മികച്ച പ്രതികരണവുമായി ബഹ്‌റൈൻ നാഷണൽ വൊളന്‍റിയർ പ്ലാറ്റ്‌ഫോം; മണിക്കൂറുകൾക്കകം 20,000 കടന്നു
text_fieldsമനാമ: ആദ്യ മണിക്കൂറുകളിൽ മികച്ച പ്രതികരണവുമായി നാഷണൽ വൊളന്‍റിയർ പ്ലാറ്റ്‌ഫോം. ഇതുവരെ രജിസ്റ്റർ ചെയ്ത സന്നദ്ധപ്രവർത്തകരുടെ എണ്ണം 20,000 കടന്നു. നിലവിലെ സാഹചര്യത്തിലും പൗരന്മാരും താമസക്കാരും രാജ്യത്തിന് നൽകുന്ന ഐക്യദാർഢ്യവും ഉത്തരവാദിത്തബോധവുമാണ് ഈ മികച്ച പ്രതികരണം വ്യക്തമാക്കുന്നത്.
14,000ത്തിലധികം ബഹ്‌റൈൻ സ്വദേശികളും 5,000ത്തിലധികം പ്രവാസികളും ഇതിനകം രജിസ്റ്റർ ചെയ്തു. കൂടാതെ 500ലധികം കമ്പനികളും സ്ഥാപനങ്ങളും കാമ്പയിന്‍റെ ഭാഗമായിട്ടുണ്ട്. ആരോഗ്യം, എൻജിനീയറിങ്, ലോജിസ്റ്റിക്സ്, അഡ്മിനിസ്ട്രേഷൻ, മോണിറ്ററിങ് തുടങ്ങി വിവിധ സ്പെഷ്യലൈസ്ഡ് മേഖലകളിൽ സേവനത്തിന് അവസരമുണ്ട്.
നിലവിലെ സാഹചര്യത്തിൽ ജുഫൈർ, ഹൂറ, ഗുദൈബിയ എന്നിവിടങ്ങളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചവർക്കായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ 13 അഭയകേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ഏകദേശം 2,600 പേരാണ് നിലവിൽ ഈ കേന്ദ്രങ്ങളിൽ കഴിയുന്നത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ സഹകരണത്തോടെ അതത് ഗവർണറേറ്റുകളാണ് ഈ കേന്ദ്രങ്ങളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നത്.
ഹമദ് രാജാവിന്‍റെ നേതൃത്വത്തിലും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദ്ദേശാനുസരണവും സന്നദ്ധസേവനത്തെ രാജ്യത്തിന്‍റെ സുസ്ഥിര വികസനത്തിന്‍റെ തൂണായി ശക്തിപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സ്വകാര്യ മേഖലയിൽ നിന്ന് ലോജിസ്റ്റിക്സ്, സാങ്കേതിക സഹായം, ആരോഗ്യ സേവനങ്ങൾ തുടങ്ങിയവയും കാമ്പയിന് ലഭിക്കുന്നുണ്ട്. സന്നദ്ധപ്രവർത്തനത്തിൽ പങ്കാളികളാകാൻ താല്പര്യമുള്ളവർക്ക് https://www.volunteer.gov.bh എന്ന വെബ്സൈറ്റ് വഴി ഇപ്പോഴും രജിസ്റ്റർ ചെയ്യാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

