ദേശീയ ഹരിതവത്കരണ പദ്ധതി; വാർഷിക ലക്ഷ്യം മറികടന്നു
text_fieldsദേശീയ ഹരിതവത്കരണ പദ്ധതിപ്രകാരം 1,91,000ാമത്തെ വൃക്ഷത്തൈ മനാമ മുനിസിപ്പാലിറ്റിയിൽ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ നടുന്നു
മനാമ: ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശാനുസരണം നടപ്പാക്കുന്ന ദേശീയ ഹരിതവത്കരണ പദ്ധതി 2025ലെ ലക്ഷ്യം വിജയകരമായി പൂർത്തിയാക്കി. പദ്ധതിയുടെ ഭാഗമായി ഈ വർഷം നിശ്ചയിച്ചിരുന്ന 1,91,000ാമത്തെ വൃക്ഷത്തൈ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ മനാമ മുനിസിപ്പാലിറ്റിയിൽ നട്ടു.
തുടർച്ചയായ മൂന്നാം വർഷമാണ് രാജ്യം വാർഷിക ഹരിതവത്കരണ ലക്ഷ്യം കൃത്യസമയത്ത് കൈവരിക്കുന്നതെന്ന് മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രി വാഇൽ ബിൻ നാസർ ആൽ മുബാറക് പറഞ്ഞു.
പരിസ്ഥിതി സംരക്ഷണത്തിലും സുസ്ഥിര വികസനത്തിലും രാജ്യം പുലർത്തുന്ന പ്രതിബദ്ധതയുടെ തെളിവാണ് ഈ നേട്ടമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
2035ഓടെ 36 ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്ക് രാജ്യം അതിവേഗം അടുക്കുകയാണ്.
ഇതുവരെ 24 ലക്ഷം മരങ്ങൾ നട്ടുകഴിഞ്ഞു. കണ്ടൽമരങ്ങൾ നട്ടുപിടിപ്പിക്കുന്ന കാര്യത്തിൽ പ്രതീക്ഷിച്ചതിലും വലിയ മുന്നേറ്റമാണ് കൈവരിച്ചത്. 2035ൽ ലക്ഷ്യമിട്ടിരുന്ന 16 ലക്ഷം മരങ്ങൾക്ക് പകരം ഇതിനകംതന്നെ 22 ലക്ഷം കണ്ടൽതൈകൾ നട്ടുപിടിപ്പിച്ചു.
പരിസ്ഥിതി സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതിനും കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങൾക്ക് വലിയ ഊർജം പകരുന്നതാണ് ഈ പുതിയ നേട്ടം. മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

