പ്രത്യാശയുടെ പുതുനാമ്പുകൾ
text_fieldsഫാ. ബിജു ഫീലിപ്പോസ് കാട്ടുമറ്റത്തിൽ
വികാരി, സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ്
കത്തീഡ്രൽ, ബഹ്റൈൻ
മനുഷ്യഹൃദയത്തിൽ പ്രത്യാശയുടെയും പ്രതീക്ഷയുടെയും പുതുനാമ്പുകൾ ഉണർത്തുന്ന മറ്റൊരു ക്രിസ്മസിനെ നാം വരവേൽക്കുകയായി. മനുഷ്യസമൂഹം ആകമാനം ഭയത്തിെൻറയും നിരാശയുടെയും ഭീകരമായ ഒരു കാലഘട്ടത്തിലൂടെ കടന്നുപോവുകയാണ്. കോവിഡ് എന്ന മഹാവ്യാധി ലോകത്തെയാകെ പിടിച്ചുലക്കുകയും സ്തംഭിപ്പിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ, ശാന്തിയുടെയും സമാധാനെൻറയും ദൂതറിയിക്കുന്ന ക്രിസ്മസിന് ഏറെ പ്രസക്തിയുണ്ട്.
മനുഷ്യൻ പാപത്തിന് അടിമപ്പെടുകയും ദൈവത്തിൽനിന്ന് അകന്നുപോവുകയും സ്വന്തം പ്രതിച്ഛായ നഷ്ടപ്പെടുത്തുകയും ചെയ്തപ്പോഴാണ് ദൈവം മനുഷ്യനെ തേടി മനുഷ്യനായി ഭൂമിയിൽ അവതാരം ചെയ്തത്.
കോവിഡ് മഹാമാരി മനുഷ്യ ജീവിതങ്ങളെ ഏറെ ദുരിതത്തിൽ ആക്കുകയും മനുഷ്യൻ ആശങ്കകളുടെയും നിരാശയുടെയും തിരത്തല്ലലുകളിൽ പെട്ടുഴലുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ പ്രത്യാശയുടെ നങ്കൂരം ആയി ക്രിസ്മസ് നിലകൊള്ളുകയാണ്.
ദൈവസ്നേഹത്തിെൻറ അവാച്യമായ അനുഭവമാണ് ക്രിസ്മസ് മാനവ ജാതിക്ക് കൈമാറുന്നത്. അമേരിക്കൻ കവയിത്രിയും ഗ്രന്ഥകാരിയും സാമൂഹിക പ്രവർത്തകയുമായ മായ ഏഞ്ജലോ ഒരിക്കൽ പറഞ്ഞു;'ഭയത്തിെൻറയും പേടിയുടെയും പരിതസ്ഥിതിയിൽ ക്രിസ്മസ് സന്തോഷത്തിെൻറ പ്രകാശത്തെ പ്രവഹിപ്പിക്കുന്നു, പ്രത്യാശയുടെ മണിനാദം ഉയർത്തുന്നു, തെളിഞ്ഞ അന്തരീക്ഷത്തിൽ ക്ഷമയുടെ സ്തുതിഗീതം ഉച്ചത്തിൽ പാടുന്നു. ലോകം വിദ്വേഷത്തിൽ നിന്ന് അകന്ന് മൈത്രിയുടെയും സൗഹാർദത്തിെൻറയും പാതയിലേക്ക് മടങ്ങിയെത്തുന്നു.'
നൂറ്റാണ്ടുകൾക്കുമുമ്പ് പ്രവാചകന്മാർ മുൻ അറിയിച്ച 'കന്യക ഗർഭം ധരിച്ച് ഒരു മകനെ പ്രസവിക്കും, അവന് ദൈവം നമ്മോടുകൂടെ എന്നർഥമുള്ള ഇമ്മാനുവേൽ എന്ന് പേര് വിളിക്കണം'എന്ന പ്രവചനം ക്രിസ്തുവിെൻറ ജനനത്തിൽ നിറവേറ്റപ്പെട്ടു. ദൈവം ഭൂമിക്കു മുകളിൽ സ്വർഗത്തിലോ സ്വർഗാധി സ്വർഗത്തിലോ വസിക്കുന്നു എന്ന മനുഷ്യ സങ്കൽപത്തിൽ നിന്ന് ദൈവം മനുഷ്യനോടു കൂടെ വസിക്കുന്നു എന്ന യാഥാർഥ്യ ബോധത്തിലേക്ക് എത്തിച്ചേരാൻ ക്രിസ്മസ് മനുഷ്യ ജാതിയെ സഹായിച്ചു.
കൂടെ വസിക്കുന്ന ദൈവം മനുഷ്യെൻറ വേദനകളിൽ സഹതപിക്കാനും കണ്ണീരൊപ്പാനും സഹായിക്കാനും മതിയായവൻ എന്ന് ക്രിസ്തു തെൻറ മനുഷ്യാവതാരത്തിലൂടെ ലോകത്തിന് വെളിപ്പെടുത്തി. ക്രിസ്മസ് പങ്കുവെക്കലിെൻറയും വിട്ടുകൊടുക്കലിെൻറയും ദിവ്യ സന്ദേശമാണ് ലോകത്തിന് നൽകുന്നത്. സ്വർഗത്തിൽ മാത്രം വസിക്കാമായിരുന്ന ദൈവം സ്വർഗത്തിെൻറ മഹിമാവസ്ഥയെ വിട്ടു ഭൂമിയിലേക്ക് താണിറങ്ങി വന്നു.
ഈ വിട്ടുകൊടുക്കലിെൻറ സന്ദേശം ഹൃദയത്തിൽ ഏറ്റുവാങ്ങുന്നവർക്ക് ക്രിസ്മസ് ഒരു യഥാർഥ അനുഭവം ആയിത്തീരും. അതിലൂടെ പരസ്പരം സ്നേഹിക്കാനും കരുതുവാനും ശുശ്രൂഷിക്കാനും നമുക്ക് സാധിക്കും. ഏവർക്കും ഹൃദയംഗമായ ക്രിസ്മസ് മംഗളാശംസ നേരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

