ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ പുതിയ നിയമം; ശൂറാ കൗൺസിൽ ചർച്ച നാളെ
text_fieldsമനാമ: രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും കാർഷിക വൈവിധ്യം സംരക്ഷിക്കുന്നതിനുമുള്ള നിർണായക നിയമം ഞായറാഴ്ച ശൂറാ കൗൺസിൽ ചർച്ച ചെയ്യും.ഭക്ഷ്യ-കാർഷിക സസ്യ ജനിതക വിഭവങ്ങൾ സംരക്ഷിക്കുന്നതിനുള്ള ജി.സി.സി ഏകീകൃത സംവിധാനത്തിനാണ് ഈ നിയമം വഴി അംഗീകാരം നൽകുന്നത്.
വിത്തുകൾ, കോശങ്ങൾ, പൂമ്പൊടി എന്നിവയുൾപ്പെടെയുള്ള സസ്യങ്ങളുടെ ജനിതക വസ്തുക്കളെയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മെച്ചപ്പെട്ട ഗുണനിലവാരം, രോഗപ്രതിരോധ ശേഷി, കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കാനുള്ള കഴിവ് എന്നിവയുള്ള പുതിയ വിളകൾ വികസിപ്പിക്കുന്നതിൽ ഇവ നിർണായക പങ്കുവഹിക്കുന്നു.
കൂടാതെ സസ്യ ജനിതക വിഭവങ്ങൾക്കായി ഒരു ദേശീയ സമിതി രൂപവത്കരിക്കും. സസ്യ ജനിതക വിഭവങ്ങൾ ശേഖരിക്കുക, ഇറക്കുമതി ചെയ്യുക, കയറ്റുമതി ചെയ്യുക അല്ലെങ്കിൽ ഉപയോഗിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്ക് പ്രത്യേക ലൈസൻസും നിർബന്ധമാക്കും.
ലൈസൻസില്ലാതെ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് ഒരു മാസം വരെ തടവോ 1000 ദീനാർ വരെ പിഴയോ ശിക്ഷയായി ലഭിക്കാം. കൂടാതെ നിയമവിരുദ്ധമായ സാധനങ്ങൾ കണ്ടുകെട്ടാനോ നശിപ്പിക്കാനോ കോടതിക്ക് അധികാരമുണ്ടാകും.
ഭരണപരമായ തീരുമാനങ്ങൾക്കെതിരെ 30 ദിവസത്തിനുള്ളിൽ കോടതിയെ സമീപിക്കാൻ വ്യക്തികൾക്ക് അവകാശമുണ്ടാകും. കമ്മിറ്റി ചെയർമാൻ ഡോ. മുഹമ്മദ് അലി ഹസൻ പറയുന്നതനുസരിച്ച്, ഈ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ബഹ്റൈനിലെ കർഷകർ പരമ്പരകളായി കൈമാറി വന്ന കാർഷിക അറിവുകൾ സംരക്ഷിക്കപ്പെടും.
അതോടൊപ്പം, കഠിനമായ കാലാവസ്ഥയെ അതിജീവിക്കുന്ന വിത്തുകൾ വികസിപ്പിക്കാനും പ്രാദേശിക ഉൽപാദനം വർധിപ്പിക്കാനും ഈ നിയമം സഹായകരമാകും. 2022 ഡിസംബറിൽ നടന്ന 43ാമത് ജി.സി.സി ഉച്ചകോടിയുടെ തീരുമാനങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ ഏകീകൃത നിയമം കൊണ്ടുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

