പുതിയ ക്രൂയിസ് കപ്പൽ സീസണ് തുടക്കം
text_fields2025-2026 ക്രൂയിസ് കപ്പൽ സീസണിലെ ആദ്യ ബാച്ച് ബഹ്റൈനിലെത്തിയപ്പോൾ
മനാമ: ടൂറിസം മേഖലയുടെ വളർച്ചക്ക് ആക്കം കൂട്ടി 2025-2026 ക്രൂയിസ് കപ്പൽ സീസണിലെ ആദ്യ ബാച്ച് വിനോദസഞ്ചാരികളെ വരവേറ്റ് ബഹ്റൈൻ.
ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി (ബി.ടി.ഇ.എ), ഖലീഫ ബിൻ സൽമാൻ പോർട്ട്, ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം, എ.പി.എം ടെർമിനൽസ് ബഹ്റൈൻ എന്നിവയുടെ സഹകരണത്തോടെയാണ് ഈ സീസൺ ആരംഭിച്ചത്. പുതിയ ക്രൂയിസ് കപ്പൽ സീസൺ, 2022-2026 ടൂറിസം സ്ട്രാറ്റജിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സഹായിക്കുമെന്ന് ബി.ടി.ഇ.എ പ്രസ്താവനയിൽ അറിയിച്ചു.
ഇത് രാജ്യത്തെ ടൂറിസം പ്രവർത്തനങ്ങളിലും ദേശീയ സമ്പദ്വ്യവസ്ഥയിലും ഗതാഗത, ചില്ലറ വിൽപന മേഖലകളിലും നല്ല സ്വാധീനം ചെലുത്തുമെന്നും ബി.ടി.ഇ.എ പ്രസ്താവന സൂചിപ്പിച്ചു. ബഹ്റൈനിലെത്തിയ വിനോദസഞ്ചാരികളെ പരമ്പരാഗത സാംസ്കാരിക പ്രകടനങ്ങളോടെയാണ് സ്വീകരിച്ചത്. 2024-2025 സീസൺ, ബഹ്റൈൻ ടൂറിസത്തിന് വലിയ നേട്ടമായിരുന്നു. കഴിഞ്ഞ സീസണിൽ ക്രൂയിസ് കപ്പലുകൾ വഴി ആകെ രാജ്യത്തെത്തിയ സഞ്ചാരികൾ 1,40,100 ആയിരുന്നു. മുൻ സീസണിനെ അപേക്ഷിച്ച് 15% വർധനവായിരുന്നു ഇത്. 40 ക്രൂയിസ് കപ്പലുകളും ആ സീസണിൽ രാജ്യത്തെത്തി.
ഹോട്ടലുകളിലും റിസോർട്ടുകളിലും താമസിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധന രേഖപ്പെടുത്തി. 2026-2027 സീസണിൽ ക്രൂയിസ് കപ്പലുകളുടെ ബഹ്റൈനിൽ ചെലവഴിക്കുന്ന സമയം മൂന്ന് ദിവസം വരെ നീട്ടാൻ പദ്ധതിയുണ്ടെന്നും ബി.ടി.ഇ.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

