മനാമ സെൻട്രൽ മാർക്കറ്റിൽ ട്രക്കുകളുടെ തിരക്ക് കുറക്കാൻ പുതിയ മാർഗനിർദേശം
text_fieldsമനാമ സെൻട്രൽ മാർക്കറ്റിലെ ട്രക്ക് പാർക്കിങ്
മനാമ: മനാമ സെൻട്രൽ മാർക്കറ്റിൽ പഴം, പച്ചക്കറി ട്രക്കുകളുടെ തിരക്ക് കുറക്കാനുള്ള നിർദേശത്തിന് പിന്തുണ. മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രി വഈൽ അൽ മുബാറക് ഇന്നലെ ബിലാദ് അൽ ഖദീമിലെ ബോർഡിന്റെ ആസ്ഥാനം സന്ദർശിച്ച വേളയിൽ കാപ്പിറ്റൽ ട്രസ്റ്റീസ് ബോർഡ് ചെയർമാൻ സാലിഹ് തറാദയാണ് ഈ നിർദേശം മുന്നോട്ടുവെച്ചത്. നിലവിൽ അയൽ രാജ്യങ്ങളിൽ നിന്നടക്കം ദിവസവും 80 മുതൽ 100 വരെ ട്രക്കുകളാണ് മാർക്കറ്റിൽ ലോഡുമായെത്തുന്നത്.
ഈ ട്രക്കുകൾ രണ്ടാഴ്ചയോളം മാർക്കറ്റിൽതന്നെ പാർക്ക് ചെയ്യുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. സാധാരണയായി പഴങ്ങളും പച്ചക്കറികളും കേടുവരാതിരിക്കാനായി ട്രക്കിലെ റഫ്രിജറേറ്ററിൽതന്നെ സൂക്ഷിക്കുകയാണ് പതിവ്. ഇതിനായി മുഴുവൻ സമയവും ട്രക്കുകൾ പ്രവർത്തിപ്പിക്കുന്നത് പരിസ്ഥിതി പ്രശ്നമുണ്ടാക്കും. ഇതിനു പരിഹാരമായി ട്രക്കുകൾക്ക് ബാൻസ് ഗ്രൂപ്പിന്റെ മിന സൽമാനിലെ അത്യാധുനിക സൗകര്യങ്ങളിൽ ലോഡുകൾ സൂക്ഷിക്കാനായി സംഭരണ സ്ഥലം പാട്ടത്തിന് നൽകാനാണ് തറാദ നിർദേശിക്കുന്നത്.
ബഹ്റൈനിലെ വെയർഹൗസിങ്, ലോജിസ്റ്റിക് സൊല്യൂഷനുകളുടെ ഒരു മുൻനിര ദാതാവാണ് ബാൻസ് ഗ്രൂപ്. 25,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഫ്രീസർ, ശീതീകരിച്ച, എയർ കണ്ടീഷൻ ചെയ്ത വെയർഹൗസിങ് സൗകര്യങ്ങൾ ബാൻസ് ഗ്രൂപ്പിലുണ്ട്. ഇത് -18 ഡിഗ്രി സെൽഷ്യസ് മുതൽ +25 ഡിഗ്രി സെൽഷ്യസ് വരെ താപനില നിയന്ത്രിക്കും. കസ്റ്റംസ്-ബോണ്ടഡ് വെയർഹൗസിങ്, താപനില നിയന്ത്രിത സംഭരണം, നൂതന ഇൻവെന്ററി മാനേജ്മെന്റ് സംവിധാനങ്ങൾ എന്നിവ നൽകുന്നതിനാൽ ഉൽപന്നങ്ങൾ കേടുവരാതെ സൂക്ഷിക്കാം.
നിർദേശം പ്രാബല്യത്തിലായാൽ മാർക്കറ്റിലെ തിരക്കും പരിസ്ഥിതി മലിനീകരണവും കുറയ്ക്കാനാവും. ഒരു ട്രക്കിന് സെൻട്രൽ മാർക്കറ്റിൽ നിലവിലുള്ള പാർക്കിങ് ഫീസ് പ്രതിദിനം 20 ദീനാർ ആണ്. മന്ത്രിയോടൊപ്പം മുനിസിപ്പാലിറ്റി അഫയേഴ്സ് അണ്ടർ സെക്രട്ടറി ശൈഖ് മുഹമ്മദ് ബിൻ അഹമ്മദ് അൽ ഖലീഫ, ക്യാപിറ്റൽ ട്രസ്റ്റീസ് ബോർഡ് ഡയറക്ടർ ജനറൽ മുഹമ്മദ് അൽ സെഹ്ല എന്നിവരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

