ബഹ്റൈനിലെ മെഡിക്കൽ സ്ഥാപനങ്ങൾക്ക് ലൈസൻസ് നേടാൻ പുതിയ ഓൺലൈൻ പ്ലാറ്റ്ഫോം
text_fieldsമെഡിക്കൽ സ്ഥാപനങ്ങൾക്ക് ലൈസൻസ് നേടാൻ പുതിയ ഓൺലൈൻ പ്ലാറ്റ്ഫോമിന്റെ പ്രഖ്യാപന ചടങ്ങിൽനിന്ന്
മനാമ: ബഹ്റൈനിലെ മെഡിക്കൽ സ്ഥാപനങ്ങൾക്ക് ലൈസൻസ് അപേക്ഷിക്കാനും പുതുക്കാനും പുതിയ ഏകജാലക ഓൺലൈൻ പ്ലാറ്റ്ഫോം ആരംഭിച്ചതായി നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എൻ.എച്ച്.ആർ.എ) അറിയിച്ചു. ‘അദ്വെയ’ (Adweya) എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്ലിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി സൊല്യൂഷൻസ് ആൻഡ് സോഫ്റ്റ്വെയർ സേവനദാതാക്കളായ ഇബിറ്റുമായി സഹകരിച്ചാണ് വികസിപ്പിച്ചത്.
മനാമയിലെ ഡിപ്ലോമാറ്റ് റാഡിസൺ ബ്ലൂ ഹോട്ടലിൽ നടന്ന ചടങ്ങിൽ സുപ്രീം കൗൺസിൽ ഫോർ ഹെൽത്ത് ചെയർമാൻ ലെഫ്റ്റനന്റ് ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ, എൻ.എച്ച്.ആർ.എ ചീഫ് എക്സിക്യൂട്ടിവ് ഡോ. അഹ്മദ് അൽ അൻസാരി, ഇബിറ്റ് ചീഫ് എക്സിക്യൂട്ടിവ് മുഹമ്മദ് അബു ഹസ്സൻ എന്നിവർ പങ്കെടുത്തു.ബഹ്റൈനിന്റെ ദേശീയ ഡിജിറ്റലൈസേഷൻ പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ച ഈ ആപ്, ഇടപാടുകൾ പൂർത്തിയാക്കാനുള്ള സമയം 70 ശതമാനം വരെ കുറക്കുമെന്ന് ഡോ. അൽ അൻസാരി പറഞ്ഞു. ഉപയോക്താക്കൾക്ക് അവരുടെ അപേക്ഷകളുടെ പുരോഗതി മനസ്സിലാക്കാനും പിഴവുകൾ കുറക്കാനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ പ്ലാറ്റ്ഫോം വ്യവസായ വാണിജ്യ മന്ത്രാലയം, ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി, നാഷനൽ സൈബർ സെക്യൂരിറ്റി സെന്റർ എന്നിവയുടെ ഓൺലൈൻ പ്ലാറ്റ്ഫോമുകളുമായി ബന്ധിപ്പിക്കും. മെഡിക്കൽ സ്ഥാപനങ്ങൾ, ഡെവലപ്പർമാർ, ഏജൻസികൾ എന്നിവക്ക് എൻ.എച്ച്.ആർ.എ ഓഫിസിൽ നേരിട്ട് പോകാതെ തന്നെ ലൈസൻസിനായി അപേക്ഷിക്കാനും പുതുക്കാനും സാധിക്കും.
നേരിട്ട് സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് ആപ് വഴി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാനും കഴിയും. ഫാക്ടറികളുടെ രജിസ്ട്രേഷൻ, മരുന്നുകളുടെ ക്രമീകരണം, മാറ്റങ്ങൾ വരുത്തുന്നതിനുള്ള അപേക്ഷകൾ തുടങ്ങിയ മറ്റു സേവനങ്ങളും ആപ്പിൽ ലഭ്യമാണ്.
അപേക്ഷകൾ സമർപ്പിക്കുമ്പോൾ, 1 ജി.ബി വരെ വലുപ്പമുള്ള ഫയലുകൾ അപ്ലോഡ് ചെയ്യാം. ഉപയോക്താക്കൾക്ക് അപേക്ഷയുടെ തൽസ്ഥിതി എപ്പോൾ വേണമെങ്കിലും പരിശോധിക്കാൻ സാധിക്കും. അപേക്ഷ പൂർത്തിയായാൽ, ലൈസൻസും സർട്ടിഫിക്കറ്റും ആപ്ലിക്കേഷനിൽ ലഭ്യമാകും.
എല്ലാ അപേക്ഷകളും ഇലക്ട്രോണിക് സംവിധാനം വഴിയാണ് കൈകാര്യം ചെയ്യുന്നത്. ഉപയോക്താക്കളുടെ വിവരങ്ങൾക്ക് പൂർണമായ സ്വകാര്യതയും സുരക്ഷയും സുതാര്യതയും ഉറപ്പുനൽകുന്നു. രജിസ്റ്റർ ചെയ്ത മെഡിക്കൽ സ്ഥാപനങ്ങൾക്ക് പിഴ അടക്കാനുള്ള സൗകര്യവും ഈ പ്ലാറ്റ്ഫോമിലുണ്ട്.
ഈ പ്രോജക്ട്, സ്വദേശികൾക്കും വിദേശികൾക്കും മികച്ച സേവനങ്ങൾ നൽകാനുള്ള എൻ.എച്ച്.ആർ.എയുടെ തന്ത്രപരമായ ആസൂത്രണത്തിന്റെ ഫലമാണെന്ന് ഇബിറ്റ് ചീഫ് എക്സിക്യൂട്ടിവ് മുഹമ്മദ് അബു ഹസ്സൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

