ഗ്ലോബൽ ടെഡ്-എഡ് ടോക്കിൽ തിളങ്ങി എൻ.എം.എസ് ബഹ്റൈൻ വിദ്യാർഥിനി
text_fieldsജാഹ്‌നവി ജിയ
മനാമ: ഗ്ലോബൽ പ്ലാറ്റ്‌ഫോമായ ടെഡ്-എഡ് സ്റ്റുഡന്റ് ടോക്‌സ് ഒഫീഷ്യൽ യൂട്യൂബ് ചാനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് അഭിമാനമായി ന്യൂ മില്ലേനിയം സ്കൂൾ ബഹ്‌റൈനിലെ വിദ്യാർത്ഥിനി ജാഹ്‌നവി ജിയ. റിലാക്സേഷൻ - വെൽക്കം ടു ദി വേൾഡ് ഓഫ് റബ്ബർ ബാൻഡ്സ് എന്ന വിഷയത്തിലവതരിപ്പിച്ച പ്രഭാഷണമാണ് ആഗോളതലത്തിൽ ശ്രദ്ധേയമായത്.
യുവമനസ്സുകളിൽ സർഗ്ഗാത്മകതയും പുതിയ ആശയങ്ങളും വളർത്താൻ ലക്ഷ്യമിട്ട് നടത്തുന്ന ആഗോള പ്ലാറ്റ്‌ഫോമായ 'ഗ്രേറ്റ് ഐഡിയാസ് ക്വസ്റ്റ്' മത്സരത്തിന്റെ ഭാഗമായാണ് ജാഹ്‌നവി ഈ ടോക്ക് സമർപ്പിച്ചത്. റബ്ബർ ബാൻഡുകളുടെ വലിയാനുള്ള ശേഷിയെ ജീവിതത്തിലെ സമ്മർദ്ദങ്ങളെ അതിജീവിക്കാനുള്ള മനക്കരുത്തുമായും വിശ്രമത്തിന്റെ പ്രാധാന്യവുമായും സർഗ്ഗാത്മകമായി താരതമ്യം ചെയ്തായിരുന്നു ജാഹ്‌നവിയുടെ അവതരണം. മികച്ച ആശയവിനിമയ ശൈലിയും ചിന്താശേഷിയും കൊണ്ട് വിലയിരുത്തൽ പാനലിന്റെ മനസ്സ് കീഴടക്കിയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.
ജാഹ്‌നവിയുടെ ഈ അപൂർവ്വ നേട്ടത്തിൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. അരുൺ കുമാർ ശർമ്മ സന്തോഷം രേഖപ്പെടുത്തി. യുവതലമുറയുടെ ചിന്താശേഷിയുടെയും ആശയപ്രകടനത്തിന്റെയും ഉത്തമ ഉദാഹരണമാണ് ഈ നേട്ടമെന്ന് അദ്ദേഹം പറഞ്ഞു. മികച്ച വിജയത്തിലേക്ക് ജാഹ്‌നവിയെ നയിച്ച മാതാപിതാക്കളെയും, പ്രോജക്ടിന് നേതൃത്വം നൽകിയ ടെഡ്-എഡ് ഇൻ-ചാർജ് അധ്യാപിക മനീഷ നായർ, സ്റ്റുഡന്റ് മെന്റർ സാഗർ അസ്‌നാനി എന്നിവരെയും അദ്ദേഹം അഭിനന്ദിച്ചു.
പാഠപുസ്തകങ്ങൾക്ക് അപ്പുറത്തേക്ക് ചിന്തിക്കാനും മാറ്റങ്ങൾ കൊണ്ടുവരാൻ സഹായിക്കുന്ന ആശയങ്ങൾ പ്രകടിപ്പിക്കാനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിലാണ് സ്കൂൾ വിശ്വസിക്കുന്നതെന്ന് ചെയർമാൻ ഡോ. രവി പിള്ളയും മാനേജിങ് ഡയറക്ടർ ഗീത പിള്ളയും പറഞ്ഞു. ആഗോളതലത്തിലുള്ള ഇത്തരം സംരംഭങ്ങളിൽ വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരങ്ങൾ നൽകാൻ സ്കൂൾ എന്നും മുന്നിലുണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

