പൗരക്ഷേമവും സാമ്പത്തിക ഭദ്രതയും ഒമ്പത് പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു
text_fieldsഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ നേതൃത്വത്തിൽ നടന്ന യോഗം
മനാമ: രാജ്യത്തിന്റെ പൊതുസാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനൊപ്പം പൗരന്മാരുടെ ജീവിതനിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ ഒമ്പത് പുതിയ പദ്ധതികൾ ബഹ്റൈൻ സർക്കാർ പ്രഖ്യാപിച്ചു. ഗുദൈബിയയിൽ നടന്ന നിയമനിർമാണ, എക്സിക്യൂട്ടിവ് അതോറിറ്റികളുടെ സംയുക്ത യോഗത്തിലാണ് ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ നേതൃത്വത്തിൽ ഈ സുപ്രധാന തീരുമാനങ്ങൾ ചർച്ച ചെയ്തത്.
അടുത്തഘട്ടത്തിൽ നടപ്പിലാക്കാൻ പോകുന്ന ഈ പദ്ധതികൾ രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുമെന്ന് ഉപപ്രധാനമന്ത്രി പറഞ്ഞു. പൗരന്മാരുടെ ആവശ്യങ്ങളോട് പ്രതികരിക്കുകയും അതേസമയം രാജ്യത്തിന്റെ സാമ്പത്തിക വളർച്ച നിലനിർത്തുകയും ചെയ്യുന്ന രീതിയിലാണ് ഈ മാറ്റങ്ങൾ വിഭാവനം ചെയ്തിരിക്കുന്നത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശപ്രകാരമാണ് ഈ പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത്. എല്ലാ ദേശീയ വിഭവങ്ങളും പൗരന്മാർക്ക് പരമാവധി പ്രയോജനപ്പെടുന്ന രീതിയിൽ ഉപയോഗിക്കുമെന്ന് ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ വ്യക്തമാക്കി.
പദ്ധതികൾ പ്രകാരം സ്വദേശികളുടെ ആദ്യ വീടിന് നൽകുന്ന വൈദ്യുതി-ജല സബ്സിഡി നേരിട്ട് പണസഹായമായി നൽകും. വൈദ്യുതി ലാഭിക്കുന്ന പൗരന്മാർക്ക് ആ മാസത്തെ ബാക്കി തുക മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ സാധിക്കും. ഇന്ധന വില നിശ്ചയിക്കുന്നതിനുള്ള പുതിയ സംവിധാനം നടപ്പിലാക്കും. ഫാക്ടറികൾക്കും കമ്പനികൾക്കുമുള്ള പ്രകൃതിവാതക വിലയിൽ മാറ്റങ്ങൾ വരുത്തും. വിദേശ തൊഴിലാളികൾക്ക് മേലുള്ള ലേബർ ഫീസുകൾ പുനഃപരിശോധിക്കും. മലിനജല സംസ്കരണത്തിനുള്ള ഫീസുകളിൽ മാറ്റം വരുത്തും. എന്നാൽ പൗരന്മാരുടെ ആദ്യ വീടുകളെ ഇതിൽ നിന്ന് ഒഴിവാക്കും. ഗ്യാസ് അടങ്ങിയ പാനീയങ്ങളുടെ എക്സൈസ് നികുതി വർധിപ്പിക്കും.
ഉപയോഗിക്കാതെ കിടക്കുന്ന നിക്ഷേപ ഭൂമികളുടെ മുനിസിപ്പൽ ഫീസുകളിൽ മാറ്റം വരുത്തും. സേവനങ്ങളുടെ ഗുണനിലവാരം കുറക്കാതെത്തന്നെ സർക്കാർ സ്ഥാപനങ്ങളുടെ ആവർത്തന ചെലവുകൾ കുറക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

