ക് (ചെക്ക് നൽകിയ ആൾക്ക്) നൽകിയ നോട്ടീസ്-അക്കൗണ്ടിൽ പണമില്ലെന്ന് വ്യക്തമാക്കുന്ന ബാങ്ക് സ്റ്റേറ്റ്മെന്റ്.
ചെക്കിന്റെ ഇരുവശങ്ങളുടേയും വ്യക്തമായ പകർപ്പ്-പവർ ഓഫ് അറ്റോർണി (ആവശ്യമെങ്കിൽ മാത്രം).
ആവശ്യമായ രേഖകൾ കൃത്യമായി സമർപ്പിച്ചില്ലെങ്കിൽ അപേക്ഷ നിരസിക്കപ്പെടും. ഇത്തരത്തിൽ നിരസിക്കപ്പെടുന്ന അപേക്ഷകളുടെ ഫീസ് തിരികെ ലഭിക്കുന്നതല്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.വാണിജ്യ-സിവിൽ ഇടപാടുകളിൽ ചെക്കുകൾക്കുള്ള വിശ്വാസ്യത വർധിപ്പിക്കാനും കടക്കാരുടെ സാമ്പത്തിക അവകാശങ്ങൾ വേഗത്തിൽ സംരക്ഷിക്കാനും ഈ നീക്കം സഹായിക്കും. ചെക്ക് എൻഫോഴ്സ്മെന്റ് നടപടികൾ കൂടുതൽ കാര്യക്ഷമമാക്കുകയാണ് ഇതിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

