കുട്ടികൾക്കായി കൂടുതൽ സൗജന്യ കായിക മൈതാനങ്ങൾ നിർമിക്കണമെന്നാവശ്യം
text_fieldsഅബ്ദുല്ല അൽ ഖുബൈസി
മനാമ: ബഹ്‌റൈനിലെ കുട്ടികൾക്കായി കൂടുതൽ സൗജന്യ കായിക മൈതാനങ്ങൾ നിർമിക്കണമെന്നാവശ്യപ്പെട്ട് മുനിസിപ്പൽ കൗൺസിലർ. സുരക്ഷിതവും സൗകര്യപ്രദവുമായ സൗകര്യങ്ങളുടെ അഭാവം കാരണം കുട്ടികൾ വീടിനുള്ളിൽ ഒതുങ്ങിക്കൂടാൻ നിർബന്ധിതരാകുകയാണെന്ന് വടക്കൻ മുനിസിപ്പൽ കൗൺസിൽ അംഗവും വെസ്റ്റ് ഹമദ് ടൗൺ പ്രതിനിധിയുമായ അബ്ദുല്ല അൽ ഖുബൈസി പറഞ്ഞു.
സുരക്ഷ കാരണങ്ങളാൽ 2000ത്തിൽ തെരുവ് കളികൾക്ക് നിരോധനം ഏർപ്പെടുത്തിയതിന് ശേഷം കുട്ടികൾക്കും യുവാക്കൾക്കും വിനോദത്തിനായി വളരെ കുറഞ്ഞ സ്ഥലങ്ങളും സാഹചര്യങ്ങളുമേയുള്ളുവെന്ന് അൽ ഖുബൈസി പ്രാദേശിക മാധ്യമത്തോട് പറഞ്ഞു. കുട്ടികൾക്ക് ഫുട്ബാൾ, ബാസ്കറ്റ്ബാൾ, വോളിബാൾ, ഹാൻഡ്ബാൾ തുടങ്ങിയ കളികൾ കളിക്കാൻ സൗജന്യവും സുരക്ഷിതവുമായ സ്ഥലങ്ങൾ കണ്ടെത്താൻ കുടുംബങ്ങൾ ബുദ്ധിമുട്ടുകയാണ്.
ഇതിനായി ക്ലബ് മെംബർഷിപ്പിന് പണം നൽകേണ്ടി വരുന്നത് ശരിയായ കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സൗകര്യങ്ങളുടെ കുറവ് മൂലം പല കുട്ടികളും വീടിനുള്ളിൽ തന്നെ ഇരിക്കുന്ന അവസ്ഥയാണെന്നും അവരുടെ ആരോഗ്യകരമായ വിനോദത്തിനുള്ള അവസരങ്ങൾ പരിമിതപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കായിക വിനോദങ്ങൾ പൊതുജനാരോഗ്യത്തിനും യുവാക്കളെ സജീവമായി നിലനിർത്തുന്നതിനും നെഗറ്റീവ് പെരുമാറ്റങ്ങളിൽ നിന്ന് അകറ്റിനിർത്തുന്നതിനും അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
2027-2028ലെ ദേശീയ ബജറ്റിൽ കായിക മൈതാനങ്ങളും മറ്റ് സൗകര്യങ്ങളുമുള്ള ഒരു സമഗ്രമായ പൊതു പാർക്കിനായുള്ള അദ്ദേഹത്തിന്റെ നിർദേശത്തിന് സർക്കാർ അടുത്തിടെ അംഗീകാരം നൽകിയിരുന്നു. ഇതിന് സർക്കാറിന് നന്ദി പറഞ്ഞ അദ്ദേഹം, എന്നാൽ ഇത് മാത്രം മതിയാകില്ലെന്ന് വ്യക്തമാക്കി.
ഹമാദ് രാജാവിന്റെ മാനുഷിക കാര്യങ്ങൾക്കും യുവജന കാര്യങ്ങൾക്കുമുള്ള പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ ആരംഭിച്ച ‘ഫരീജ്’ പദ്ധതിയെയും അൽ ഖുബൈസി പ്രശംസിച്ചു. സ്വകാര്യ മേഖലയുടെ നിക്ഷേപം വഴി ബഹ്‌റൈനിലുടനീളം 100 കായിക മൈതാനങ്ങൾ നിർമിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി.
ഈ പദ്ധതി എല്ലാ സമൂഹങ്ങളെയും ഉൾക്കൊള്ളുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് അദ്ദേഹം അധികൃതരോട് ആവശ്യപ്പെട്ടു. മുനിസിപ്പൽ കാര്യ, കൃഷി മന്ത്രി വഈൽ അൽ മുബാറക്കിനോട് കഴിയുന്നത്ര സ്ഥലങ്ങളിൽ കായിക മൈതാനങ്ങൾ സ്ഥാപിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

