വിദേശകാര്യ മന്ത്രിക്ക് നയതന്ത്ര പത്രം കൈമാറി ബഹ്‌റൈനിലെ പുതിയ ഇന്ത്യൻ അംബാസഡർ
text_fieldsബഹ്റൈൻ വിദേശകാര്യ മന്ത്രിക്ക് ഇന്ത്യൻ അംബാസഡർ നയതന്ത്ര പത്രം കൈമാറുന്നു
മനാമ: ബഹ്‌റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിതനായ ഡോ. പ്രദീപ് സിങ് രാജ്പുരോഹിത് വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിക്ക് തന്റെ അക്രഡിറ്റേഷൻ പത്രത്തിന്റെ പകർപ്പ് കൈമാറി. വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് വെച്ചായിരുന്നു കൂടിക്കാഴ്ച.
പുതിയ അംബാസഡറെ സ്വാഗതം ചെയ്ത വിദേശകാര്യ മന്ത്രി, ബഹ്‌റൈനും ഇന്ത്യയും തമ്മിലുള്ള ചരിത്രപരമായ സൗഹൃദ ബന്ധത്തെയും വിവിധ മേഖലകളിൽ കൈവരിച്ച പുരോഗതിയെയും പ്രശംസിച്ചു. അംബാസഡറുടെ നയതന്ത്ര ദൗത്യത്തിന് അദ്ദേഹം എല്ലാവിധ ആശംസകളും നേർന്നു.
ബഹ്‌റൈൻ വിദേശകാര്യ മന്ത്രിക്ക് അക്രഡിറ്റേഷൻ പത്രം കൈമാറാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഡോ. പ്രദീപ് സിങ് രാജ്പുരോഹിത് വ്യക്തമാക്കി. ബഹ്‌റൈനുമായുള്ള സൗഹൃദവും സഹകരണവും കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

