Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിരഞ്ഞെടുപ്പിന് പുതിയ ഭരണഘടന എന്ന വാദം ഭരണസമിതിയുടെ ഇരട്ടത്താപ്പ്- യു.പി.പി

text_fields
bookmark_border
തിരഞ്ഞെടുപ്പിന് പുതിയ ഭരണഘടന എന്ന വാദം ഭരണസമിതിയുടെ ഇരട്ടത്താപ്പ്- യു.പി.പി
cancel

മനാമ: ഇന്ത്യൻ സ്കൂൾ തിരഞ്ഞെടുപ്പിന് പുതിയ ഭരണഘടന എന്ന വാദം ഭരണസമിതിയുടെ ഇരട്ടത്താപ്പാണെന്ന ആരോപണവുമായി യു.പി.പി രംഗത്ത്. തിരഞ്ഞെടുപ്പിന് അടിസ്ഥാനമാക്കുമെന്ന് പറയുന്ന പുതിയ ഭരണഘടനയുടെ സാധുതയെക്കുറിച്ച് രക്ഷിതാക്കൾക്കിടയിൽ ഗുരുതരമായ ചോദ്യങ്ങളും ആശങ്കകളും നിലനിൽക്കുന്നുണ്ട്. രക്ഷിതാക്കൾ ജനറൽ ബോഡിയിൽ ചർച്ച ചെയ്ത് അംഗീകരിക്കുകയോ വോട്ടെടുപ്പിലൂടെ പാസാക്കുകയോ ചെയ്യാത്ത ഭരണഘടനയാണ് നിലവിൽ വന്നതായി പറയപ്പെടുന്നതെന്നും യു.പി.പി ആരോപിച്ചു.

ഡിസംബർ 11-ന് പ്രഖ്യാപിച്ചിരിക്കുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പിനെ യുണൈറ്റഡ് പേരന്റ് പാനൽ (യു.പി.പി) സ്വാഗതം ചെയ്യുന്നു. ജനാധിപത്യപരമായ തിരഞ്ഞെടുപ്പിലൂടെ പുതിയ ഭരണസമിതി അധികാരത്തിൽ വരേണ്ടത് സ്കൂളിന്റെ പുരോഗതിക്കും രക്ഷിതാക്കളുടെ താൽപര്യ സംരക്ഷണത്തിനും അനിവാര്യമാണെന്നും യു.പി.പി വ്യക്തമാക്കി. എഴുപത്തിയഞ്ച് വർഷത്തെ പാരമ്പര്യമുള്ള ഒരു സ്ഥാപനത്തിന്റെ ഭരണഘടനയിൽ മാറ്റങ്ങൾ വരുത്തുന്നത് നിസ്സാര കാര്യമല്ലെന്ന് ബന്ധപ്പെട്ടവർ മനസ്സിലാക്കാത്തത് അപഹാസ്യമാണ്.

വിവിധ മേഖലകളിലെ പ്രമുഖർ, നിയമവിദഗ്ധർ, ഭരണപക്ഷവും പ്രതിപക്ഷവും, സാമൂഹിക നേതാക്കൾ എന്നിവർ ദിവസങ്ങളോളം ചർച്ച ചെയ്ത് കരട് രൂപീകരിച്ച ശേഷമാണ് ഇത്തരം മാറ്റങ്ങൾ ജനറൽ ബോഡിയിൽ അവതരിപ്പിക്കേണ്ടത്. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ വേണം ഇത് പാസാക്കാൻ. ഈ സുപ്രധാന നടപടിക്രമങ്ങൾ പാലിക്കപ്പെടാതെ പോയത് വേദനാജനകമാണെന്ന് യു.പി.പി കുറ്റപ്പെടുത്തി.

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർ കുറഞ്ഞത് രണ്ടുവർഷമെങ്കിലും സ്കൂളിലെ രക്ഷിതാവായിരിക്കണമെന്ന വ്യവസ്ഥ പുതിയ ഭരണഘടനയിൽ ഉൾപ്പെടുത്തിയതായി അറിയുന്നു. ഈ വ്യവസ്ഥയെ തത്വത്തിൽ സ്വാഗതം ചെയ്യുമ്പോഴും, രണ്ടുവർഷം മതിയാകില്ലെന്നും കുറഞ്ഞത് മൂന്നുവർഷമെങ്കിലും രക്ഷിതാവായിരിക്കണമെന്നുമാണ് യു.പി.പിയുടെ നിലപാട്.

കാരണം, നിലവിലുള്ള ഭരണസമിതിയുടെ കാലാവധി തന്നെ മൂന്നുവർഷമാണ്. ഇത്തരം മാറ്റങ്ങളും രഹസ്യ ബാലറ്റിലൂടെ മൂന്നിൽ രണ്ട് ഭൂരിപക്ഷം രക്ഷിതാക്കളുടെ അനുമതിയോടെ ജനറൽ ബോഡിയിലാണ് പാസാക്കേണ്ടത്. രക്ഷിതാക്കളല്ലാത്തവർ മത്സരിക്കുന്നതിനെ എതിർക്കുന്നവർ, നിലവിലെ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ പിന്നിൽ നിന്ന് നിയന്ത്രിക്കുന്നത് ആരാണെന്ന് ഓർക്കണമെന്ന് യു.പി.പി പറഞ്ഞു.

നേതൃത്വത്തിൽ ഇരിക്കുന്നവർ സത്യസന്ധതയും സുതാര്യതയും ജനാധിപത്യ മര്യാദകളും ഉയർത്തിപ്പിടിക്കേണ്ടവരാണ്. രക്ഷിതാക്കളുടെ അംഗീകാരം ലഭിക്കാത്ത ഭരണഘടന പാസാക്കിയതായി അവകാശപ്പെട്ട് അവരെ തെറ്റിദ്ധരിപ്പിക്കുന്നത് സ്ഥാപനത്തിന്റെയും ഓരോ സ്ഥാനങ്ങളുടെയും വിശ്വാസ്യതയ്ക്ക് മങ്ങലേൽപ്പിക്കും.

നിലവിലെ സാഹചര്യത്തിൽ ഇന്ത്യൻ സ്കൂളിൽ അടിയന്തര മാറ്റം അനിവാര്യമാണ്. സ്കൂളിന്റെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വിശ്വാസ്യതയും വിദ്യാഭ്യാസ മികവും തിരിച്ചുപിടിക്കാനും രക്ഷിതാക്കളുടെ അവകാശങ്ങൾ സംരക്ഷിക്കാനും ഉത്തരവാദിത്തമുള്ളതും സുതാര്യവുമായ പുതിയ ഭരണസമിതി വരേണ്ടതുണ്ട്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ആ ദൗത്യം യു.പി.പി ഏറ്റെടുക്കുമെന്നും ഇതിനായി രക്ഷിതാക്കളുടെയും പൊതുസമൂഹത്തിന്റെയും പിന്തുണയുണ്ടാകണമെന്നും യു.പി.പി നേതാക്കൾ പത്രക്കുറിപ്പിലൂടെ അഭ്യർത്ഥിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - New constitution for election
Next Story