മനാമ സെൻട്രൽ മാർക്കറ്റ് പുതിയ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കും
text_fieldsമനാമ സെൻട്രൽ മാർക്കറ്റ് (ഫയൽ ഫോട്ടോ)
മനാമ: തലസ്ഥാനത്തെ പ്രധാന മൊത്തവ്യാപാര മാർക്കറ്റായ മനാമ സെൻട്രൽ മാർക്കറ്റ് പുതിയ സ്ഥത്തേക്ക് മാറ്റി സ്ഥാപിക്കും. നിലവിലെ മാർക്കറ്റ് നേരിടുന്ന സ്ഥലപരിമിതിയും അത് മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്കും ട്രക്കുകൾക്ക് വന്നുപോവാനുള്ള പ്രയാസങ്ങളും വിലയിരുത്തിയാണ് മാർക്കറ്റ് മാറ്റി സ്ഥാപിക്കാനുള്ള തീരുമാനമായത്.
കാലപ്പഴക്കം കൊണ്ടുണ്ടാകുന്ന കേടുപാടുകൾ അറ്റകുറ്റപ്പണികൾ കൊണ്ട് പരിഹരിച്ചു പോരുകയായിരുന്നു. എന്നാൽ അതിനായി വർഷാവർഷം വരുന്ന ഭീമമായ ചെലവും നിലവിൽ നേരിടുന്ന സ്ഥലപരിമിതിയും കാരണം മറ്റൊരു സ്ഥലത്തേക്ക് വിശാലമായ മാർക്കറ്റ് ഒരുക്കുക എന്ന തീരുമാനത്തിലേക്കെത്തുകയായിരുന്നെന്ന് മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രി വഈൽ ബിൻ നാസർ അൽ മുബാറക് പാർലമെന്റിൽ സ്ഥലംമാറ്റ വിഷയം ഉന്നയിച്ച് പറഞ്ഞു.
മികച്ച ആധുനിക സംവിധാനങ്ങളടങ്ങിയ മാർക്കറ്റ് വിശാലമായ സൗകര്യത്തിൽ കിങ് ഫഹദ് കോസ്വേക്ക് സമീപം ഹമലയിലെ ബുരിയിലെ ഒരു ഒഴിഞ്ഞ പ്രദേശത്തേക്ക് മാറ്റിസ്ഥാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മാർക്കറ്റ് ബുരിയിലേക്ക് മാറുന്നതോടെ മനാമ സെൻട്രൽ മാർക്കറ്റെന്ന പേര് ബഹ്റൈൻ സെൻട്രൽ മാർക്കറ്റെന്നാവുമെന്ന് കാപിറ്റൽ ട്രസ്റ്റി ബോർഡ് ചെയർമാൻ സാലിഹ് തറാദ പറഞ്ഞു. ജനസാന്ദ്രതയേറിയ മനാമ പ്രദേശത്ത് മാർക്കറ്റ് പുതുക്കിപ്പണിയുന്നതുകൊണ്ട് കാര്യമായ നേട്ടമുണ്ടാക്കില്ല. നിലവിലെ ഗതാഗതക്കുരുക്കും തിരക്കും വീണ്ടും നിലനിൽക്കും.
ഇതിന് ബദലായി വ്യാപാരം വർധിപ്പിക്കേണ്ടതിന്റെയും കൂടുതൽ പേരെ ഉൾക്കൊള്ളിക്കേണ്ടതിന്റെയും ആവശ്യകതകളെക്കുറിച്ച് വർഷങ്ങളായി നടത്തിവരുന്ന ചർച്ചകൾക്കൊടുവിലാണ് മാർക്കറ്റ് സൗകര്യമുള്ള മറ്റൊരു സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കാൻ തീരുമാനമായത്. അറ്റകുറ്റപ്പണികൾക്കായി സർക്കാർ വലിയതുക നിലവിലെ മാർക്കറ്റിന് ചെലവാക്കിക്കൊണ്ടിരിക്കുന്നുണ്ട്. നവീകരണമല്ല കൂടുതൽ പ്രായോഗികമായ ഒരു പരിഹാരമാണ് വേണ്ടതെന്ന കണ്ടെത്തലും പുതിയ മാർക്കറ്റെന്ന തീരുമാനത്തിന് കാരണമായതായും കാപിറ്റൽ ട്രസ്റ്റി ബോർഡ് ചെയർമാൻ കൂട്ടിച്ചേർത്തു.
കിങ് ഫഹദ് കോസ്വേക്ക് സമീപത്തേക്ക് മാർക്കറ്റ് മാറുന്നതോടെ ഇറക്കുമതിക്കാർക്കും മൊത്തക്കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കും ഏറെ പ്രയോജനമാകും.കൂടാതെ സൗദിയിൽനിന്നും ബഹ്റൈനിലെ മറ്റു സ്ഥലങ്ങളിൽനിന്നും വരുന്നവർക്ക് വേഗത്തിൽ എത്തിച്ചേരാനുമാകും. നിലവിലുള്ള സെൻട്രൽ മാർക്കറ്റിലെ വ്യാപാരികൾക്ക് ബുദ്ധിമുട്ടാകാത്ത രൂപത്തിൽ പുതിയ മാർക്കറ്റിന്റെ പണി ഘട്ടംഘട്ടമായാണ് തീർക്കുകയെന്നും ഇത് ഒരു രാത്രികൊണ്ട് സംഭവിക്കുന്ന മാറ്റമായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ സൗകര്യമുള്ള പാർക്കിങ് സ്ഥലങ്ങൾ, കോൾഡ് സ്റ്റോറേജ് സൗകര്യങ്ങൾ, നിയുക്ത മൊത്ത, ചില്ലറ വ്യാപാര മേഖലകൾ എന്നിവ നിർദിഷ്ട മാർക്കറ്റിന്റെ പ്രധാന സവിശേഷതകളായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

