നാട്ടിലെ കോവിഡ് നിബന്ധനകൾ; പ്രവാസികളിൽ പ്രതിഷേധം പുകയുന്നു
text_fieldsമനാമ: വിദേശത്തുനിന്ന് നാട്ടിലെത്തുന്ന യാത്രക്കാർക്ക് തുടർച്ചയായി രണ്ടു തവണ കോവിഡ് ടെസ്റ്റ് നടത്തേണ്ടി വരുന്നതിനെതിരെ പ്രവാസികൾക്കിടയിൽ പ്രതിഷേധം പുകയുന്നു. പുതിയ നിബന്ധനപ്രകാരം കുഞ്ഞുങ്ങൾ ഉൾപ്പെടെ എല്ലാവർക്കും പരിശോധന നിർബന്ധമാണ്. ഗൾഫിൽനിന്നുള്ളവർ ഇവിടെനിന്ന് യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ ആദ്യ ടെസ്റ്റ് നടത്തണം. നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ യാത്ര അനുവദിക്കൂ. ഇതിനു പുറമേ, നാട്ടിൽ എത്തിയാൽ വിമാനത്താവളത്തിൽ വെച്ച് രണ്ടാമത്തെ ടെസ്റ്റ് നടത്തണം. കൊച്ചുകുട്ടികളെയെങ്കിലും പരിശോധനയിൽനിന്ന് ഒഴിവാക്കണമെന്ന് പ്രവാസികൾ നിരന്തരം ആവശ്യമുന്നയിച്ചെങ്കിലും ഫലമുണ്ടായില്ല.
നാട്ടിൽ യാതൊരു നിയന്ത്രണങ്ങളും പാലിക്കാതെ ജാഥകളും പൊതുപരിപാടികളും നടത്തുേമ്പാൾ തങ്ങൾക്ക് മാത്രം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിലെ വിരോധാഭാസമാണ് പ്രവാസികൾ ചോദ്യംചെയ്യുന്നത്. നാട്ടിലെ വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധനക്കുവേണ്ടി മണിക്കൂറുകൾ കാത്തിരിക്കേണ്ട സാഹചര്യവും പലർക്കുമുണ്ടായി. ചില സ്ഥലങ്ങളിൽ തർക്കത്തിനും സംഘർഷത്തിനും ഇത് വഴിവെച്ചു. കോവിഡ് പരിശോധനക്ക് വേണ്ടത്ര ജീവനക്കാർ ഇല്ലെന്നും ഇത് ക്യൂ നീളാൻ ഇടയാക്കുന്നുവെന്നും യാത്രക്കാർ പരാതിപ്പെട്ടു. കൊച്ചി വിമാനത്താവളത്തിൽ 1700 രൂപയാണ് ഒാരോ യാത്രക്കാരനിൽനിന്നും കോവിഡ് പരിശോധനക്ക് ഇൗടാക്കിയത്.
കുടുംബത്തിലെ ആരെങ്കിലും മരിച്ചാൽ അടിയന്തര യാത്ര ചെയ്യേണ്ടവർക്ക് പുതിയ നിബന്ധന പ്രതിസന്ധിയുണ്ടാക്കുന്നു. കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിൽനിന്ന് ഇവരെ ഒഴിവാക്കിയെങ്കിലും ഇൗ ഇളവ് ലഭിക്കാൻ 72 മണിക്കൂർ മുമ്പ് എയർ സുവിധ പോർട്ടലിൽ അപേക്ഷിക്കണമെന്നാണ് വ്യവസ്ഥ. ഇൗ അപേക്ഷ ബന്ധപ്പെട്ട സംസ്ഥാന സർക്കാറിന് കൈമാറി അവരുടെ അനുമതി ലഭിച്ചാൽ മാത്രമേ യാത്രക്ക് അനുവദിക്കൂ. ഇതിന് മൂന്നു ദിവസം വരെ എടുക്കാം. ഇതനുസരിച്ച്, കുടുംബത്തിൽ മരണമുണ്ടായാൽ മൂന്നു ദിവസം കഴിഞ്ഞ് മാത്രമേ ഒരാൾക്ക് നാട്ടിലേക്കു പോകാൻ കഴിയൂ. അതിലും നല്ലത് കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റിവ് സർട്ടിഫിക്കറ്റുമായി പോകുന്നതാണെന്ന് പ്രവാസികൾ പറയുന്നു.
പിതാവിെൻറ മരണത്തെത്തുടർന്ന് ചൊവ്വാഴ്ച നാട്ടിലേക്കു പുറപ്പെടാനൊരുങ്ങിയ തിരുവനന്തപുരം സ്വദേശിക്കും പുതിയ നിബന്ധന പ്രയാസം സൃഷ്ടിച്ചു. എയർ സുവിധയിൽ അപേക്ഷിച്ചെങ്കിലും കേരളത്തിൽനിന്നുള്ള അംഗീകാരം ലഭിക്കുന്നത് നീണ്ടുപോയി. തുടർന്ന്, പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ, പ്രവാസി ലീഗൽ സെൽ കൺട്രി ഹെഡ് സുധീർ തിരുനിലത്ത്, ബഹ്റൈൻ കേരള സോഷ്യൽ ഫോറം (ബി.കെ.എസ്.എഫ്) രക്ഷാധികാരി ബഷീർ അമ്പലായി തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ ശ്രമഫലമായാണ് അനുമതി ലഭിച്ചത്. അതിനാൽ, ഇന്നലെതന്നെ അദ്ദേഹത്തിന് നാട്ടിലേക്കു പോകാൻ കഴിഞ്ഞു.
കോവിഡ് ടെസ്റ്റ് ഒരെണ്ണമായി പരിമിതപ്പെടുത്തണം
മനാമ: നാട്ടിലെത്തുന്ന പ്രവാസികൾ തുടർച്ചയായി രണ്ടുതവണ കോവിഡ് ടെസ്റ്റ് നടത്തേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് കോഴിക്കോട് ജില്ല പ്രവാസി ഫോറം പ്രസിഡൻറ് സുധീർ തിരുനിലത്ത്, ജനറൽ സെക്രട്ടറി ജയേഷ് വി.കെ എന്നിവർ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാറിെൻറ ഏറ്റവും പുതിയ മാർഗനിർദേശങ്ങളനുസരിച്ച് ബഹ്റൈൻ ഉൾപ്പെടുന്ന ജി.സി.സി രാജ്യങ്ങളിൽനിന്ന് നാട്ടിലേക്ക് യാത്ര പുറപ്പെടുന്ന ഒരു പ്രവാസിക്ക് 72 മണിക്കൂറിനുള്ളിൽ കോവിഡ് നെഗറ്റിവ് ആണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നേടുന്നതിന് 4000 ഇന്ത്യൻ രൂപ ചെലവ് വരുന്നുണ്ട്.
ഒപ്പം ടിക്കറ്റ് നിരക്കായി 28,000 രൂപ മുതൽ നൽകണം. ഇതിന് പുറമേയാണ് നാട്ടിലെത്തിയാൽ എയർപോർട്ടിലെ പരിശോധന ഫീസ്. കോവിഡ് പ്രതിസന്ധി മൂലം ജോലി നഷ്ടപ്പെട്ടും ശമ്പളം ലഭിക്കാതെയും കഷ്ടപ്പെട്ട് എത്തുന്നവർക്ക് വിദേശത്തോ നാട്ടിലോ ഒരു ടെസ്റ്റ് മാത്രമായി പരിമിതപ്പെടുത്തണം. ചുരുങ്ങിയ ദിവസങ്ങളിലേക്ക് അവധിക്ക് വരുന്ന കോവിഡ് നെഗറ്റിവായ മറ്റു പ്രവാസികൾക്ക് ഏഴു ദിവസത്തെ നിർബന്ധിത ക്വാറൻറീൻ ഒഴിവാക്കി സ്വയംനിരീക്ഷണത്തിൽ കഴിയാനുള്ള സൗകര്യം ഏർപ്പെടുത്തണമെന്നും നിവേദനത്തിൽ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

