ഐ.ജി.എ വെർച്വൽ കസ്റ്റമർ സർവിസ് സെന്ററിൽ പുതിയ ഫീച്ചർ
text_fieldsമനാമ: ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി (ഐ.ജി.എ) വെർച്വൽ കസ്റ്റമർ സർവിസ് സെന്ററിൽ ബെനഫിറ്റ് പേ ഉപയോഗിച്ച് നേരിട്ട് പണം അടയ്ക്കുന്നതിനുള്ള പുതിയ ഫീച്ചർ അവതരിപ്പിച്ചു. ഐ.ജി.എയുടെ ഔദ്യോഗിക വെബ്‌സൈറ്റായ iga.gov.bh വഴിയാണ് ഈ സൗകര്യം ലഭ്യമാകുക. ഐഡി കാർഡ്, സിവിൽ റെക്കോഡ്സ്, ജനന-മരണ സർട്ടിഫിക്കറ്റ്, കെട്ടിടങ്ങളുടെയും സ്ഥാപനങ്ങളുടെയും വിലാസം തുടങ്ങിയ സേവനങ്ങൾക്കായാണ് ഈ വെർച്വൽ സെന്റർ പ്രവർത്തിക്കുന്നത്.
വെർച്വൽ വിഡിയോ കാളിലൂടെ സേവനം പൂർത്തിയാക്കുമ്പോൾ തന്നെ, ബെനഫിറ്റ് പേ ആപ് വഴി ഒരു ക്യു.ആർ കോഡ് സ്കാൻ ചെയ്ത് പണം അടയ്ക്കാൻ ഉപയോക്താക്കളെ പുതിയ ഫീച്ചർ സഹായിക്കും. ഇന്റീരിയർ മന്ത്രിയും ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻസ് ടെക്നോളജി മന്ത്രിതല സമിതി ചെയർമാനുമായ ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ നിർദേശങ്ങൾക്കനുസൃതമായി ബഹ്‌റൈന്റെ ഡിജിറ്റൽ പരിവർത്തനത്തെ പിന്തുണക്കുന്ന ഐ.ജി.എയുടെ ഡിജിറ്റൽ സേവനങ്ങൾ വിപുലീകരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.
ഡിജിറ്റൽ സേവനങ്ങൾ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുള്ള പൗരന്മാർക്കും താമസക്കാർക്കും ലൈവ് വിഡിയോ ആശയവിനിമയത്തിലൂടെ അവരുടെ ഇടപാടുകൾ പൂർണമായും വെർച്വലായി പൂർത്തിയാക്കാൻ ഈ സംരംഭം സഹായിക്കുമെന്ന് ഐഡന്റിറ്റി ആൻഡ് പോപുലേഷൻ രജിസ്ട്രി ഡയറക്ടർ ശൈഖ് സബ ബിൻ ഹമദ് ആൽ ഖലീഫ അറിയിച്ചു. ഉപയോഗ രീതി ഐ.ജി.എയുടെ വെബ്‌സൈറ്റ് വഴി വെർച്വൽ കസ്റ്റമർ സർവിസ് സെന്ററിൽ പ്രവേശിച്ച് വിഡിയോ കാളിനായി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യുക. തുടർന്ന് ഉപയോക്താവിന് ഒരു മൈക്രോസോഫ്റ്റ് ടീമിന്‍റെ ലിങ്ക് ലഭിക്കും. ഇത് വഴി കസ്റ്റമർ സർവിസ് ഏജന്റുമായി നേരിട്ടുള്ള വിഡിയോ കമ്യൂണിക്കേഷൻ സാധ്യമാവുകയും ഇടപാട് പൂർത്തിയാക്കുകയും ചെയ്യാം. കേൾവി വൈകല്യമുള്ളവർക്ക് വാട്സ്ആപ്പിൽ ഏജന്റുമായി നേരിട്ടുള്ള വിഡിയോ കാൾ വഴി ആംഗ്യഭാഷാ പിന്തുണയും ഈ കേന്ദ്രം നൽകുന്നുണ്ട്. ഈ സേവനം ഞായർ മുതൽ വ്യാഴം വരെ രാവിലെ 8 മണി മുതൽ വൈകുന്നേരം 4 മണി വരെ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

