അന്താരാഷ്ട്ര സംഘടനകളോട് സഹകരണം അഭ്യർഥിച്ച് എൻ.ഐ.എച്ച്.ആർ
text_fieldsമനാമ : ബഹ്റൈനിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് (എൻ.ഐ.എച്ച്.ആർ) ചെയർപേഴ്സൻ അലി അഹമ്മദ് അൽ ദേരാസി അന്താരാഷ്ട്ര സംഘടനകളോട് തുടർ സഹകരണവും പിന്തുണയും അഭ്യർഥിച്ചു. തടവുകാരെക്കുറിച്ച് തെറ്റായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. കോടതി ഉത്തരവിട്ട പ്രകാരം തടങ്കൽ കേന്ദ്രങ്ങളിൽ കഴിയുന്ന തടവുകാർക്ക് അന്താരാഷ്ട്ര തലത്തിലുള്ള എല്ലാ സൗകര്യങ്ങളും പ്രദാനം ചെയ്യുന്നുണ്ട്. ആരോഗ്യ, സുരക്ഷ കാര്യങ്ങളിൽ ഒരുവിധ വിട്ടുവീഴ്ചയും അനുവദിക്കുന്നില്ല. അത് തടവുകാരുടെ ഭരണഘടനപരമായ അവകാശമാണ്. മാത്രമല്ല, ആവിഷ്കാര സ്വാതന്ത്രത്തിന്റെ പേരിലോ അനുവദിക്കപ്പെട്ട രാഷ്ട്രീയ ഇടപെടൽ കാരണമോ ഒരാളും ബഹ്റെനിൽ അറസ്റ്റിലായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അന്തേവാസികൾക്ക് നൽകുന്ന ആരോഗ്യ പരിരക്ഷയുടെ ഗുണനിലവാരവും നിലവാരവും എല്ലാവർക്കും നൽകുന്നതുപോലെയാണ്. രോഗനിർണയം, വൈദ്യചികിത്സ, പ്രത്യേക പരിചരണം, വ്യക്തിഗത ഭക്ഷണ ആവശ്യകതകളും പുനരധിവാസ സേവനങ്ങളും തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. തടവുകാരുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നുവെന്ന് ഉറപ്പാക്കാൻ ബഹ്റൈൻ അന്തർദേശീയ സുരക്ഷ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അന്തേവാസികൾക്കോ അവരുടെ കുടുബാംഗങ്ങൾക്കോ പരാതികൾ ഉണ്ടെങ്കിൽ ഉന്നയിക്കാമെന്നും അദ്ദേഹം അറിയിച്ചു. തടവുകാരുടെ അവകാശ കമീഷനും ഓംബുഡ്സ്മാനും പോലുള്ള ഏജൻസികൾ ജയിൽ അവസ്ഥകളെക്കുറിച്ച് സമയ ബന്ധിതമായി പരിശോധനകൾ നടത്തുന്നുണ്ടെന്നും അൽ ദേരാസി കൂട്ടിച്ചേർത്തു. ബഹ്റൈൻ ഭരണഘടനയുടെ ആർട്ടിക്കിൾ 23 പ്രകാരം അഭിപ്രായസ്വാതന്ത്ര്യം വ്യക്തമായി സംരക്ഷിക്കപ്പെടുന്നു.
ബഹ്റൈൻ പ്രസ് ആൻഡ് പബ്ലിക്കേഷൻ നിയമം മാധ്യമപ്രവർത്തകരെയും സ്വതന്ത്ര പത്രസ്വാതന്ത്ര്യത്തെയും സംരക്ഷിക്കുന്നു. മനുഷ്യാവകാശ പരിഷ്കരണത്തിൽ ബഹ്റൈൻ കാര്യമായ മുന്നേറ്റം നടത്തിയതായി എൻ.ഐ.എച്ച്.ആർ ചെയർപേഴ്സൻ അറിയിച്ചു. ചൈൽഡ് റെസ്റ്റോറേറ്റിവ് ജസ്റ്റിസ് നിയമത്തിലൂടെ കുട്ടികളുടെ അവകാശങ്ങളിൽ ബഹ്റൈൻ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. മനുഷ്യക്കടത്ത് തടയുന്നതിലും സ്ത്രീകളുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലും വിവേചനം കൈകാര്യം ചെയ്യുന്നതിലും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും ബഹ്റൈന്റെ വിജയകരമായ ശ്രമങ്ങളെക്കുറിച്ചും അൽ ദേരാസി പരാമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

