കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ ഫണ്ടിങ് എന്നിവക്കെതിരെ പുതിയ ഭേദഗതികൾ
text_fieldsമനാമ: കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദത്തിന് പണം നൽകൽ എന്നിവ തടയുന്നതിനുള്ള നിയമത്തിൽ നിർണായക ഭേദഗതികൾ വരുത്തിക്കൊണ്ട് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ 2025-ലെ അടിയന്തര നിയമം നമ്പർ 36 പുറത്തിറക്കി. പ്രധാനമന്ത്രിയുടെ നിർദേശവും മന്ത്രിസഭയുടെ അംഗീകാരവും ലഭിച്ച ശേഷമാണ് ഈ നിയമം പ്രാബല്യത്തിൽ വരുന്നത്. പുതിയ നിയമം സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള വ്യവസ്ഥകൾ കൂടുതൽ കർശനമാക്കുന്നു.
പുതിയ മാറ്റങ്ങൾ
‘ഇംപ്ലിമെന്റിങ് യൂനിറ്റ്’ എന്നത് ഇനി മുതൽ ‘നാഷനൽ ഫിനാൻഷ്യൽ ഇൻവെസ്റ്റിഗേഷൻസ് യൂണിറ്റ്’ എന്ന് അറിയപ്പെടും. കുറ്റകൃത്യങ്ങളിൽ നിന്ന് നേരിട്ടോ അല്ലാതെയോ ലഭിക്കുന്ന എല്ലാ വരുമാനങ്ങളും, ലാഭം, പലിശ എന്നിവയുൾപ്പെടെ ‘കുറ്റകൃത്യത്തിൽ നിന്നുള്ള വരുമാനം’ എന്ന നിർവചനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കുറ്റകൃത്യങ്ങളിലൂടെ ലഭിച്ച പണം മറച്ചുവെക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യുന്നവർക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചുമത്തും. കുറ്റവാളി മരിച്ചാലും കുറ്റകൃത്യത്തിലൂടെ ലഭിച്ച പണം കണ്ടുകെട്ടാൻ കോടതിക്ക് അധികാരം നൽകുന്നു. കമ്പനിയുടെ പേരിലോ പ്രതിനിധികളുടെ പേരിലോ കുറ്റകൃത്യം നടന്നാൽ കമ്പനിക്ക് പിഴ ചുമത്താനും നിയമവിരുദ്ധമായി സമ്പാദിച്ച സ്വത്ത് കണ്ടുകെട്ടാനും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു.
കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനുള്ള നയങ്ങൾ രൂപീകരിക്കുക, മാർഗനിർദേശങ്ങൾ നൽകുക, ആഭ്യന്തരവും അന്തർദേശീയവുമായ അധികാരികളുമായി സഹകരിക്കുക തുടങ്ങിയ ചുമതലകൾ നാഷനൽ ആന്റി-മണി ലോണ്ടറിങ് കമ്മിറ്റിക്ക് നൽകിയിട്ടുണ്ട്.
സംശയാസ്പദമായ ഇടപാടുകൾ റിപ്പോർട്ട് ചെയ്യുക, അന്വേഷണം നടത്തുക, സാമ്പത്തിക ഇടപാടുകൾ നിരീക്ഷിക്കുക തുടങ്ങിയവ നാഷനൽ ഫിനാൻഷ്യൽ ഇൻവെസ്റ്റിഗേഷൻസ് യൂനിറ്റിന്റെ പ്രധാന ചുമതലകളാണ്. അന്വേഷണങ്ങൾക്കായി രേഖകൾ ആവശ്യപ്പെടാനും സാമ്പത്തിക രേഖകൾ പരിശോധിക്കാനും 72 മണിക്കൂർ വരെ ഇടപാടുകൾ താൽക്കാലികമായി നിർത്തിവെക്കാനും ഈ യൂനിറ്റിന് അധികാരമുണ്ട്.
പുതിയ നിയമം ഔദ്യോഗിക ഗെസറ്റിൽ പ്രസിദ്ധീകരിച്ച ഉടൻ പ്രാബല്യത്തിൽ വരും. ഈ നിയമത്തിലെ വ്യവസ്ഥകൾ നടപ്പാക്കാൻ പ്രധാനമന്ത്രിയെയും ബന്ധപ്പെട്ട മന്ത്രിമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

