സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് പുതിയ ദേശീയ ഫണ്ട്
text_fieldsമനാമ: ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായി സർക്കാർ പിന്തുണയോടെ ഒരു പുതിയ ഫണ്ട് സ്ഥാപിക്കാൻ നിർദേശിക്കുന്ന ബിൽ പുനഃപരിശോധിക്കണമെന്ന് ബഹ്റൈൻ സർക്കാർ എം.പിമാരോട് ആവശ്യപ്പെട്ടു. നിലവിലെ തൊഴിൽ ഫണ്ടായ 'തംകീന്റെ' പ്രവർത്തനങ്ങൾ ഈ നിർദേശം ദുർബലപ്പെടുത്തുമെന്നാണ് സർക്കാറിന്റെ പ്രധാന മുന്നറിയിപ്പ്. ചൊവ്വാഴ്ച പാർലമെൻറ് ഈ കരട് ബിൽ ചർച്ച ചെയ്യുന്നതിനിടെ, പുതിയ ഫണ്ട് സ്ഥാപിക്കുന്നത് ബജറ്റിലും ധനപരമായ ബാലൻസ് പദ്ധതിയിലും കൂടുതൽ സമ്മർദം ചെലുത്താൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
സർക്കാർ എതിർപ്പുണ്ടായിട്ടും പാർലമെൻറിലെ സാമ്പത്തിക കാര്യ സമിതി ബിൽ തത്വത്തിൽ അംഗീകരിച്ച് അതിന്റെ ഉള്ളടക്കം തിരുത്തിയെഴുതി. ബില്ലിന്റെ പരിധിയിലേക്ക് മൈക്രോ ബിസിനസുകളെ കൂടി ഉൾപ്പെടുത്തിയാണ് പരിഷ്കരിച്ചത്. നിർദേശം അംഗീകരിക്കപ്പെടുകയാണെങ്കിൽ ഫണ്ട് ഒരു പൊതുസ്ഥാപനമായി നിലവിൽ വരും. ഇതിന് സ്വന്തമായി നിയമപരമായ വ്യക്തിത്വവും സാമ്പത്തിക, ഭരണപരമായ സ്വാതന്ത്ര്യവും ഉണ്ടായിരിക്കും. ഒരു മന്ത്രിയുടെ മേൽനോട്ടത്തിലായിരിക്കും പ്രവർത്തനം. വ്യാവസായിക, കരകൗശല, വിജ്ഞാന-സാങ്കേതിക മേഖലകളിലെ പൗരന്മാരുടെ നേതൃത്വത്തിലുള്ള സംരംഭങ്ങളെ പിന്തുണക്കുകയാണ് ഫണ്ടിന്റെ ലക്ഷ്യം. സാധ്യതാപഠനങ്ങൾ, പരിശീലനം, ബിസിനസ് പിന്തുണ, സോഫ്റ്റ് ലോണുകൾ, ഗ്യാരന്റികൾ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ഫണ്ട് വഴി നൽകും.
സംസ്ഥാന ബജറ്റ് വിഹിതം, സ്വകാര്യ ഉടമകൾ ദീർഘകാല ഉപയോഗത്തിനായി നൽകുന്ന ഭൂമി, തംകീനിൽ നിന്നുള്ള കൈമാറ്റങ്ങൾ, ഗ്രാന്റുകൾ, നിക്ഷേപത്തിൽ നിന്നുള്ള വരുമാനം എന്നിവയായിരിക്കും ഫണ്ടിന്റെ വരുമാന സ്രോതസ്സുകൾ. പുതിയ ഫണ്ട് സ്ഥാപിക്കുന്നത് സംസ്ഥാന ബജറ്റിൽ അധിക ഭാരം ഉണ്ടാക്കുമെന്നും ധനപരമായ സന്തുലിതാവസ്ഥാപദ്ധതിയെ ബാധിക്കുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകി.
ഒരു പുതിയ ഫണ്ടിന് വേണ്ട സാമ്പത്തിക, സാങ്കേതിക പഠനങ്ങൾ കരടിൽ ഇല്ലെന്നും സർക്കാർ പറഞ്ഞു. ഭേദഗതി വരുത്തിയ രൂപത്തിൽ ബിൽ പാസായാൽ അത് ശൂറ കൗൺസിലിലേക്ക് അയക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

