മനാമ സെൻട്രൽ മാർക്കറ്റിൽ ട്രക്കുകൾക്ക് പുതിയ പാർക്കിങ് ഫീസ്
text_fieldsമനാമ: മനാമ സെൻട്രൽ മാർക്കറ്റിലെ കടുത്ത ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനും ചരക്കുനീക്കം സുഗമമാക്കാനുമായി ട്രക്കുകൾക്ക് പുതിയ പാർക്കിങ് ഫീസ് ഘടന ഏർപ്പെടുത്തി ക്യാപിറ്റൽ ട്രസ്റ്റീസ് അതോറിറ്റി. സർക്കാർ ഉടമസ്ഥതയിലുള്ള ‘അമാകിൻ’ കമ്പനിക്കാണ് പാർക്കിങ് മാനേജ്മെന്റ് ചുമതല നൽകിയിരിക്കുന്നത്.
ആദ്യ 12 മണിക്കൂർ 10 ബഹ്റൈനി ദീനാർ, അധികമായി വരുന്ന ഓരോ മണിക്കൂറിനും രണ്ട് ബഹ്റൈനി ദീനാർ എന്ന നിരക്കിലാണ് പുതിയ ഫീസ് ഈടാക്കുന്നത്. പാർക്കിങ് ടിക്കറ്റ് നഷ്ടപ്പെട്ടാൽ 50 ബഹ്റൈനി ദീനാർ പിഴയും ഒടുക്കേണ്ടിവരുമെന്ന് അതോറിറ്റി അറിയിച്ചു.
ചിലർ പാർക്കിങ് ഇടങ്ങൾ കുത്തകയാക്കി വെക്കുന്നത് ഒഴിവാക്കാനും എല്ലാവർക്കും തുല്യമായ സൗകര്യം ഉറപ്പാക്കാനുമാണ് ഈ നീക്കമെന്നാണ് ഔദ്യോഗിക വിശദീകരണം.
അതോറിറ്റിയുടെ ഈ തീരുമാനം വ്യാപാരികൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ലോജിസ്റ്റിക്സ് ചെലവിലുണ്ടാകുന്ന ഈ വർധന പഴം, പച്ചക്കറി വിപണിയെ പ്രതികൂലമായി ബാധിക്കുമെന്ന് സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്ക് വക്താവ് ഖാലിദ് ബു ഓങ്ക് എം.പി മുന്നറിയിപ്പ് നൽകി. ചെലവ് വർധിക്കുന്നത് സാധാരണക്കാരായ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന ഉൽപന്നങ്ങളുടെ വില വർധിക്കാൻ കാരണമാകും. കുറഞ്ഞ ലാഭത്തിൽ പ്രവർത്തിക്കുന്ന ചെറുകിട വ്യാപാരികൾക്ക് ഈ അധിക ബാധ്യത താങ്ങാനാവില്ല.
എന്നാൽ, വ്യാപാരികളുമായി ആലോചിച്ചാണ് ഈ തീരുമാനം എടുത്തതെന്നാണ് അതോറിറ്റിയുടെ വാദം. വിപണിയുടെ സുസ്ഥിരത ഉറപ്പാക്കാൻ വ്യാപാരികളുമായി കൂടുതൽ ചർച്ചകൾ നടത്തുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

