യു.കെയിലെ പുതിയ ഇമിഗ്രേഷൻ നിയമം ഇടപെടൽ ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ
text_fieldsമനാമ: യു.കെയിലെ പുതിയ ഇമിഗ്രേഷൻ നിയമത്തിൽ ഇന്ത്യൻ സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ. യുകെയിലെ പുതിയ ഇമിഗ്രേഷൻ നടപടികൾ ആയിരക്കണക്കിന് ഇന്ത്യൻ കുടിയേറ്റക്കാരെ സാരമായി ബാധിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനും ലണ്ടനിലെ ഇന്ത്യൻ ഹൈകമ്മീഷനർക്കും നിവേദനം സമർപ്പിച്ചത്.
നിലവിലെ നിയമങ്ങൾ പ്രകാരം അഞ്ച് വർഷം കൊണ്ട് ലഭിച്ചിരുന്ന സ്ഥിരതാമസ അനുമതി (ഐ.എൽ.ആർ) പലർക്കും പത്ത് വർഷമോ അതിൽ കൂടുതലോ, 15 വർഷം വരെയോ കാത്തിരിക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് പ്രവാസി ലീഗൽ സെല്ലിന്റെ ഇടപെടൽ. വലിയ സാമ്പത്തിക ബാധ്യതയോടെയാണ് നിരവധിയായ ഇന്ത്യക്കാർ യുകെയിൽ അഞ്ച് വർഷം കൊണ്ട് സ്ഥിരതാമസ അനുമതി ലഭിക്കും എന്ന പ്രതീക്ഷയോടെ കുടിയേറിയത്.പുതിയ നയം ഇന്ത്യക്കാരെ കടുത്ത മാനസിക സംഘർഷത്തിലേക്കുനയിക്കും. ഈ സാഹചര്യത്തിലാണ് ഇന്ത്യൻ സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രെസിഡന്റ് അഡ്വ. ജോസ് എബ്രഹാം, യു.കെ ചാപ്റ്റർ പ്രെസിഡന്റ് അഡ്വ. സോണിയ സണ്ണി തുടങ്ങിയവർ നിവേദനം നൽകിയത്.
ഇന്ത്യയുമായി നല്ല ബന്ധം പുലർത്തുന്ന യു.കെ അധികൃതർ ഈ വിഷയം അനുഭാവപൂർവം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവ് സുധീർ തിരുനിലത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

