പുതിയ സി.പി.ആർ കാർഡുകൾക്ക് സാങ്കേതിക തകരാർ
text_fieldsമനാമ: പുതിയ സി.പി.ആർ കാർഡുകൾക്ക് സാങ്കേതിക തകരാറെന്ന് പരാതി. കമ്പ്യൂട്ടർ ആപ്ലിക്കേഷനുകൾക്കും സ്മാർട്ട് ഫോണുകൾക്കും വായിച്ചെടുക്കാനോ മനസ്സിലാക്കാനോ സാധിക്കുന്നില്ലെന്നാണ് പരാതി. ഇത്തരം പ്രധാന ഡിജിറ്റൽ ഓട്ടോമേറ്റഡ് സിസ്റ്റങ്ങളുമായി പെരുത്തപ്പെടുന്നില്ലെന്ന പ്രശ്നം ഉയർന്നതിനെ തുടർന്ന് കാർഡ് റീഡറുകൾ മാറ്റിസ്ഥാപിക്കാൻ നിർദേശവുമുണ്ട്. മുഹറഖ് മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുൽ അസീസ് അൽ നാറിന്റെ നേതൃത്വത്തിലാണ് പ്രശ്ന പരിഹാരത്തിന് അപ്പീൽ നൽകിയത്. സി.പി.ആറിന്റെ സാങ്കേതിക തകരാർ പൗരന്മാരുടെയും താമസക്കാരുടെയും ദൈനംദിന ജീവിതത്തെ ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ കാര്യക്ഷമതയും സുരക്ഷയും വാഗ്ദാനം ചെയ്താണ് പുതിയ സ്മാർട്ട് കാർഡുകൾ അവതരിപ്പിച്ചത്.
എന്നാൽ പലർക്കും അവശ്യ സേവനങ്ങൾക്ക് കാർഡ് ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയാണ്. മുനിസിപ്പൽ കിയോസ്കുകളിലും, ബങ്കുകളിലും, വെൻഡിങ് മെഷീനുകളിലും സി.പി.ആർ അത്യാവശ്യമാണ്, പക്ഷേ നിലവിലെ സ്ഥിതി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ധാരാളം പരാതികൾ എനിക്ക് ലഭിച്ചിട്ടുണ്ടെന്നും അൽ നാർ പറഞ്ഞു.
നിലവിലുണ്ടാകുന്ന അസൗകര്യങ്ങളെ സർക്കാർ അടിയന്തരമായി പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബഹ്റൈൻ ദേശീയ ഐഡിന്റിറ്റി സിസ്റ്റത്തിലേക്കുള്ള അപ്ഗ്രേഡിന്റെ ഭാഗമായി ഈ വർഷം മാർച്ചിലാണ് പുതിയ സ്മാർട്ട് കാർഡുകൾ പുറത്തിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

