ബഹ്‌റൈൻ സ്ത്രീകളുടെ ക്ഷേമത്തിന് പുതിയ സഹകരണ കരാർ
text_fieldsഏകീകൃത ധാരണാപത്രത്തിൽ ഒപ്പുവെക്കുന്നു
മനാമ: രാജ്യത്തെ സ്ത്രീകളുടെ ക്ഷേമവും സാമൂഹിക സുരക്ഷയും ഉറപ്പാക്കുന്നതിനായി ഏകീകൃത ധാരണാപത്രത്തിൽ ഒപ്പുവെച്ച് ബഹ്റൈൻ. ആഭ്യന്തര, നീതിന്യായ, സാമൂഹിക വികസന മന്ത്രാലയങ്ങൾ, സുപ്രീം കൗൺസിൽ ഫോർ വിമൻ, റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ എന്നിവ ചേർന്നാണ് ധാരണാപത്രം ഒപ്പുവെച്ചത്. അടിയന്തര സാഹചര്യങ്ങളിൽ സഹായം ആവശ്യമുള്ള ബഹ്‌റൈൻ വനിതകൾക്ക് പിന്തുണ നൽകുന്നതിൽ വിവിധ സ്ഥാപനങ്ങൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുകയാണ് കരാറിന്‍റെ പ്രധാന ലക്ഷ്യം.
ധാരണാപത്രം, വിവിധ സ്ഥാപനങ്ങൾ തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുകയും ഓരോ സ്ഥാപനത്തിന്‍റെയും ഉത്തരവാദിത്തങ്ങൾ വ്യക്തമാക്കുകയും ചെയ്യുമെന്ന് സാമൂഹിക വികസന വകുപ്പ് മന്ത്രി ഒസാമ ബിൻ സാലിഹ് അൽ അലവി പറഞ്ഞു. വിവിധ സാഹചര്യങ്ങളിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്ക് ഫലപ്രദമായ പരിഹാരങ്ങൾ കണ്ടെത്താൻ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക, സാമ്പത്തിക, ജീവിത സാഹചര്യങ്ങളിൽ അടിയന്തര സഹായം ആവശ്യമുള്ള സ്ത്രീകൾക്ക് സാമ്പത്തികവും അല്ലാത്തതുമായ പിന്തുണ നൽകുന്നതിന് അതത് സ്ഥാപനങ്ങൾ നൽകുന്ന സേവനങ്ങൾ ഏകോപിപ്പിക്കുകയാണ് ഈ ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് നീതിന്യായ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡാന ഖാമിസ് അൽ സയാനി പറഞ്ഞു.
പാർലമെന്‍റ് സേവന സമിതി ചെയർപേഴ്സൺ ജലീല അലവിയും ധാരണാപത്രത്തെ സ്വാഗതം ചെയ്തു. വിവാഹമോചനം, ഗാർഹിക പീഡനം, കുടുംബനാഥന്‍റെ മരണം അല്ലെങ്കിൽ തൊഴിൽ നഷ്ടം എന്നിവ കാരണം സ്ത്രീകൾ നേരിടുന്ന സാമൂഹികവും സാമ്പത്തികവുമായ പ്രതിസന്ധികളെ ജലീല അലവി സൂചിപ്പിച്ചു. പുതിയ ധാരണാപത്രം ഇത്തരം കേസുകളിൽ വേഗത്തിലും ഫലപ്രദമായും ഇടപെടാനും പരിഹാരം കണ്ടെത്താനും സഹായിക്കുമെന്ന് അവർ വ്യക്തമാക്കി.
വിവാഹമോചിതർക്കും ഗാർഹിക പീഡനത്തിനിരയായവർക്കും നിയമസഹായം ലഭ്യമാക്കുന്നതിനായി നീതിന്യായ മന്ത്രാലയത്തിന്‍റെ ലീഗൽ എയ്ഡ് ഓഫീസുകൾ വഴി സൗജന്യ നിയമസഹായം കൂടുതൽ വിപുലീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. വനിതാ കുടുംബനാഥരെ ഭവന പദ്ധതികളിലും സാമൂഹിക പിന്തുണ പദ്ധതികളിലും ഉൾപ്പെടുത്തുക, ഭരണപരമായ നടപടിക്രമങ്ങൾ ലളിതമാക്കുക, നിർണായക കേസുകൾ നിരീക്ഷിക്കുന്നതിനും സംയുക്ത നടപടികൾ ഉറപ്പാക്കുന്നതിനും ഏകീകൃത ദേശീയ ഡാറ്റാബേസ് രൂപീകരിക്കുക എന്നിവയും അവർ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

