പുതുമയോടെ ഇന്ത്യൻ ഡിജിറ്റൽ പാസ്പോർട്ട് ഇനി ബഹ്റൈനിലും ലഭ്യം
text_fieldsഅതിസുരക്ഷയോടെയും സാങ്കേതികമാറ്റങ്ങളോടെയും പുതുമയോടെയും ഇന്ത്യൻ ഗവൺമെന്റ് പുറത്തിറക്കുന്ന പുതിയ ഡിജിറ്റൽ പാസ്പോർട്ടിനെ കുറിച്ച് എല്ലാവരും അറിഞ്ഞുകാണുമല്ലോ. 2024 ഏപ്രിലിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ പാസ്പോർട്ട് സേവാ പ്രോഗ്രാം 2.0ന്റെ ഭാഗമായാണ് ഡിജിറ്റൽ പാസ്പോർട്ട് എന്ന ആശയം പിറന്നത്. നേരത്തെ ഇന്ത്യക്കകത്തും മറ്റു ചിലയിടങ്ങളിലും മാത്രമായിരുന്നു ഇതിന്റെ ലഭ്യതയുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ലോകത്തിന്റെ ഒട്ടുമിക്കയിടങ്ങളിലും എംബസി മുഖേനെ പാസ്പോർട്ട് ലഭിക്കുന്നുണ്ട്. അതിന്റെ ഭാഗമായി ബഹ്റൈനിലും നിലവിൽ ഡിജിറ്റൽ പാസ്പോർട്ട് ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്.
പാസ്പോർട്ടിന്റെ മുൻ പേജിൽ ഘടിപ്പിച്ചിട്ടുള്ള ഒരു ചിപ്പ് മുഖേനയാണ് പാസ്പോർട്ട് പ്രവർത്തിക്കുന്നത്. വിരലടയാളം, മുഖചിത്രം, വ്യക്തിഗത വിവരങ്ങൾ, ബയോമാട്രിക് വിവരങ്ങൾ എന്നിവ ഈ ചിപ്പിൽ അടങ്ങിയിരിക്കും. ഈ പാസ്പോർട്ട് കൈവശമുള്ളവർക്ക് ഇനി എയർപോർട്ടുകളിലെ ഇ-ഗൈറ്റ് സംവിധാനം വഴി എളുപ്പം എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാനാകും. ഇന്റർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ ഏകോപിപ്പിച്ചിട്ടുള്ള എല്ലാ എയർപോർട്ടുകളിലും ഈ പാസ്പോർട്ട് നമുക്ക് ഉപയോഗിക്കാം. സുരക്ഷയും വേഗത്തിലുള്ള പ്രൊസസിങ്ങും ഈ ചിപ്പുകളുടെ പ്രത്യേകതയാണ്. വ്യാജമായോ മറ്റോ ഇനി പാസ്പോർട്ട് നിർമിക്കാൻ കഴിയില്ല എന്നാണ് അധികൃതർ ഡിജിറ്റൽ പാസ്പോർട്ട് പുറത്തിറക്കിയതിലൂടെ വ്യക്തമാക്കുന്നത്.
59 ഓളം രാജ്യങ്ങളിൽ നിലവിൽ ഈ പാസ്പോർട്ട് സാധുവാണ്. 29 ഓളം രാജ്യങ്ങളിൽ ഓൺ അറൈവൽ വിസയും 35 ഓളം രാജ്യങ്ങളിൽ വിസയില്ലാതെയും ആ പാസ്പോർട്ട് മുഖേനെ പ്രവേശിക്കാനാകുമെന്നാണ് അറിയാൻ കഴിഞ്ഞത്. നിലവിലുള്ള പാസ്പോർട്ട് കാലാവധി കഴിഞ്ഞവർക്കും പുതിയ പാസ്പോർട്ട് എടുക്കുന്നവർക്കും ഇനി മുതൽ ഇത്തരത്തിലുള്ള പാസ്പോർട്ടാണ് ലഭിക്കുക. അന്താരാഷ്ട്ര യാത്ര എളുപ്പമാക്കുക, സുരക്ഷ വർധിപ്പിക്കുക, വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമായി വെക്കുക എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

