നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പ് ഫലം; പ്രതികരണവുമായി പ്രവാസി സംഘടനകൾ
text_fields
മനാമ: കേരള രാഷ്ട്രീയത്തിൽ പാർട്ടികളുടെയും പൊതുപ്രവർത്തകരുടെയും ജനപിന്തുണയും കരുത്തും കാണിക്കുന്നതിന്റെ ആഘോഷം തന്നെയാണ് തെരഞ്ഞെടുപ്പുകൾ. സാഹചര്യം കൊണ്ട് ഇടക്കിടക്ക് വന്നുപോകുന്ന ഉപതെരഞ്ഞെടുപ്പുകൾക്കും ആവേശത്തിൽ മാറ്റൊട്ടും കുറയാറില്ല എന്നതാണ് വസ്തുത. ഈ ഭരണകാലയളവിൽതന്നെ ഇതിനോടകം നാലിടത്താണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ബലാബലം നടന്ന അങ്കപ്പോരിൽ നാലിടത്തും യു.ഡി.എഫിനാണ് വിജയം നേടാനായതെന്നത് കേരള രാഷ്ട്രീയത്തിന്റെ കാറ്റ് മാറി വീശിത്തുടങ്ങിയെന്ന് തെളിയിക്കുന്നതാണെന്നാണ് പലരും വിലയിരുത്തുന്നത്. എന്നാൽ അത്തരമൊരു തരംഗമുണ്ടാവില്ലെന്നും തുടർഭരണം ഉണ്ടാവുമെന്നാണ് ഇടതുപക്ഷ അനുകൂലികളുടെ വാദം. ഇന്നലെ നിലമ്പൂരിൽ നടന്ന വിജയവും പരാജയവും പ്രവാസലോകത്തും ചൂടേറിയ ചർച്ചകളാണ്. ഉപതെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് ബഹ്റൈനിലെ രാഷ്ട്രീയപാർട്ടി അനുകൂല സംഘടനകൾ പ്രതികരിച്ചപ്പോൾ.
നിലമ്പൂരിലെ വിജയം വിദ്വേഷ പ്രചാരണത്തിനേറ്റ തിരിച്ചടി -ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ
മനാമ: നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് നേടിയ വിജയം വിദ്വേഷ പ്രചാരണത്തിനുള്ള തിരിച്ചടിയാണെന്ന് ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ വിലയിരുത്തി. തീർത്തും സമാധാനപരമായി ഇന്ത്യൻ ഭരണഘടന മാനിച്ച് പ്രവർത്തിക്കുന്ന സംഘടനയെ മുന്നിൽ നിർത്തി ശക്തമായ വിദ്വേഷം ഇളക്കി വിട്ട് വോട്ട് നേടാനായിരുന്നു ഭരണകക്ഷി ശ്രമിച്ചത്. ഏതുതരം വിദ്വേഷ പ്രചാരണവും വഴി മറി കടക്കാൻ കഴിയുന്ന ഒന്നല്ല ഭരണവിരുദ്ധ വികാരമെന്ന് തിരിച്ചറിയാൻ ബന്ധപ്പെട്ടവർ ശ്രമിക്കേണ്ടതുണ്ട്. ഉപതെരഞ്ഞെടുപ്പ് ഫലം നൽകുന്ന ശക്തമായ സൂചന അതാണ്. തെരഞ്ഞെടുപ്പിൽ മത്സരിക്കുകയോ പ്രചാരണത്തിൽ ഏർപ്പെടുകയോ ചെയ്യാത്ത ഒരു സംഘടനയെ നാട്ടക്കുറിയാക്കി അപകടകരമായ വർഗീയ രാഷ്ട്രീയം കളിക്കുകയായിരുന്നുവെന്ന് ജനങ്ങൾക്ക് ബോധ്യമായ ഒന്നാണ് തെരഞ്ഞെടുപ്പ് ഫലം. രാഷ്ട്രീയ സത്യസന്ധതക്കും സദാചാരത്തിനും നിരക്കാത്ത വിലകുറഞ്ഞ വർഗീയ ധ്രുവീകരണ രാഷ്ട്രീയത്തിൽനിന്ന് പിന്തിരിയാൻ ഈ തെരഞ്ഞെടുപ്പ് നിമിത്തമാകണമെന്നും മതനിരപേക്ഷതയെ മുറുകെ പിടിച്ച എല്ലാ ജനാധിപത്യ വിശ്വാസികൾക്കും ആശ്വാസദായകമായ ഫലമാണ് ഉണ്ടായിട്ടുള്ളതെന്നും ഫ്രൻഡ്സ് അസോസിയേഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
പിണറായി സർക്കാറിനെതിരെയുള്ള വിധിയെഴുത്ത് -കെ.എം.സി.സി ബഹ്റൈൻ
മനാമ: ജനാധിപത്യത്തിന്റെ ഉന്നതമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന വിജയമാണ് യു.ഡി.എഫ് നിലമ്പൂരിൽ നേടിയിരിക്കുന്നതെന്ന് കെ.എം.സി.സി ബഹ്റൈൻ ആക്ടിങ് പ്രസിഡന്റ് അസ്ലം വടകര, ആക്ടിങ് ജനറൽ സെക്രട്ടറി അഷ്റഫ് കക്കണ്ടി എന്നിവർ പറഞ്ഞു. ഒമ്പത് വർഷമായി കേരളം ഭരിച്ചു മുടിച്ചുകൊണ്ടിരിക്കുന്ന പിണറായി സർക്കാറിന്റെ നെറികേടിനെതിരെയുള്ള വിധിയെഴുത്താണ് നിലമ്പൂർ ഉപതെരെഞ്ഞെടു ഫലമെന്ന് ഭാരവാഹികൾ കൂട്ടിച്ചേർത്തു.
പ്രവാസികളോടും ആശാ വർക്കർമാരോടും മറ്റു കേരളത്തിലെ സാധാരണക്കാരോടും സർക്കാർ വെച്ചുപുലർത്തുന്ന നീതീകരിക്കാൻ പറ്റാത്ത നയത്തിനെതിരെയുള്ള വിധിയെഴുത്ത് കൂടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് അവർ പറഞ്ഞു. ഇരുമെയ്യും ഒരേ മനസ്സുമായി പ്രവർത്തിച്ച യു.ഡി.എഫിലെ ഐക്യവും കൂട്ടായ പ്രവർത്തനവും അതോടൊപ്പം ഭരണവിരുദ്ധ വികാരവുമാണ് വലിയ ഭൂരിപക്ഷത്തിന് നിദാനമായതെന്ന് നേതാക്കൾ പറഞ്ഞു. യുവനേതാക്കളുടെ വളരെ ആസൂത്രിതമായ പ്രവർത്തനത്തെ കെ.എം.സി.സി ബഹ്റൈൻ പ്രകീർത്തിച്ചു.
പരാജയത്തിന്റെ ഘോഷയാത്ര; പിണറായി സർക്കാർ രാജിവെക്കണം -ഒ.ഐ.സി.സി
മനാമ: രണ്ടാം പിണറായി സർക്കാറിന്റെ കാലത്ത് നടന്ന എല്ലാ തെരഞ്ഞെടുപ്പിലും പരാജയപ്പെട്ട ഇടതുമുന്നണി സർക്കാറിന് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ അർഹതയില്ലെന്ന് ഒ.ഐ.സി.സി ആക്ടിങ് പ്രസിഡന്റ് ജവാദ് വക്കം, ജനറൽ സെക്രട്ടറി മനു മാത്യു എന്നിവർ അഭിപ്രായപ്പെട്ടു. നാട്ടിൽ സാധാരണ ജനങ്ങൾക്ക് ജീവിക്കാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. മദ്യവും മയക്കുമരുന്നും യഥേഷ്ടം ലഭിക്കുന്ന സാഹചര്യത്തിൽ തലമുറ മുഴുവൻ അപകടത്തിലേക്ക് പോവുകയാണ്. ഇതിന് അറുതിവരണമെങ്കിൽ ശക്തമായ സർക്കാർ നാട്ടിൽ ഉണ്ടാകണം. കിറ്റിന്റെയും പെൻഷന്റെയും പേരുപറഞ്ഞ് അധികാരത്തിൽ വന്ന സർക്കാർ സമ്പൂർണ പരാജയമാണെന്നും ഒ.ഐ.സി.സി ദേശീയ കമ്മിറ്റി അഭിപ്രായപെട്ടു.
വിജയം മലപ്പുറത്തെ അധിക്ഷേപിച്ച മുഖ്യമന്ത്രിക്കുള്ള മറുപടി -ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി
മനാമ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ മിന്നുന്ന വിജയം മലപ്പുറം ജില്ലയെ അധിക്ഷേപിച്ച മുഖ്യമന്ത്രിക്കുള്ള ജനങ്ങളുടെ മറുപടിയാണെന്ന് ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി. വർഗീയ ചേരിതിരിവ് നടത്തി തെരഞ്ഞെടുപ്പ് ജയിക്കാൻ ഇടതുപക്ഷം നടത്തിയ ശ്രമങ്ങൾക്കേറ്റ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് ഒ.ഐ.സി.സി മലപ്പുറം ജില്ല പ്രസിഡന്റ് റംഷാദ് അയിലക്കാട്, ജന. സെക്രട്ടറി രഞ്ജിത് പടിക്കൽ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
യു.ഡി.എഫിന്റെ വിജയം താൽക്കാലികം -ബഹ്റൈൻ നവകേരള
മനാമ: ജാതിമത വർഗീയ ശക്തികളെ കൂട്ടുപിടിച്ചുള്ള വിജയമാണ് യു.ഡി.എഫിന്റേത്. ബി.ജെ.പി വോട്ടുകൾ ചോർന്നതും അനുകൂലമായി. കാലാകാലങ്ങളിൽ കോൺഗ്രസ് ഇത്തരത്തിലുള്ള തിരഞ്ഞെടുപ്പ് രാഷ്ട്രീയം നടപ്പാക്കിയിട്ടുണ്ട്. കേരളത്തിന്റെ മതേതര മനസ്സുകളെ മുറിവേൽപിച്ച് നേടുന്ന വിജയം താത്ക്കാലികം മാത്രമാണ്. ആത്യന്തികമായി കോൺഗ്രസിന് കനത്ത രാഷ്ട്രീയ നഷ്ടം സംഭവിക്കും. കേരളത്തിൽ ഇടതുമുന്നണി സർക്കാർ നടപ്പാക്കിയ ജനോപകാര നയങ്ങളുടെ വികസനനേട്ടം ഈ കൂട്ടുകെട്ടിന്റെ ഫലമായി ജനമനസ്സിൽ എത്താതെ പോയതും ഇടതുപക്ഷത്തിന്റെ തോൽവിക്ക് ആക്കം കൂട്ടി. തിരഞ്ഞെടുപ്പ് തോൽവിയിൽനിന്നു കൂടുതൽ പാഠങ്ങൾ ഉൾക്കൊണ്ടു തികഞ്ഞ ജാഗ്രതയോടെ ഇടതുപക്ഷം മുന്നോട്ടുപോകേണ്ടതുണ്ട്. സ്വരാജ് നിയമസഭയിൽ എത്താതെപോയത് നിലമ്പൂർകാരുടെ മാത്രമല്ല കേരള ജനതയുടെ കൂടെ നഷ്ടമാണെന്നും ബഹ്റൈൻ നവകേരള വാർത്താകുറിപ്പിൽ അറിയിച്ചു.
വിജയം ആർ.എസ്.എസ് - സി.പി.എം ബാന്ധവത്തിനേറ്റ തിരിച്ചടി- ഐ.വൈ.സി.സി ബഹ്റൈൻ
മനാമ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചതോടെ സി.പി.എം സെക്രട്ടറി എം.വി. ഗോവിന്ദൻ വെളിപ്പെടുത്തിയ ആർ.എസ്.എസ് - സി.പി.എം ബാന്ധവമടക്കം ജനങ്ങൾക്ക് മനസ്സിലായി. ഭരണവിരുദ്ധ വികാരം പൂർണമായും വെളിപ്പെട്ട സാഹചര്യത്തിൽ കൂടെ യു.ഡി.എഫ് സംവിധാനത്തിന്റെ ചിട്ടയായ പ്രവർത്തങ്ങൾക്ക് ജനം നൽകിയ അംഗീകാരം കൂടിയാണ് ഈ വിജയം.
വടകരയിലെ കാഫിർ വിവാദ സ്ക്രീൻ ഷോട്ടും പാലക്കാട് പെട്ടി വിവാദവും സി.പി.എം - ബി.ജെ.പി കൂട്ടുകെട്ട് ഒന്നായതിന്റെ പരിണിത ഫലം ആയിരുന്നു. അവിടെയുള്ള ജനങ്ങൾ അത് മനസ്സിലാക്കി യു.ഡി.എഫിന്റെ സ്ഥാനാർഥികളെ വിജയിപ്പിച്ചു. അതിന്റെ തനിയാവർത്തനം കൂടിയാണ് നിലമ്പൂരിലെ ജനങ്ങൾ ആര്യാടൻ ഷൗക്കത്തിനെ വിജയിപ്പിച്ചതിലൂടെ പറഞ്ഞുവെക്കുന്നത്. വരുന്ന ത്രിതല, നിയമസഭ ഇലക്ഷനിൽ കോൺഗ്രസ് - യു.ഡി.എഫ് മുന്നണി മികച്ച വിജയം കരസ്ഥമാക്കി മുന്നോട്ടുവരുമെന്നും ഐ.വൈ.സി.സി ബഹ്റൈൻ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറര് ബെൻസി ഗനിയുഡ് എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.
യു.ഡി.എഫിന്റെ തിരിച്ചുവരവിന്റെ ആരംഭം -രാജു കല്ലുംപുറം
മനാമ: ഒമ്പതുവർഷത്തെ ഇടതുമുന്നണി സർക്കാറിന്റെ ജനദ്രോഹ നടപടികളിൽ പൊറുതിമുട്ടിയ കേരളത്തിലെ ജനങ്ങൾ ആഗ്രഹിച്ച വിധിയെഴുത്തായിരുന്നു നിലമ്പൂരിൽനിന്ന് ഉണ്ടായതെന്ന് ഒ.ഐ.സി.സി മിഡിൽ ഈസ്റ്റ് ജനറൽ സെക്രട്ടറി രാജു കല്ലുംപുറം അഭിപ്രായപ്പെട്ടു. 2026ൽ കേരളത്തിൽ യു.ഡി.എഫിന് ഉണ്ടാകുന്ന അത്യുജ്ജ്വല വിജയത്തിന്റെ ആരംഭമാണ് നിലമ്പൂർ തെരഞ്ഞെടുപ്പ് ഫലം. പാർലമെന്റ് തെരഞ്ഞെടുപ്പിലുണ്ടായ ജനവിധി മനസ്സിലാക്കി അതിൽനിന്ന് പാഠം ഉൾക്കൊള്ളാതെ ജനദ്രോഹ നടപടികൾ കൊണ്ട് മുന്നോട്ടുപോയ സർക്കാർ പാവപ്പെട്ട ജനങ്ങളെ കാണുവാനോ സഹായിക്കുവാനോ തയാറാകാതെ പാർട്ടി നേതാക്കൾക്കും അണികൾക്കും അഴിമതി നടത്താനുള്ള സൗകര്യങ്ങളാണ് നടത്തിക്കൊടുക്കുന്നതെന്നും രാജു കല്ലുംപുറം അഭിപ്രായപ്പെട്ടു.
സർക്കാർ ജനവിധി മാനിക്കണം -ബിനു കുന്നന്താനം
മനാമ : കഴിഞ്ഞ നാല് വർഷമായി കേരളത്തിൽ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും പരാജയപ്പെട്ട സർക്കാർ, കേരളത്തിലെ പാവങ്ങളെയും, സാധാരണക്കാരെയും അവഗണിച്ചതിന്റെ വിധി എഴുത്ത് ആണ് നിലമ്പൂരിൽ ഉണ്ടായതെന്ന് ഒ.ഐ.സി.സി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം അഭിപ്രായപെട്ടു. ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം നിയമസഭയിലേക്ക് നാല് ഉപതെരഞ്ഞെടുപ്പുകളിൽ ആദ്യ മൂന്നെണ്ണം കഴിഞ്ഞപ്പോൾ യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റുകൾ ആണെന്ന് പറഞ്ഞ ഇടതുപക്ഷ മുന്നണിയും, നാലാമത് നടന്ന തെരഞ്ഞെടുപ്പിൽ ഒൻപത് വർഷം ഇടതുപക്ഷ മുന്നണിയുടെ എം.എൽ.എ ഉണ്ടായ മണ്ഡലം യു.ഡി.എഫിന് അനുകൂലമായി വിധി എഴുതിയപ്പോൾ, അതിനെ അംഗീകരിക്കാനും സർക്കാരിൽ നിന്ന് മുഖ്യമന്ത്രി മാറി നിൽക്കാനും തയാറാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

