ജിദ് അൽ ഹാജിൽ പുതിയ പരിസ്ഥിതി സൗഹൃദ പാർക്ക്
text_fieldsജിദ് അൽ ഹാജിൽ പാർക്കിനായി നിർദേശിച്ച സ്ഥലം അധികൃതർ പരിശോധിക്കുന്നു
മനാമ: ജിദ് അൽ ഹാജിൽ പുതിയ പരിസ്ഥിതി സൗഹൃദ പാർക്കിനായുള്ള നിർദേശത്തിന് അനുമതി. നോർത്തേൺ മുനിസിപ്പൽ കൗൺസിൽ ചെയർമാനും ഏരിയ കൗൺസിലറുമായ ഡോ. സയ്യിദ് ഷുബ്ബാർ അൽ വിദാഇ അവതരിപ്പിച്ച നിർദേശത്തിന് അംഗീകാരം ലഭിച്ചതോടെ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലം പാർക്കിനായി അനുവദിക്കാൻ കൗൺസിൽ ശിപാർശ ചെയ്തു. ജിദ് അൽ ഹാജിലെ ബ്ലോക്ക് 514, റോഡ് 1459ൽ സ്ഥിതി ചെയ്യുന്ന 04014297 എന്ന പ്ലോട്ടാണ് ഇതിനായി നിർദേശിച്ചിരിക്കുന്നത്. ഇത് സർക്കാറിന്റെ പേരിലുള്ള സ്ഥലമാണെന്നും പൊതു ഉപയോഗത്തിനായി മാറ്റിയിട്ടതാണെന്നും സേവന, പൊതു യൂട്ടിലിറ്റീസ് സമിതി ചെയർമാൻ അബ്ദുല്ല അൽ തവാദി പറഞ്ഞു.
സൗരോർജത്തിൽ പ്രവർത്തിക്കുന്ന റൈഡുകളോടുകൂടിയ പരിസ്ഥിതി സൗഹൃദ പാർക്ക് നിർമിക്കാനാണ് നിർദേശം. പ്രദേശത്ത് നിലവിൽ ഇതുപോലൊരു പാർക്ക് ഇല്ല. പുതിയ പാർക്ക് വരുന്നതോടെ ജനങ്ങളെ ഒരുമിപ്പിച്ചിരുത്തി ഒഴിവുസമയങ്ങളിൽ സന്തോഷങ്ങൾ പങ്കിടുന്നയിടമായി ഇത് മാറുമെന്നാണ് വിലയിരുത്തൽ. പരിസ്ഥിതിസൗഹൃദപരമായ ഇത്തരം ഇക്കോ-പാർക്കുകൾ ജൈവവൈവിധ്യത്തിന് പ്രോത്സാഹനമാകും. തദ്ദേശീയ സസ്യങ്ങൾ ഉപയോഗിക്കുക, ജലസംരക്ഷണതന്ത്രങ്ങൾ നടപ്പാക്കുക, പുനരുപയോഗിക്കാവുന്ന ഊർജ സ്രോതസ്സുകൾ ഉൾപ്പെടുത്തുക, വന്യജീവി ആവാസവ്യവസ്ഥകൾക്ക് ഇടം നൽകുക എന്നിവ ഈ പാർക്കിന്റെ ഘടനകളിൽ ഉൾപ്പെടുന്നു.
പ്രദേശത്ത് തുറന്ന സ്ഥലങ്ങളിൽ വിനോദത്തിനും സാമൂഹിക ഇടപെടലിനുമായി ഒരു പൊതു പാർക്ക് വേണമെന്നാവശ്യപ്പെട്ട് താമസക്കാരിൽനിന്ന് നിരവധി അപേക്ഷകൾ ലഭിച്ചതായി ഡോ. അൽ വിദാഇ പറഞ്ഞു. പാർക്ക് മേഖലയിലെ സാംസ്കാരിക, പാരിസ്ഥിതിക ടൂറിസം രംഗത്തിന് സംഭാവനയേകുമെന്നും പ്രാദേശികർക്കും സന്ദർശകർക്കും പ്രയോജനപ്പെടുന്ന പൊതു സൗകര്യങ്ങൾ വികസിപ്പിക്കാനുള്ള സർക്കാറിന്റെ കാഴ്ചപ്പാടിനെ പിന്തുണക്കുമെന്നും അൽ വിദാഇ പറഞ്ഞു.
അർബൻ പ്ലാനിങ് ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി പദ്ധതിക്ക് പച്ചക്കൊടി കാണിച്ചിട്ടുണ്ട്. നിർദേശം തുടർ അനുമതികൾക്കായും അവലോകനത്തിനായും മുനിസിപ്പൽ, കാർഷിക മന്ത്രി വാഇൽ ബിൻ നാസിർ അൽ മുബാറകിന് കൈമാറിയിട്ടുണ്ട്. അംഗീകാരം ലഭിക്കുകയാണെങ്കിൽ 2026ലെ ബജറ്റിൽ പണം അനുവദിക്കാൻ സാധ്യതയുണ്ട്. അങ്ങനെയില്ലെങ്കിൽ, പാർക്കിനായുള്ള നിർദേശം അടുത്തവർഷം പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന എം.പിമാർക്ക് 2027-2028 ദേശീയ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തുന്നതിനായി കൈമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

