കുടിവെള്ള ഗുണനിലവാരം ശുവൈഖിൽ പുതിയ ലാബ് വരുന്നു
text_fieldscകുവൈത്ത് സിറ്റി: രാജ്യത്തെ കുടിവെള്ളത്തിന്റെ രാസ, ബാക്ടീരിയ ഘടകങ്ങൾ സൂക്ഷ്മമായി പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്താനായി ശുവൈഖിൽ അത്യാധുനിക ലാബ് വരുന്നു. ഉൽപാദനം മുതൽ ഉപഭോക്താക്കളിൽ എത്തുന്നതുവരെയുള്ള വെള്ളത്തിന്റെ ശുദ്ധി ഉറപ്പാക്കുന്ന വാട്ടർ റിസോഴ്സസ് ഡെവലപ്മെന്റ് സെന്ററിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ‘സാങ്കേതികവിദ്യയും സുസ്ഥിരതയും ഒത്തുചേരുമ്പോൾ’ പ്രമേയത്തിൽ സംഘടിപ്പിച്ച നാലാമത് സുസ്ഥിരത കാമ്പയിനോടനുബന്ധിച്ച പരിപാടിയിലാണ് അധികൃതർ ഇക്കാര്യം സൂചിപ്പിച്ചത്.
കുട്ടികളിലും യുവാക്കളിലും ഊർജ്ജ-ജല സംരക്ഷണ സംസ്കാരം വളർത്തിയെടുക്കാനും സുസ്ഥിരതാ ആശയങ്ങൾ വ്യാപിപ്പിക്കാനുമാണ് ജല വൈദ്യുത മന്ത്രാലയം കാമ്പയിൻ നടത്തുന്നത്. സാങ്കേതികവിദ്യയുടെ സഹായത്തോടെ ഊർജ്ജ ഉപഭോഗം കുറക്കാനുള്ള മാർഗ്ഗങ്ങൾ സംബന്ധിച്ച് ബോധവത്കരണം നടത്തും.
അറബ് രാജ്യങ്ങളിൽ കുടിവെള്ളത്തിന്റെ ഗുണനിലവാരം ഏറ്റവും കൂടുതലുള്ളത് കുവൈത്തിലാണ്. ഇതുസംബന്ധിച്ച ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിൽ ഇക്കാര്യം പറയുന്നുണ്ട്. നിരന്തര പരിശോധനകളാണ് ഇക്കാര്യത്തിൽ കുവൈത്ത് നടത്തുന്നത്. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ശുദ്ധീകരണത്തിനുള്ള ചെലവ് കുറക്കുകയും വെള്ളത്തിന്റെ ഗുണമേന്മ വർധിപ്പിക്കുകയുമാണ് ലക്ഷ്യം. ഭാവിയിൽ ജലദൗർലഭ്യം നേരിടുമെന്ന് രാജ്യം ഭയക്കുന്നുണ്ട്.
ഭൂഗർഭ ജലനിരക്ക് താഴാതിരിക്കാൻ മന്ത്രാലയം കഠിനപ്രയത്നം നടത്തുന്നു. അയൽ രാജ്യങ്ങളിൽ ഭൂഗർഭ ജല തോത് താഴുന്നതാണ് മുൻകരുതലെടുക്കാൻ പ്രേരിപ്പിച്ചത്. ശുദ്ധീകരിക്കുന്ന കടൽ വെള്ളത്തെയാണ് രാജ്യം മുഖ്യമായും ആശ്രയിക്കുന്നത്. ഭൂഗർഭ ജലത്തെ മാത്രം ആശ്രയിച്ചാൽ ഒരു മാസത്തേക്ക് പോലും തികയില്ല. ആളോഹരി ജലോപയോഗത്തിെൻറ കാര്യത്തിൽ ലോകതലത്തിൽ കുവൈത്ത് മുന്നിലാണ്. ഏതു വിധേനയും ജലോപയോഗം കുറക്കാനുള്ള തീവ്രശ്രമത്തിലാണ് അധികൃതർ. വെള്ളത്തിനും വൈദ്യുതിക്കും സബ്സിഡിയായി പൊതുബജറ്റിൽ വലിയ തുക മാറ്റിവെക്കേണ്ടിവരുന്ന സാഹചര്യമാണ് നിലവിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

