റമദാനിൽ വിലക്കയറ്റം അനുവദിക്കില്ല; കർശന നടപടികളുമായി ബഹ്റൈൻ മന്ത്രാലയം
text_fieldsവാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ആദിൽ ഫഖ്റു
മനാമ: വിശുദ്ധ റമദാൻ മാസത്തിൽ രാജ്യത്തെ വിപണികളിൽ വിലസ്ഥിരത ഉറപ്പാക്കുമെന്ന് വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ആദിൽ ഫഖ്റു പാർലമെന്റിൽ അറിയിച്ചു. പാർലമെന്റിന്റെ പ്രതിവാര സെഷനിൽ എം.പിമാരായ മുഹമ്മദ് അൽ അഹ്മദ്, ലുൽവ അൽ റൊമൈഹി എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. റമദാനിലേക്കാവശ്യമായ അവശ്യസാധനങ്ങളുടെ മതിയായ സ്റ്റോക്ക് രാജ്യത്തുണ്ടെന്നും ഉപഭോക്താക്കൾക്ക് ആകർഷകമായ ഡിസ്കൗണ്ടുകളും ഓഫറുകളും ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ റമദാനിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള ഉൽപന്നങ്ങൾക്ക് കുറഞ്ഞത് 38 ശതമാനം വരെ വിലക്കിഴിവ് നൽകുന്ന ‘കൺസ്യൂമർ ഫ്രണ്ട്’ പദ്ധതി നടപ്പിലാക്കും. ഉത്സവ സീസണുകളിൽ പ്രമോഷനൽ കാമ്പയിനുകൾ നടത്തുന്നതിന് വാണിജ്യ സ്ഥാപനങ്ങളിൽനിന്ന് ഈടാക്കാറുള്ള ഫീസ് ചില മേഖലകളിൽ ഒഴിവാക്കും.
2025ൽ മാത്രം വിപണികളിൽ 60,000ത്തിലധികം പരിശോധനകൾ മന്ത്രാലയം നടത്തിയിട്ടുണ്ട്. വിലക്കയറ്റവും പൂഴ്ത്തിവെപ്പും തടയാൻ വരുംദിവസങ്ങളിലും പരിശോധനകൾ ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രാലയത്തിന്റെ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഫലമായി ഉപഭോക്തൃ പരാതികളിൽ വലിയ കുറവുണ്ടായതായും മന്ത്രി ചൂണ്ടിക്കാട്ടി. ഒരേ നിയമലംഘനം ആവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കും.
ഗുരുതരമായ ലംഘനങ്ങൾ കണ്ടെത്തിയാൽ കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. ഉപഭോക്തൃ സംരക്ഷണ നിയമത്തിൽ കാലോചിതമായ ഭേദഗതികൾ വരുത്തുന്നതിനെക്കുറിച്ച് മന്ത്രാലയം പഠിച്ചുവരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വകാര്യ മേഖലയുമായുള്ള സഹകരണം ശക്തമാക്കി പരാതികൾ വേഗത്തിൽ തീർപ്പാക്കാൻ പ്രധാന സേവന ദാതാക്കളുമായി മന്ത്രാലയം ധാരണപത്രങ്ങളിൽ ഒപ്പിട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

