വാഹന പരിശോധനക്ക് ജനാബിയയിൽ പുതിയ കേന്ദ്രം
text_fieldsജനാബിയയിൽ വാഹനപരിശോധനക്ക് പുതിയ കേന്ദ്രം ആരംഭിച്ചപ്പോൾ
മനാമ: ബഹ്റൈനിലെ ഗതാഗതമേഖലയുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി, രാജ്യത്ത് വാഹനങ്ങളുടെ സാങ്കേതിക പരിശോധനക്കായി പതിമൂന്നാമത് കേന്ദ്രം തുറന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം ഈ സേവനം സ്വകാര്യമേഖലക്ക് കൈമാറുന്നതിന്റെ ഭാഗമായാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പുതിയ കേന്ദ്രം ഉദ്ഘാടനം ചെയ്തത്.
ബഹ്റൈൻ 2030 വിഷൻ, സർക്കാർ കർമ പരിപാടി എന്നിവയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി ആഭ്യന്തരമന്ത്രി ഫീൽഡ് മാർഷൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ നിർദേശങ്ങൾക്കനുസരിച്ചാണ് ഈ നീക്കം. ആഭ്യന്തര മന്ത്രാലയവും സ്വകാര്യമേഖലയുമായുള്ള സഹകരണം ശക്തിപ്പെടുത്തിക്കൊണ്ട് അൽ ജനാബിയ മേഖലയിലാണ് പുതിയ വാഹന പരിശോധനകേന്ദ്രം പ്രവർത്തനമാരംഭിച്ചത്.
രാജ്യത്തുടനീളം വിവിധ ഗവർണറേറ്റുകളിൽ നിലവിലുള്ള വാഹനപരിശോധന കേന്ദ്രങ്ങളുടെ ശൃംഖലയിലേക്കുള്ള ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണിത്. പൗരന്മാരുടെയും താമസക്കാരുടെയും വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഗതാഗത സേവനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ഈ കേന്ദ്രം സഹായിക്കും. വാഹനങ്ങളുടെ കാര്യക്ഷമതയും സുരക്ഷിതത്വവും ഉറപ്പാക്കിക്കൊണ്ട് റോഡ് സുരക്ഷാനിലവാരം ഉയർത്താനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രമങ്ങൾക്ക് ഈ സ്വകാര്യവത്കരണം കൂടുതൽ കരുത്തുപകരും.വാഹനപരിശോധനസേവനം സ്വകാര്യമേഖലക്ക് നൽകാനുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ പദ്ധതികളും ലക്ഷ്യങ്ങളും റോഡ് സുരക്ഷാ നിലവാരം വർധിപ്പിക്കുന്നതിൽ മന്ത്രാലയം നൽകുന്ന പ്രാധാന്യം വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

