അറാദിലെ ഗ്യാസ് സിലിണ്ടർ അപകടം; അന്വേഷണവുമായി പബ്ലിക് പ്രോസിക്യൂഷൻ
text_fieldsമനാമ:അറാദിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിയെത്തുടർന്ന് കെട്ടിടം തകർന്ന സംഭവത്തിൽ അന്വേഷണവുമായി പബ്ലിക് പ്രോസിക്യൂഷൻ. സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ട് അൽ ഹിദ്ദ് പൊലീസ് സ്റ്റേഷനിൽനിന്ന് ലഭിച്ചതായും സമഗ്രമായ അന്വേഷണം ആരംഭിച്ചതായും മുഹറഖ് ഗവർണറേറ്റ് ചീഫ് പ്രോസിക്യൂട്ടർ പറഞ്ഞു.
അന്വേഷണസംഘം സംഭവസ്ഥലം സന്ദർശിക്കുകയും അപകടത്തിന്റെ വ്യാപ്തിയെക്കുറിച്ച് വിലയിരുത്തുകയും ചെയ്തു. ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മരിച്ചവരുടെ മൃതദേഹം സംഘം നേരത്തേ പരിശോധനക്ക് വിധേയമാക്കിയിരുന്നു. പരിക്കേറ്റവരിൽനിന്നും സംഭവത്തിന് ദൃക്സാക്ഷിയായ 26 ആൾക്കാരിൽനിന്നും മൊഴി രേഖപ്പെടുത്തിയ സംഘം, ജീവൻ നഷ്ടമായവരുടെ മരണകാരണവും പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതിയും പരിശോധിക്കാൻ ഫോറൻസിക് വിദഗ്ധനെ ചുമതലപ്പെടുത്തുകയും ചെയ്തു. സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ സംഭവം നടന്ന സ്ഥലത്ത് സിവിൽ ഡിഫൻസ് വിദഗ്ദരെ നിയോഗിച്ചിട്ടുണ്ട്.
കെട്ടിടത്തിന്റെ തകർച്ചയുടെ കാരണം കണ്ടെത്താൻ തൊഴിൽ സുരക്ഷാ വിദഗ്ദരെയും ചുമതലപ്പെടുത്തി. സംഭവത്തെക്കുറിച്ചുള്ള പൂർണവിവരത്തിന് നിയോഗിക്കപ്പെട്ട വിദഗ്ദരുടെ റിപ്പോർട്ടുകൾക്കായി കാത്തിരിക്കയാണ് പബ്ലിക് പ്രോസിക്യൂഷൻ. അറാദിലെ സീഫ് മാളിന് സമീപത്തെ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ബഹ്റൈനി റസ്റ്റാറന്റിലാണ് അപകടമുണ്ടായത്. സംഭവത്തിൽ രണ്ടുപേർ മരിച്ചിരുന്നു. ബഹ്റൈനി പൗരനായ അലി അബ്ദുല്ല അലി അൽ ഹമീദ് (66), ബംഗ്ലാദേശ് പൗരനായ ഷൈമോൾ ചന്ദ്ര ഷിൽ മൊനിന്ദ്ര (42) എന്നിവരാണ് മരിച്ചത്. വിലകുറഞ്ഞതും നിലവാരമില്ലാത്തതുമായ നിർമാണപ്രവർത്തനങ്ങളിൽ ജാഗ്രത പാലിക്കാൻ സംഭവസ്ഥലം സന്ദർശിച്ച പബ്ലിക് സെക്യൂരിറ്റി ചീഫ് ലെഫ്റ്റനന്റ് ജനറൽ താരിഖ് അൽ ഹസൻ ആവശ്യപ്പെട്ടിരുന്നു.
എല്ലാ പ്രദേശത്തും പരിശോധനയിലേർപ്പെടുന്ന സിവിൽ ഡിഫൻസ് ഇത്തരം കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾക്കും സുരക്ഷാ നടപടികൾക്കും നൽകുന്ന നിർദേശങ്ങൾ പലരും അവഗണിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ തകർന്ന ജനലുകൾ, മറ്റ് ഗ്ലാസ് ഡോറുകൾ, ഇലക്ര്ടിക് ഉപകരണങ്ങൾ എന്നിവ മാറ്റിസ്ഥാപിക്കാനും സമീപത്തെ കെട്ടിടങ്ങളിൽ രൂപപ്പെട്ട വിള്ളലുകൾ, തകർന്നുവീണ മേൽക്കൂരകൾ എന്നിവ പുനർനിർമിക്കുന്നതിനും അറ്റകുറ്റപ്പണികൾ നടത്തുന്നതിനുമായി ഒരു ലക്ഷം ദിനാർ ശേഖരിക്കാൻ സംയുക്ത കാമ്പെയിനും നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

