സ്വകാര്യ മേഖലയിലെ വിദേശി നിയമനത്തിന് പുതിയ നിയന്ത്രണം
text_fieldsമനാമ: സ്വകാര്യ മേഖലയിൽ വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് മുമ്പ് ഒഴിവുകൾ പ്രാദേശികമായി പരസ്യം ചെയ്യണമെന്നും സ്വദേശികൾക്ക് മുൻഗണന നൽകണമെന്നും ബഹ്റൈൻ തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. എം.പി മുഹമ്മദ് അൽ രിഫായിയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഒഴിവുകൾ ഏഴ് ദിവസത്തേക്ക് പ്രാദേശികമായി പരസ്യം ചെയ്യണം, സ്വദേശി ഉദ്യോഗാർഥികൾക്കായി 21 ദിവസം അപേക്ഷ കാലപരിധി കണ്ടെത്തണം, ഈ കാലയളവിനുള്ളിൽ അനുയോജ്യരായ സ്വദേശികളെ ലഭിച്ചില്ലെങ്കിൽ മാത്രമേ വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് അനുമതി തേടാവൂ തുടങ്ങിയവയാണ് ഇതിനായി മന്ത്രാലയം നിശ്ചയിച്ച നിബന്ധനകൾ. കൂടാതെ ബഹ്റൈനിലെ സ്വകാര്യ മേഖലയിലെ തൊഴിൽ സാഹചര്യത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങളും മന്ത്രാലയം പുറത്തുവിട്ടു. നിലവിൽ 5,05,998 വിദേശികളാണ് സാധുവായ വർക്ക് പെർമിറ്റിൽ ജോലി ചെയ്യുന്നത്. 2025 ഒക്ടോബർ വരെയുള്ള കണക്കനുസരിച്ച്, 11,437 വിദേശ തൊഴിലാളികളും 5748 ഗാർഹിക തൊഴിലാളികളും വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാതെ തുടരുന്നുണ്ട്. വിദേശികൾ ഏറ്റവും കൂടുതൽ ജോലി ചെയ്യുന്നത് വ്യാപാര-വാഹന റിപ്പയറിങ് മേഖലയിലാണ്. കൺസ്ട്രക്ഷൻ, ഹോട്ടൽ-ഭക്ഷണ ശാലകൾ എന്നിവയാണ് തൊട്ടുപിന്നിൽ. സ്വകാര്യ മേഖലയിലെ 1,52,106 വിദേശ തൊഴിലാളികൾ അഞ്ച് വർഷത്തിലേറെയായി ഒരേ തൊഴിലുടമക്ക് കീഴിൽ തുടരുന്നവരാണെന്നും മന്ത്രാലയം വ്യക്തമാക്കി. സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ വഴിയാണ് ഇവരുടെ സേവന റെക്കോഡുകൾ നിരീക്ഷിക്കുന്നത്.
ദേശീയ തൊഴിൽ പ്ലാറ്റ്ഫോം വഴി സ്വദേശികൾക്ക് അനുയോജ്യമായ ജോലികൾ ലഭ്യമാക്കുന്നുണ്ടെന്നും തൊഴിലുടമകളെ സ്വദേശികളെ നിയമിക്കാൻ പ്രേരിപ്പിക്കുന്നുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. അതേസമയം, വിദേശികളുടെയും സ്വദേശികളുടെയും വേതനം സംബന്ധിച്ച കൃത്യമായ വിവരങ്ങൾ മറ്റു മന്ത്രാലയങ്ങളുടെ കൈവശമായതിനാൽ ഇപ്പോൾ ലഭ്യമാക്കാൻ കഴിയില്ലെന്ന് മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

