ബഹുരാഷ്ട്ര സംരംഭങ്ങൾക്കുള്ള പുതിയ നികുതി നിയമം; ചൊവ്വാഴ്ച ശൂറ കൗൺസിൽ ചർച്ച ചെയ്യും
text_fieldsമനാമ: ഒന്നിലധികം രാജ്യങ്ങളിൽ ബിസിനസ് പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചിട്ടുള്ള ബഹുരാഷ്ട്ര സംരഭങ്ങൾക്ക് (എം.എൻ.ഇ) പുതിയ നികുതി ഏർപ്പെടുത്താനുള്ള നിയമം ചൊവ്വാഴ്ച ശൂറ കൗൺസിൽ ചർച്ച ചെയ്യും.പാർലമെന്റ് അംഗീകാരത്തെത്തുടർന്നാണ് നിർദേശം ശൂറ ചർച്ചക്കും വോട്ടിനുമിടുന്നത്. 2024 ആഗസ്റ്റിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ പുറപ്പെടുവിച്ച ബഹുരാഷ്ട്ര സംരംഭങ്ങൾക്കുള്ള ആഭ്യന്തര മിനിമം ടോപ്പ്-അപ്പ് ടാക്സ് നിയമത്തെയാണ് എം.പിമാർ വോട്ടിനിട്ടതും അംഗീകരിച്ചതും.
പുതിയ നിയമ പ്രകാരം ഇത്തരം കമ്പനികൾക്ക് 15 ശതമാനം കുറഞ്ഞ നികുതി ചുമത്തും. ഇതോടെ ആഭ്യന്തര സമ്പദ് വ്യവസ്ഥക്ക് ബിസിനസുകൾ ന്യായമായ സംഭാവന നൽകുന്നുണ്ടെന്ന് ഉറപ്പ് വരുത്തും.നിർദിഷ്ട നിയമപ്രകാരം രാജ്യത്ത് 348 ബഹുരാഷ്ട്ര കമ്പനികൾ നിന്നായി 130 ദശലക്ഷം ദീനാർ വാർഷിക നികുതി വരുമാനം പ്രതീക്ഷിക്കുന്നുണ്ടെന്ന് ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ പറഞ്ഞു.
ഈ വരുമാനം ബഹ്റൈന്റെ സാമ്പത്തിക സ്ഥിതിക്ക് കാര്യമായ സംഭാവനയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ധനപരമായ സുസ്ഥിരത കൈവരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ശൈഖ് സൽമാൻ പറഞ്ഞു.കൂടാതെ വിദേശ നിക്ഷേപത്തിനുള്ള ആകർഷകമായ രാജ്യമെന്ന നിലയിൽ ബഹ്റൈന്റെ സ്ഥാനം ശക്തിപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

