ജനങ്ങളെ തമ്മിലടിപ്പിച്ച് ജയിക്കാനുള്ള സി.പി.എം ശ്രമത്തെ നിലമ്പൂർ പരാജയപ്പെടുത്തി -പ്രവാസി വെൽഫെയർ
text_fieldsമനാമ: കേരളീയ സാഹോദര്യത്തിന്റെ അടയാളങ്ങളായ വിവിധ സമുദായങ്ങളെ ഭിന്നിപ്പിച്ചും തമ്മിലടിപ്പിച്ചും തെരഞ്ഞെടുപ്പ് ജയിക്കാനുള്ള സി.പി.എം ശ്രമത്തെ നിലമ്പൂരിലെ ജനങ്ങൾ പരാജയപ്പെടുത്തിയെന്ന് പ്രവാസി വെൽഫെയർ സെക്രട്ടറിയേറ്റ് വിലയിരുത്തി. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സി.പി.എം ആസൂത്രിതമായി നടത്തിയ വർഗീയ ധ്രുവീകരണ പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയമായ മറുപടിയാണ് ജനങ്ങൾ നൽകിയത്.
നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പുണ്ടാക്കിയ രാഷ്ട്രീയ കാരണങ്ങൾ ചർച്ച ചെയ്യപ്പെടാതിരിക്കാൻ സംഘ്പരിവാറിനെ തോൽപിക്കുന്ന വർഗീയ പ്രചാരണം സി.പി.എം നടത്തിയെങ്കിലും യഥാർഥ കാരണങ്ങൾ മനസ്സിലാക്കി തന്നെയാണ് ജനങ്ങൾ വോട്ട് വിനിയോഗിച്ചതെന്നാണ് ഫലം സൂചിപ്പിക്കുന്നത്.
വെൽഫെയർ പാർട്ടിയെ മുൻനിർത്തി സി.പി.എം നടത്തിയ ദുഷ്പ്രചാരണ പ്രവർത്തനത്തെ ജനങ്ങൾ പുച്ഛിച്ച് തള്ളിയിരിക്കുന്നു. ഒമ്പത് വർഷത്തെ ഭരണത്തിന്റെ നേട്ടങ്ങളോ ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ രാഷ്ട്രീയത്തെയോ കുറിച്ച് സംസാരിക്കാനുള്ള ആത്മവിശ്വാസം നഷ്ടപ്പെട്ട സി.പി.എം അത്തരം ചർച്ചകളിൽ നിന്ന് രക്ഷപ്പെടാൻ കൃത്രിമ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ചെയ്തത്.
മലപ്പുറം ജില്ലയുടെ വികസനാവശ്യങ്ങളെയും ജില്ലയിലെ ജനസാമാന്യത്തെയും ഭീകരവത്കരിച്ച ഇടതു നയത്തിന് ജനങ്ങൾ നൽകിയ ശിക്ഷയാണ് തെരഞ്ഞെടുപ്പ് ഫലം. ഭരണകൂട പരാജയം മറച്ചുപിടിക്കാൻ സംഘ്പരിവാർ ദേശീയതലത്തിൽ ഉപയോഗിക്കുന്ന മുസ്ലിം വിരുദ്ധതയെ ബോധപൂർവം നിലമ്പൂരിൽ ഉപയോഗപ്പെടുത്താനാണ് സി.പി.എം ശ്രമിച്ചതെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി.വെൽഫെയർ പാർട്ടിയുടെ തെരഞ്ഞെടുപ്പ് നയത്തിന് ഒപ്പം നിന്ന് ധ്രുവീകരണ രാഷ്ട്രീയത്തെ പരാജയപ്പെടുത്തിയ നിലമ്പൂരിലെ വോട്ടർമാരെ അഭിവാദ്യം ചെയ്യുന്നുവെന്നും നിലമ്പൂർ മുന്നോട്ടുവെച്ച രാഷ്ടീയത്തെ കേരളീയ സമൂഹം ഏറ്റെടുക്കണമെന്നും പ്രവാസി വെൽഫെയർ സെക്രട്ടറിയേറ്റ് അഭ്യർഥിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

