ബഹ്റൈന്റെ സാംസ്കാരികപ്പെരുമ പുറത്തെത്തിക്കാൻ പുതിയ പദ്ധതികൾ
text_fieldsഡോ. റംസാൻ അൽ നുഐമി
മനാമ: ബഹ്റൈന്റെ ദേശീയ സ്വത്വവും സാംസ്കാരിക പൈതൃകവും മാധ്യമങ്ങളിലൂടെയും വിവിധ പരിപാടികളിലൂടെയും ആഗോളതലത്തിൽ എത്തിക്കാൻ സമഗ്രമായ കർമപദ്ധതിയുമായി ഇൻഫർമേഷൻ മന്ത്രാലയം. രാജ്യാന്തര പുസ്തകമേളയുടെ തിരിച്ചുവരവ് ഉൾപ്പെടെയുള്ള സുപ്രധാന പ്രഖ്യാപനങ്ങൾ ഇൻഫർമേഷൻ മന്ത്രി ഡോ. റംസാൻ അൽ നുഐമി പാർലമെന്റിൽ നടത്തി. ബഹ്റൈൻ ടെലിവിഷൻ, റേഡിയോ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ എന്നിവ വഴി രാജ്യത്തിന്റെ കലയും പൈതൃകവും പ്രചരിപ്പിക്കുന്നതിൽ മന്ത്രാലയം പ്രധാന പങ്ക് വഹിക്കുന്നു. 'ഷംസ് അൽ ബഹ്റൈൻ', 'മസാ അൽ ഖൈർ', റേഡിയോ പ്രോഗ്രാം ആയ 'സബാഹ് അൽ ഖൈർ യാ ബഹ്റൈൻ' എന്നിവയിലൂടെ സാംസ്കാരികസംരംഭങ്ങൾക്കും പ്രാദേശിക കലാകാരന്മാർക്കും വലിയ പ്രാധാന്യം നൽകുന്നുണ്ട്. വരാനിരിക്കുന്ന റമദാൻ സീസണിൽ 28 മത-സാമൂഹിക-സാംസ്കാരിക പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
നാടൻകലകൾക്കും കരകൗശല വിദ്യകൾക്കും ഇതിൽ മുൻഗണന നൽകും. ഏറെക്കാലമായി കാത്തിരിക്കുന്ന ബഹ്റൈൻ രാജ്യാന്തര പുസ്തകമേളയുടെ പുനരാരംഭത്തെക്കുറിച്ചും മന്ത്രി വിശദീകരിച്ചു. 2018ലാണ് അവസാനമായി മേള നടന്നത്. കോവിഡ്-19 മഹാമാരിയും പിന്നീട് സാങ്കേതികവും സാമ്പത്തികവുമായ കാരണങ്ങളാലുമാണ് മേള വൈകിയത്. ഇലക്ട്രോണിക് രജിസ്ട്രേഷൻ സംവിധാനം, സ്വകാര്യ പങ്കാളിത്തം എന്നിവയിലൂടെ ചെലവ് കുറച്ച് മേള സംഘടിപ്പിക്കാൻ ബഹ്റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസ് തയാറെടുപ്പുകൾ പൂർത്തിയാക്കി വരികയാണ്. കൃത്യമായ തീയതി ഉടൻ പ്രഖ്യാപിക്കും.
ബഹ്റൈൻ ഹോളിഡേയ്സ് ഫെസ്റ്റിവൽ, ഹെറിറ്റേജ് വില്ലേജിൽ നടക്കുന്ന 'അൽ സരിയ ഈവനിങ്സ്' തുടങ്ങിയവയിലൂടെ ബഹ്റൈന്റെ തനത് സംസ്കാരം സംരക്ഷിക്കപ്പെടുമെന്ന് മന്ത്രി പറഞ്ഞു.
പ്രാദേശിക എഴുത്തുകാരെ പിന്തുണക്കുന്നതിനായി 2020നും 2025നും ഇടയിൽ നിരവധി പ്രാദേശിക പുസ്തകമേളകൾ സംഘടിപ്പിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

