പുതിയ അധ്യയന വർഷം; സർക്കാർ സ്കൂൾ വിദ്യാർഥികൾക്ക് പോഷകാഹാരം സാധ്യമാക്കും
text_fieldsമനാമ: പുതിയ അധ്യയനവർഷം മുതൽ എല്ലാ സർക്കാർ സ്കൂളുകളിലെയും വിദ്യാർഥികൾക്കായി പൈലറ്റ് അടിസ്ഥാനത്തിൽ ആരോഗ്യകരമായ ഭക്ഷണപദ്ധതിക്ക് തുടക്കം കുറിക്കാനൊരുങ്ങി വിദ്യാഭ്യാസ മന്ത്രാലയം. 200 മുതൽ 800 ഫിൽസ് വരെ വിലയുള്ള പോഷകസമൃദ്ധമായ ഭക്ഷണം സ്വകാര്യ കാറ്ററിങ് കമ്പനികൾ വഴി ലഭ്യമാക്കും.
ഗുണനിലവാരവും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കി പ്രത്യേക പോഷകാഹാര കമ്പനികളുമായുള്ള കരാറുകളിലൂടെയായിരിക്കും ഈ സേവനം നൽകുകയെന്ന് മന്ത്രാലയം അറിയിച്ചു. വിദ്യാർഥികളുടെ ശാരീരികവും മാനസികവുമായ വികസനത്തിന് സഹായിക്കുന്ന വിധത്തിൽ അവശ്യ പോഷകങ്ങളും ആവശ്യമായ കലോറിയും ഉൾക്കൊള്ളുന്ന മെനുവായിരിക്കും തയാറാക്കുക.
സ്കൂൾ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും പുതിയ കാന്റീൻ സംവിധാനം നടപ്പാക്കുന്നതിനുമുള്ള പദ്ധതികളുടെ ഭാഗമായാണ് ഈ സംരംഭം.പദ്ധതിയുടെ പുരോഗതി വിലയിരുത്താനായി അധ്യയനവർഷത്തിൽ മന്ത്രാലയം ഒരു പൂർണ അവലോകനം നടത്തും. വിദ്യാർഥികളിൽ നിന്നും രക്ഷിതാക്കളിൽനിന്നും ലഭിക്കുന്ന അഭിപ്രായങ്ങൾ പരിഗണിച്ച് പദ്ധതി കൂടുതൽ മെച്ചപ്പെടുത്താനും നിലവാരം ഉയർത്താനും ഇത് സഹായിക്കും.
സ്കൂൾ കാന്റീനുകൾ നടത്തുന്നതിനുള്ള ടെൻഡർ ജൂലൈയിൽ ടെൻഡർ ബോർഡ് വഴി ക്ഷണിച്ചിരുന്നു. ഫുഡ് സിറ്റി, റദ്വാൻ ബേക്കറീസ്, അൽ ജാമിഅ കാറ്ററിങ്, അൽ മർസൂഖ് കാറ്ററിങ് സർവിസസ്, ഫുഡ് സപ്ലൈ കമ്പനി ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളാണ് ടെൻഡറിൽ പങ്കെടുത്തത്.ഫുഡ് സിറ്റിയുടെ 1.055 ദശലക്ഷം ദീനാറിന്റെ ലേലമാണ് ഏറ്റവും ഉയർന്ന തുക. പുതിയ പ്രഖ്യാപനത്തിന് രക്ഷിതാക്കളിൽ നിന്ന് വലിയ പിന്തുണ ലഭിച്ചതായും മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

