മിശ്കാത്ത് അൽ അൻവർ ട്രേഡിങ് കമ്പനി ഒന്നാം വാർഷികം ആഘോഷിച്ചു
text_fieldsമിശ്കാത്ത് അൽ അൻവർ ട്രേഡിങ് ഒന്നാം വാർഷികത്തിൽ മാനേജ്മെന്റ് അതിഥികൾക്കൊപ്പം
മനാമ: ബഹ്റൈനിലെ വളർന്നുവരുന്ന നഗരവത്കരണം വികസനത്തെ പുതിയ കാഴ്ചപ്പാടിലേക്ക് മാറ്റിയെന്ന് ഇലക്ട്രിക് ട്രേഡിങ് കമ്പനിയായ മിശ്കാത്ത് അൽ അൻവർ ട്രേഡിങ് കമ്പനി മാനേജിങ് ഡയറക്ടർ അബ്ബാസ് സാക്കിയ. ഇത് നിർമാണ വ്യവസായങ്ങൾക്കും വിതരണക്കാർക്കും നിർമാതാക്കൾക്കും പുതിയ അവസരങ്ങൾ സൃഷ്ടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നൂറ്റാണ്ടുകളുടെ പഴക്കമുള്ള എ.എ കോത്തംബവാല ഗ്രൂപിന്റെ ഭാഗമായ കമ്പനിയുടെ ഒന്നാം വാർഷികാഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഹ്റൈനിലെ ക്രൗൺ പ്ലാസയിൽ സംഘടിപ്പിച്ച പരിപാടിയിൽ വ്യവസായ വാണിജ്യ മന്ത്രാലയത്തിലെ ആഭ്യന്തര വിദേശ വ്യാപാര അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ശൈഖ് ഹമദ് ബിൻ സൽമാൻ ആൽ ഖലീഫ മുഖ്യാതിഥിയായിരുന്നു. എൽ.എം.ആർ.എ സി.ഇ.ഒ നിബ്രാസ് താലിബ്, മുഹമ്മദ് ജനാഹി എം.പി, ഫ്രഞ്ച്, ഇന്ത്യൻ എംബസി പ്രതിനിധികൾ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ, ഉപഭോക്താക്കൾ, മറ്റു വിശിഷ്ടാതിഥികൾ എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.
ബിസിനസ് പരിപോഷിപ്പിക്കുന്നതിനായി ബഹ്റൈൻ നൽകുന്ന ബിസിനസ് സൗഹൃദ അന്തരീക്ഷത്തിന് അബ്ബാസ് നന്ദി പറഞ്ഞു. ഞങ്ങളുടെ വിജയകരമായ ഒരു വർഷത്തെ ജൈത്രയാത്രയിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ സാമ്പത്തിക കാഴ്ചപ്പാടിന് അനുസൃതമായ കോർപറേറ്റ് ഉത്തരവാദിത്തങ്ങളിൽ ഞങ്ങൾക്ക് ജാഗ്രതയുണ്ടായിരുന്നുവെന്ന് ഗ്രൂപ് ചെയർമാൻ സാബിർ യൂസുഫ് പറഞ്ഞു. അന്താരാഷ്ട്ര തലത്തിലെ മികച്ച ഒട്ടനവധി ബ്രാൻഡുകളുമായി ഞങ്ങൾ ശക്തമായ വ്യാപാരം സ്ഥാപിച്ചിട്ടുണ്ടെന്ന് മാർക്കറ്റിങ് ഡയറക്ടർ ബുർഹാനുദ്ദീൻ അബ്ബാസ് പറഞ്ഞു.
കമ്പനിയുടെ നേട്ടങ്ങളെ അഭിനന്ദിച്ച ശൈഖ് ഹമദ് ബിൻ സൽമാൻ ആൽ ഖലീഫ കോത്തംബവാല ഗ്രൂപ്പിന്റെ പാരമ്പര്യത്തെ നിലനിർത്തുന്നതിലും രാജ്യ പുരോഗതിയെ പിന്തുണക്കുന്നതിനും ആശംസകൾ അറിയിച്ചു. ബഹ്റൈനിന്റെ സാമ്പത്തിക പുരോഗതിക്കായി ആഗോള ബ്രാൻഡുകളെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിലുള്ള മിശ്കാത്തിന്റെ പ്രതിബദ്ധതയെ ആർ.ആർ മിഡിൽ ഈസ്റ്റ് മാനേജിങ് ഡയറക്ടർ ബിബിൻ കൗൾ അഭിനന്ദിച്ചു. ചടങ്ങിൽ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് ലോഞ്ച് ചെയ്തു. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും മാനേജിങ് ഡയറക്ടർ അബ്ബാസ് സാക്കിയ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

