നാഷനൽ ജീനോം സെന്റർ ശക്തിപ്പെടുത്തും
text_fieldsമനാമ: രോഗരഹിതമായ തലമുറയെ സൃഷ്ടിക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനായി നാഷനൽ ജീനോം സെന്ററിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ആരോഗ്യ വകുപ്പിന്റെ നിർദേശം. ആരോഗ്യ മേഖലയിലെ നവീനമായ സങ്കേതങ്ങളും ശാസ്ത്രീയ കണ്ടുപിടിത്തങ്ങളും ഉപയോഗിച്ച് രാജ്യത്തെ ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ജനിതക രോഗങ്ങൾ തടയുന്നതിനുമായുള്ള ഗവേഷണങ്ങൾ ലക്ഷ്യമിട്ടാണ് നാഷനൽ ജീനോം സെന്റർ സ്ഥാപിച്ചത്.
ജീൻ സാമ്പിളുകൾ ശേഖരിക്കുകയും അത് വിശകലനം ചെയ്യുകയും ചെയ്യുന്നതുവഴി രോഗകാരികളായ ജീനുകളെ വ്യവച്ഛേദിച്ച് മനസ്സിലാക്കാനും പഠിക്കാനുമുള്ള അവസരമാണ് ശാസ്ത്രസമൂഹത്തിന് കൈവന്നത്. ജനിതക വിശകലനത്തിനായി പ്രത്യേക കേന്ദ്രം സ്ഥാപിക്കാനുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം അതുകൊണ്ടുതന്നെ വ്യാപകമായി പ്രശംസിക്കപ്പെട്ടിരുന്നു. ബഹ്റൈനിലെ ജനങ്ങളുടെ ഡി.എൻ.എയുടെ ഡേറ്റാബേസ് കേന്ദ്രത്തിൽ ശേഖരിക്കും. അത് രോഗം നേരത്തെ കണ്ടെത്തുന്നതിന് ഏറെ സഹായകരമാണ്. ജനിതക രോഗസാധ്യതകൾ മൂൻകൂട്ടി അറിയാനും അത് തടയാനും വൈദ്യസമൂഹത്തിന് നാഷനൽ ജീനോം സെന്ററിന്റെ സഹായത്തോടെ കഴിയും. ജനിതക രോഗങ്ങൾ തടയുന്നതിനും അവയുടെ ചികിത്സക്കുമുള്ള ഫലപ്രദമായ മരുന്നുകൾ വികസിപ്പിക്കുന്നതിനും ഇത് സഹായിക്കും.
മനുഷ്യശരീരവുമായി ബന്ധപ്പെട്ട മുഴുവൻ ജനിതക വിവരങ്ങളും ജീനുകളിലാണ് അടങ്ങിയിരിക്കുന്നത്. ജീനുകളുടെ വിശകലനം വഴി വ്യക്തിയുടെ ജനിതക ഘടനക്ക് അനുയോജ്യമായ രോഗനിർണയ രീതികളും മരുന്നുകളും വികസിപ്പിക്കാനും സാധിക്കും. ഓരോ വ്യക്തിയുടെയും ജനിതക സവിശേഷതയനുസരിച്ചുള്ള ‘വ്യക്തിഗത മരുന്ന്’ വികസിപ്പിച്ചെടുക്കുകയും സെന്ററിന്റെ ലക്ഷ്യമാണ്.
ഈ മേഖലയിലെ ഗവേഷണങ്ങളെ സഹായിക്കുന്നതിനായി ആരോഗ്യ മന്ത്രാലയത്തിന്റെ ഭാഗമായ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ബയോ ബാങ്ക് സ്ഥാപിച്ചിട്ടുണ്ട്. ഡി.എൻ.എയും ജൈവ സാമ്പിളുകളും ശേഖരിച്ച് സൂക്ഷിക്കാനായി സജ്ജീകരിച്ചിട്ടുള്ളതാണ് ബയോ ബാങ്ക്. കായിക താരങ്ങളുടെ ജീനുകൾ ശേഖരിച്ചുപഠിക്കുന്നത് കായികവികസനത്തിൽ ഒരു നാഴികക്കല്ലാകുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ ദിവസം നാഷനൽ ജീനോം സെന്റർ സന്ദർശിച്ച,
സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് (എസ്.സി.വൈ.എസ്) ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്പോർട്സ് അതോറിറ്റി (ജി.എസ്.എ) ചെയർമാനും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) പ്രസിഡന്റുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ, കായികതാരങ്ങളുടെയും മുൻചാമ്പ്യന്മാരുടെയും ജനിതക ഘടന പഠിക്കാനുള്ള സൗകര്യം സെന്ററിന് ലഭ്യമാക്കാൻ നിർദേശിച്ചിരുന്നു. കായികപ്രതിഭകളുടെ ജീൻ പഠനത്തിലൂടെ ഭാവിയിൽ കായികരംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്ന ശുഭ പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
ശൈഖ് ഖാലിദിന്റെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ, ജനറൽ സ്പോർട്സ് അതോറിറ്റി ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഡോ. അബ്ദുൽറഹ്മാൻ സാദിഖ് അസ്കർ, ദേശീയ ജീനോം പ്ലാൻ നടപ്പാക്കുന്നതിനുള്ള ദേശീയ ടീമിന്റെ തലവനും ആരോഗ്യ മന്ത്രാലയത്തിലെ പബ്ലിക്ക് ഹെൽത്ത് ലബോറട്ടറി മേധാവിയുമായ അംജദ് ഗാനിമുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ദേശീയ ജീനോം പ്രോജക്ടിൽ കായിക ക്ലബുകൾ, ഫെഡറേഷനുകൾ തുടങ്ങിയ വിവിധ കായിക സ്ഥാപനങ്ങളെ ഉൾപ്പെടുത്തി സംയുക്ത പ്രവർത്തനം നടത്തുന്നതിനെപ്പറ്റിയും അവർ ചർച്ച ചെയ്തു. ഇതിനായി വിവിധ തലങ്ങളിൽ യോഗങ്ങൾ ചേരും. ആരോഗ്യ മേഖലയുടെ വികസനത്തിൽ ജനിതക പഠനങ്ങൾക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്നും ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ സെൻറർ സന്ദർശനവേളയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ചില പ്രത്യേക രോഗങ്ങൾ രാജ്യത്തെ ജനങ്ങളെ പെട്ടെന്ന് പിടികൂടുന്നതായി ശ്രദ്ധയിൽപെട്ടിരുന്നു. ജനിതക പഠനത്തിലൂടെ ഈ സാധ്യത ഒഴിവാക്കാനാകുമോ എന്ന കാര്യവും സെന്ററിലെ ഗവേഷകർ പരിശോധിക്കുന്നുണ്ട്. രോഗമുക്തമായ ജീവിതാന്തരീക്ഷം സൃഷ്ടിക്കാനും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനുമുള്ള രാജ്യത്തിന്റെ ലക്ഷ്യങ്ങൾക്കനുസൃതമായാണ് സെന്ററിന്റെ പ്രവർത്തനമെന്നും ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

